print edition കണ്ണിൽ, കാലിൽ കനലാണ്

കോഴിക്കോട് എൻഐടി സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഇൻക്ല്യൂസീവ് ഫുട്ബോളിൽ കൊല്ലവും തൃശ്ശൂരും ഏറ്റുമുട്ടിയപ്പോൾ / ഫോട്ടോ: കെ എസ് ആനന്ദ്

ബിജോ ടോമി
Published on Oct 27, 2026, 04:26 AM | 2 min read
കോഴിക്കോട്: പൊള്ളുന്ന ചൂടിലും തണൽപറ്റി മാറി നിൽക്കാൻ അവർ ഒരുക്കമല്ലായിരുന്നു. ജയിക്കണമെന്ന കനൽ ഉള്ളിൽ ജ്വലിച്ചു. വാശിയോടെ ഓടി. പരമാവധി ശക്തിയിൽ ചാടി. മൈതാനത്ത് ഒരിഞ്ചു വിട്ടുകൊടുക്കാതെ പോരാടി. ഫുട്‌ബോളിലും ക്രിക്കറ്റിലും ബാഡ്‌മിന്റണിലുമെല്ലാം വിസ്‌മയ പ്രകടനങ്ങൾ തീർത്തു. വിജയവും പരാജയവും മാറ്റിവച്ച് കൂട്ടുകാരെ ചേർത്തു പിടിച്ചും ആർപ്പു വിളിച്ചും പ്രോത്‌സാഹിപ്പിച്ചു. അവർക്ക് പരിമിതികളില്ലായിരുന്നു. സവിശേഷ താരങ്ങളുടെ മിന്നും പ്രകടനത്തെ കോഴിക്കോട് നിറഞ്ഞ സന്തോഷത്തോടെ നെഞ്ചേറ്റി. സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ ഇൻക്ലൂസീവ് സ്‌പോർട്‌സ് പൊൻതാരങ്ങളുടെ ഉയിർപ്പിന്റെ വേദിയായി.
വീറും വാശിയും മത്സര നിമിഷത്തിൽ മാത്രമായിരുന്നു. ബാക്കി മുഴുവൻ സമയവും അവർ പൂമ്പാറ്റകളെ പോലെ പറന്നു നടന്നു. പുതിയ കൂട്ടുകാരെ പരിചയപ്പെട്ടു. മത്സരശേഷം വളഞ്ഞ മാധ്യമങ്ങളോട് ഡോക്‌ടറാകണം, സ്‌പേസിൽ പോകണം, ടീച്ചറാകണം തുടങ്ങി ഒരുപാട് സ്വപ്‌നങ്ങൾ പങ്കുവച്ചു. മക്കൾ സാധാരണകുട്ടികളെ പോലെ കളിക്കുകയും മത്സരിക്കുകയും ചെയ്യുന്നത് കണ്ട് രക്ഷിതാക്കൾ അഭിമാനം കൊണ്ടു. കുഞ്ഞുങ്ങളുടെ പ്രയാസങ്ങളെ വകവയ്‌ക്കാതെ നട്ടുച്ചക്ക് മത്സരം നടത്തിയും ഭക്ഷണത്തിന് കൃത്യമായ സംവിധാനം ഒരുക്കാതെയും സംഘാടകർ വലച്ചപ്പോഴും അവർക്ക് പരാതി ഉണ്ടായില്ല. തളർന്നു വീഴുമെന്നായിട്ടും നിഷ്‌കളങ്കമായി ചിരിച്ചു.
ആകെ 1,958 കുട്ടികൾ പങ്കെടുത്തു.14 വയസ്സിൽ മുകളിൽ, താഴെ വിഭാഗങ്ങളിൽ ആയിരുന്നു മത്സരം. അത്‌ലറ്റിക്‌സിൽ മിക്‌സഡ് റിലേ 4x100 മീറ്റർ, മിക്‌സഡ് സ്റ്റാൻഡിങ് ലോങ് ജമ്പ്, മിക്‌സഡ് സ്റ്റാൻഡിങ് ത്രോ, 100 മീറ്റർ ഓട്ടം ഇനങ്ങളിലാണ് കുട്ടികൾ മത്സരിച്ചത്. 100 മീറ്റർ കാഴ്‌ച പരിമിതിയുള്ള കുട്ടികൾക്ക് മാത്രമായിരുന്നു. ഗൈഡ് റണ്ണർ ഒപ്പമുണ്ടെന്ന വിശ്വാസത്തിൽ ഇരുട്ടിനെ കീറിമുറിച്ച് അവർ വേഗവര കടക്കുന്ന കാഴ്‌ച ആവേശത്തിന്റേതായി. ഒന്നാതെത്തിയവരെ മാത്രമല്ല, മത്സരിച്ച മുഴുവൻ കുട്ടികളെയും എല്ലാവരും ചേർത്തുപിടിച്ചു. ഇവിടെ എല്ലാവരും വിജയികളാണ്.
പ്രധാന വേദിയായ എൻഐടി ക്യാമ്പസ് സ്‌റ്റേഡിയത്തിൽ ആയിരുന്നു അത്‌ലറ്റിക്‌സും ഫുട്‌ബോളും നടന്നത്. എണ്ണംപറഞ്ഞ ഗോളുകളും സേവുകളും പന്തടക്കവുമെല്ലാം കൊണ്ട് താരങ്ങൾ മൈതാനം ത്രസിപ്പിച്ചു. ഗെയിംസിൽ ഫുട്ബോൾ, ക്രിക്കറ്റ്, ഹാൻഡ് ബോൾ, ബോച്ചേ, ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ നടന്നു.
2024 മുതലാണ് സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഭിന്നശേഷി കുട്ടികൾക്കായി ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടുത്തിയത്.









0 comments