print edition സംസ്ഥാന ക്ലബ്ബ് അത്‌ലറ്റിക്‌സ്; എം എ കോളേജും അസംപ്‌ഷനും ഒപ്പത്തിനൊപ്പം

കൊല്ലത്ത് നടക്കുന്ന സംസ്ഥാന അന്തർജില്ലാ ക്ലബ്ബ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ് അണ്ടർ 20 പെൺകുട്ടികളുടെ ലോങ് ജന്പിൽ എറണാകുളത്തിന്റെ ഷെഹല ഷാൻ സ്വർണത്തിലേക്ക് (ഇടത്), ആൺകുട്ടികളുടെ 4 x 100 റിലേയിൽ സ്വർണം നേടിയ കോട്ടയത്തിന്റെ പ്രണവ് സനീഷ്, എസ് സംഗീത്, ആകാശ് ഹിരൺ, അഭിരാം കെ ബിനു (വലത്) | ഫോട്ടോ: എം എസ് ശ്രീധർലാൽ
കൊല്ലം: എം കെ ജോസഫ്-് സ്‌മാരക സംസ്ഥാന അന്തർജില്ലാ ക്ലബ്ബ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കോട്ടയം ചങ്ങനാശേരി അസംപ്‌ഷൻ കോളേജ് കുതിപ്പ് തുടങ്ങി. ഒമ്പത് സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമടക്കം 107.33 പോയിന്റാണുള്ളത്.
എറണാകുളം കോതമംഗലത്തെ എം എ കോളേജ് ആറ് സ്വർണത്തോടെ 105.5 പോയിന്റുമായി തൊട്ടടുത്തുണ്ട്. തിരുവനന്തപുരം ജി വി രാജയും(55) കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജും(54) മൂന്നും നാലും സ്ഥാനത്താണ്. ലാൽ ബഹദൂർ ശാസ്‌ത്രി സ്‌റ്റേഡിയത്തിൽ മീറ്റ് നാളെ അവസാനിക്കും.
അണ്ടർ 20 വനിതകളിൽ മലപ്പുറം ആലത്തിയൂർ സ്‌കൂളിലെ എം റിധ ഇരട്ടസ്വർണം നേടി. ഹാമർത്രോയിൽ 44.07 മീറ്ററും ഷോട്ട്‌പുട്ടിൽ 8.87 മീറ്ററും എറിഞ്ഞാണ് നേട്ടം. 1500 മീറ്റർ ഓട്ടത്തിൽ അസംപ്‌ഷൻ കോളേജിലെ ഡി ദീനു അലക്‌സ് ഒന്നാമതെത്തി.
ലോങ്ജമ്പിൽ എം എ കോളേജിലെ കെ എസ് ഷെഹല ഷാനും ഹൈജമ്പിൽ അസംപ്‌ഷനിലെ കെ എസ് അവന്തികയും സ്വർണം കരസ്ഥമാക്കി. പോൾവോൾട്ടിൽ ആൻ മരിയ ബെന്നിക്കാണ് ഒന്നാംസ്ഥാനം. 3000 മീറ്റർ സ്‌റ്റീപ്പിൾചേസിൽ ഗോപികാ ഗോപിക്കാണ് സ്വർണം. 4x400 മീറ്റർ, 4x100 മീറ്റർ റിലേകളിൽ അസംപ്‌ഷൻ കോളേജിന് എതിരില്ല.
പുരുഷന്മാരുടെ100 മീറ്റർ ജയിച്ച് തൃശൂർ സെന്റ്‌തോമസ് കോളേജിലെ ബി മുഹമ്മദ് മൊയ്‌തീൻ വേഗക്കാരനായി. 1500 മീറ്റർ ഓട്ടത്തിൽ മലപ്പുറം അരീക്കോട് എസ്‌എസ് കോളേജിലെ കെ സി മുഹമ്മദ് ജസീൽ ഒന്നാമതെത്തി. ലോങ്ജന്പിൽ എം എ കോളേജിലെ കെ ജി അലൻ സ്വർണം നേടി.
അണ്ടർ 18 ആൺകുട്ടികളുടെ ലോങ്ജമ്പിൽ പാലക്കാട് ചിറ്റൂർ യങ്സ്‌റ്റേഴ്‌സ് ക്ലബ്ബിലെ എസ് അഖിലേഷ് ഒന്നാംസ്ഥാനത്തെത്തി. ഹൈജമ്പിൽ ഇടുക്കി ഹൈറേഞ്ച് സ്‌പോർട്‌സ് അക്കാദമിയിലെ എസ് കേദാർനാഥിനാണ് സ്വർണം. പെൺകുട്ടികളുടെ ലോങ്ജന്പിൽ തൃശൂർ നാട്ടിക സ്‌കൂളിലെ വി എം അശ്വതിയും ഹൈജമ്പിൽ സി പി അസ്‌മികയും സ്വർണം സ്വന്തമാക്കി.
അണ്ടർ 16 പെൺകുട്ടികളുടെ ലോങ്ജന്പിൽ പാലക്കാട് കോട്ടായി ജിഎച്ച്‌എസ്‌എസിലെ കെ ജെ ജിൻഷക്കാണ് സ്വർണം.










0 comments