സ്‌കൂൾ ഒളിമ്പിക്‌സിന് ആത്മവിശ്വാസം നൽകിയത് കഴിഞ്ഞവർഷത്തെ വിജയം
വിജയത്തിന്റെ കൊച്ചിമാതൃക


ഡി കെ അഭിജിത്
Published on Oct 15, 2025, 01:13 AM | 1 min read
കൊച്ചി
ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ രണ്ടാം പതിപ്പിന് തിരുവനന്തപുരത്ത് കൊടിയുയരുമ്പോൾ സംഘാടകർക്ക് ആത്മവിശ്വാസമേകുന്നത് കൊച്ചിയിലെ വിജയമോഡൽ. ആക്ഷേപങ്ങൾക്കും കുറവുകൾക്കും ഇടംകൊടുക്കാതെ ക്ലീൻ ഫിനിഷായിരുന്നു കഴിഞ്ഞവർഷത്തെ പ്രഥമ സ്‌കൂൾ ഒളിമ്പിക്‌സ് സംഘാടനം.
സവിശേഷ പരിഗണന അർഹിക്കുന്ന 1800 കുട്ടികളെ പങ്കെടുപ്പിച്ച് ഇൻക്ലൂസീവ് സ്‌പോർട്സ് രാജ്യത്ത് ആദ്യമായി നടത്തിയത് മേളയുടെ പ്രത്യേകതയായിരുന്നു. ആ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനുള്ള വലിയൊരു ശ്രമത്തിന്റെ തുടക്കമായിരുന്നു അത്. ഗൾഫ് രാജ്യങ്ങളിലെ എട്ട് സ്‌കൂളുകളിൽനിന്നുള്ള 50 കുട്ടികളും ആദ്യമായി സംസ്ഥാന കായികമേളയിൽ മത്സരിക്കാനെത്തി. നല്ല അനുഭവം സമ്മാനിച്ച മേളയിൽ പങ്കെടുക്കാൻ ഇക്കുറിയും കടൽ കടന്ന് അവരെത്തും. എറണാകുളത്തെ പുതിയ സിന്തറ്റിക് ട്രാക്ക് അടക്കം 17 വേദികളിലായിരുന്നു മത്സരങ്ങൾ. നീന്തലും ഗെയിംസ് ഇനങ്ങളും അത്‌ലറ്റിക്‌സും ഒരുമിച്ച് ഒരു നഗരത്തിലെത്തിയ ആദ്യ മേള. നീന്തലിലും ഗെയിംസ് ഇനങ്ങളിലും സമഗ്രാധിപത്യവുമായി ഓവറോൾ കിരീടം നേടിയത് തിരുവനന്തപുരമാണ്. എറണാകുളവും കോട്ടയവും പാലക്കാടും കൈയടക്കിയിരുന്ന അത്‌ലറ്റിക്‌സ് ഭൂപടത്തിൽ മലപ്പുറം ജില്ലയുടെ കുതിപ്പ് കണ്ടു.
മത്സരയിടങ്ങളിൽമാത്രമായിരുന്നില്ല ഇടപെടലിന്റെ മികവ്. കുട്ടികൾക്ക് ഭക്ഷണം, താമസസൗകര്യം, യാത്രാസംവിധാനം എന്നിവ ഒരുക്കുന്നതിനും മാതൃകാപരമായ പ്രവർത്തനം നടന്നു.
കായികരംഗത്ത് സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റെ ആകെത്തുകയായിരുന്നു കഴിഞ്ഞ മേളയുടെ വിജയം. എറണാകുളത്തെ പുതിയ സിന്തറ്റിക് ട്രാക്ക് ദേശീയതലത്തിൽ മുന്നേറാനുറച്ച താരങ്ങൾക്ക് നൽകിയ അനുഭവം ചെറുതല്ല. മേളയ്‌ക്കെത്തിയവർക്ക് മത്സരത്തിലൊഴികെ മറ്റൊന്നിലും ശ്രദ്ധിക്കേണ്ടിവന്നില്ല.
വിവാദങ്ങളും വീഴ്‌ചകളും ഭൂതക്കണ്ണാടിയിലൂടെ പകർത്താനെത്തിയവർ നിരാശരായി. തിരുവനന്തപുരത്തും മികച്ച മേളാനുഭവമായിരിക്കുമെന്നത് താരങ്ങളുടെ ഉറച്ച വിശ്വാസമാണ്.










0 comments