Deshabhimani

print edition ഇവർക്കായി കയ്യടിക്കാം

games

സംസ്ഥാന കായികമേളയുടെ മാർച്ച് പാസ്റ്റിൽ അണിനിരന്ന 
ഇൻക്ലൂസീവ് താരങ്ങൾ /ഫോട്ടോ: വി കെ അഭിജിത്‌

avatar
നെബിൻ കെ ആസാദ്‌

Published on Oct 26, 2026, 01:30 AM | 1 min read

കോഴിക്കോട് : കൈയടികൾക്കും ആരവങ്ങൾക്കും നടുവിലൂടെ അവർ വിജയവരയിലേക്ക് പാഞ്ഞെത്തും. ചേർത്തു നിർത്തലുകൾ കരുത്താക്കി കുതിച്ചു ചാടും. പന്ത് തട്ടിയും അടിച്ചകറ്റിയും ‘ഞങ്ങൾക്ക് എല്ലാം സാധ്യമാണെ’ന്നു ലോകത്തോട് വിളിച്ചു പറയും. സംസ്ഥാന സ്‌കൂൾ കായികമേള ഇൻക്ലൂസിവ് മത്സരങ്ങൾ ഇന്ന് നടക്കും. ആകെ 1,958 കുട്ടികൾ പങ്കെടുക്കും.


അത്‌ലറ്റിക്‌സിൽ 474 പേരും ഗെയിംസിൽ 1,474 പേരുമാണ് മാറ്റുരയ്‌ക്കുക. 14 വയസ്സിൽ മുകളിൽ, താഴെ വിഭാഗങ്ങളിൽ ആയാണ് മത്സരം. 2024ൽ കൊച്ചിയിൽ നടന്ന ഒളിമ്പിക്സ് മാതൃകയിലുള്ള പ്രഥമ സ്കൂൾ കായിക മേളയിലാണ് ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടുത്തി കേരളം മാതൃക തീർത്തത്‌. രാജ്യത്ത് ആദ്യമായി ഒരു സ്കൂൾ കായികമേളയിൽ സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർഥികളെയും ഉൾപ്പെടുത്തിയതോടെ അന്നത്തെ എൽഡിഎഫ് സർക്കാർ ലോകത്തിന്‌ മഹത്തായൊരു സന്ദേശം പകർന്നു. ഭിന്നശേഷി കുട്ടികൾ എല്ലാവരെയും പോലെ ഓടുകയും ചാടുകയും ഫുട്ബോൾ കളിക്കുന്നതും കണ്ട് കേരളം കൈയടിച്ചു. വിജയത്തിനും ട്രോഫിക്കും അപ്പുറം എല്ലാവരെയും ചേർത്തു നിർത്തുക എന്നതായിരുന്നു ലക്ഷ്യം.


‘മെഡലുമായി ചെല്ലുമ്പോൾ വീട്ടുകാർക്കും നാട്ടിലുള്ളവർക്കുമെല്ലാം വലിയ സന്തോഷമാകും. വലിയ ഗ്രൗണ്ടിൽ കളിക്കാനൊക്കെ ഞങ്ങൾക്കും പറ്റുമല്ലോ'- ഇൻക്ലൂസീവ് സ്പോർട്സ് ക്രിക്കറ്റ്‌ മത്സരത്തിൽ ഗ്രൗണ്ടിൽ ഇറങ്ങുന്നതിന്റെ ആവേശത്തിലാണ് കോട്ടയം ബ്രഹ്മമംഗലം വിഎച്ച്എച്ച്എസിലെ അർഫാൻ ഷംനാസ്.


അത്‌ലറ്റിക്‌സിൽ 4x100 മീറ്റർ മിക്‌സഡ് റിലേ, സ്‌റ്റാൻഡിങ് ലോങ് ജമ്പ്, സ്‌റ്റാൻഡിങ് ത്രോ, 100 മീ. ഓട്ടം ഇനങ്ങളിലാണ് കുട്ടികൾ മത്സരിക്കുക. 100 മീറ്റർ ഓട്ടം കാഴ്‌ച പരിമിതിയുള്ള കുട്ടികൾക്ക്‌ മാത്രമാണ്‌. ഗൈഡ്‌ റണ്ണർ ഉണ്ടാകും. ഗെയിംസിൽ ഫുട്ബോൾ, ക്രിക്കറ്റ്‌, ഹാൻഡ് ബോൾ, ബോച്ചേ, ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home