ad
Deshabhimani

print edition ട്രാക്കിലായി 
വീണ്ടും കേരളം ; ദേശീയ സ്‌കൂൾ മീറ്റ്‌ മൂന്ന്‌ പ്രായ വിഭാഗങ്ങളിലും ജേതാക്കൾ

kerala in track

ഹരിയാനയിലെ ഭിവാനിയിൽ നടന്ന ദേശീയ സീനിയർ സ്--കൂൾ അത്ലറ്റിക്--സിൽ 
ചാമ്പ്യൻമാരായ കേരള ടീമിന്റെ ആഹ്ലാദം (ഫയൽ)

avatar
പ്രദീപ്‌ ഗോപാൽ

Published on Dec 24, 2025, 01:25 AM | 2 min read


കോഴിക്കോട്‌

അത്‌ലറ്റിക്‌സിൽ കേരളത്തിന്‌ വീണ്ടെടുപ്പ്‌ കാലം. സംസ്ഥാന സ്‌കൂൾ ഒളിന്പിക്‌സ്‌ അത്‌ലറ്റിക്‌സിലെ മിന്നുന്ന നേട്ടങ്ങൾ ദേശീയ കായികമേളയിലും ആവർത്തിക്കാനായി. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ മീറ്റ്‌ മൂന്നായി വിഭജിച്ചശേഷം ആദ്യമായി കേരളം ഓവറോൾ ചാന്പ്യൻമാരായി. അതിൽ സബ്‌ജൂനിയർ തലത്തിൽ ആദ്യമായാണ്‌ നേട്ടം. ഉത്തരേന്ത്യയിലെ കടുത്ത തണുപ്പിനെ അവഗണിച്ചായിരുന്നു കുതിപ്പ്‌. കഴിഞ്ഞകാല തിരിച്ചടികളിൽ പാഠമുൾക്കൊണ്ട്‌ ഇറങ്ങിയ കേരളം സമസ്‌ത മേഖലകളിലും ആധിപത്യം തിരിച്ചുപിടിച്ചു.


മൂന്ന്‌ വേദികളിലായി നടന്ന അണ്ടർ 19, അണ്ടർ 17,‍ അണ്ടർ 14 വിഭാഗം ചാമ്പ്യൻഷിപ്പുകളിൽ ഒന്നാമതെത്തി. സ്‌പ്രിന്റ്‌ ഇനങ്ങളിലെ പ്രകടനങ്ങളാണ്‌ എടുത്തുപറയേണ്ടത്‌. റിലേകളിൽ സന്പൂർണാധിപത്യം നേടി. ഹർഡിൽസിലും നേട്ടമുണ്ടാക്കി. അപ്പോഴും ജമ്പ്‌ ഇനങ്ങളിൽ പിന്നിലായതാണ്‌ ആശങ്ക.


ഹരിയാനയിലെ ഭിവാനിയിൽ നടന്ന സീനിയർ വിഭാഗത്തിൽ(അണ്ടർ 19) 67 പോയിന്റുമായാണ്‌ ഒന്നാമതെത്തിയത്‌. എട്ട്‌ സ്വർണവും മൂന്ന്‌ വെള്ളിയും ആറ്‌ വെങ്കലവും. ആകെ നേടിയ 67 പോയിന്റിൽ 45ഉം ആൺകുട്ടികളുടെ വിഭാഗത്തിലെന്നതാണ്‌ ശ്രദ്ധേയം. സീനിയറിൽ ഹാട്രിക്‌ കിരീടമാണ്‌. മോശം കാലാവസ്ഥയെ അതിജീവിച്ച കുട്ടികൾ ആതിഥേയരായ ഹരിയാനയെയും മഹാരാഷ്‌ട്രയെയും കടുത്ത പോരിൽ മറികടക്കുകയായിരുന്നു.


ലഖ്‌ന‍ൗവിൽ നടന്ന ജൂനിയർ മീറ്റിൽ (അണ്ടർ 17) 52 പോയിന്റോടെയാണ്‌ ഒന്നാമതെത്തിയത്‌. നാല്‌ സ്വർണവും രണ്ട്‌ വെള്ളിയും ഏഴ്‌ വെങ്കലവും നേടി. റിലേയിലെ ആധിപത്യം കിരീടത്തിലേക്ക്‌ വഴിയൊരുക്കി. നാല്‌ റിലേയിലും ചാന്പ്യൻമാരായി.


ഇൻഡോറിൽ നടന്ന സബ്‌ജൂനിയർ മീറ്റിൽ(അണ്ടർ 14) വന്പൻ പ്രകടനമായിരുന്നു. ഇ‍ൗ വിഭാഗത്തിൽ ആദ്യമായാണ്‌ കിരീടം. നാല്‌ സ്വർണവും മൂന്ന്‌ വെള്ളിയും ഉൾപ്പെടെ 28 പോയിന്റ്‌. പെൺകുട്ടികളുടെ വിഭാഗത്തിൽ ടീം ചാന്പ്യൻഷിപ്പും നേടാനായി. പാലക്കാട്‌ ബിഇഎംഎച്ച്‌എസ്‌എസിലെ ആൻവി സുരേഷ്‌ ട്രിപ്പിൾ സ്വർണവുമായി തിളങ്ങി. ദേശീയ മീറ്റ്‌ മൂന്നായി വിഭജിച്ചശേഷം സബ്‌ജൂനിയർ വിഭാഗത്തിൽ കാര്യമായ മെഡലുകൾ ലഭിക്കാറില്ലായിരുന്നു.


കുറച്ചുകാലമായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമാണ്‌ ഇപ്പോൾ ലഭിക്കുന്നതെന്നായിരുന്ന ജി വി രാജ സ്‌പോർട്‌സ്‌ സ്‌കൂളിലെ കായികാധ്യാപകൻ കെ എസ്‌ അജിമോന്റെ പ്രതികരണം. ചിട്ടയായ പരിശീലനവും അതിനുള്ള സാഹചര്യങ്ങളും വന്നാൽ കേരളം പ്രതാപകാലം വീണ്ടെടുക്കും. സബ്‌ജൂനിയർ വിഭാഗങ്ങളിൽ നമുക്ക്‌ കുട്ടികളെ കിട്ടാറില്ലായിരുന്നു. ഇപ്പോൾ അതുമാറി. അത്‌ലറ്റിക്‌സിൽ ഏറ്റവും പ്രധാനം ഇ‍ൗ പ്രായവിഭാഗത്തിലെ പ്രകടനങ്ങളാണെന്ന്‌ അജിമോൻ പറഞ്ഞു.


സ്‌കൂളുകൾ തമ്മിലുള്ള മത്സരം ഒരുപരിധിവരെ പ്രകടനങ്ങൾ മെച്ചപ്പെടുത്താൻ കാരണമായെന്ന്‌ പരിശീലകനായ ടോമി ചെറിയാൻ പറഞ്ഞു. സ്‌പോർട്‌സ്‌ സ്‌കൂളുകളിൽ ജി വി രാജ മികച്ച മത്സരമാണ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. മലപ്പുറത്തുനിന്നുള്ള ഐഡിയൽ കടകശേരി, തിരുനാവായ നാവാമുകുന്ദ, ആലത്തിയൂർ, രായിരിമംഗലം സ്‌കൂളുകൾ ചാന്പ്യൻഷിപ്പിനായി കടുത്ത പോരാട്ടമാണ്‌ നടത്തിയത്‌. വടവന്നൂരും മുണ്ടൂരും പറളിയും ഉൾപ്പെടെ പാലക്കാടൻ സ്‌കൂളുകളും സംസ്ഥാന മീറ്റിൽ സജീവമായിരുന്നു.


കുട്ടികളെ അത്‌ലറ്റിക്‌സിലേക്ക്‌ ആകർഷിക്കാനും തുടരാനും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ്‌ ആവശ്യമെന്ന്‌ പരിശീലകരും കായികാധ്യാപകരും അഭിപ്രായപ്പെടുന്നു. 2016ലാണ്‌ കേരളം അവസാനമായി ദേശീയ മീറ്റിൽ ഓവറോൾ ജേതാക്കളായത്‌. അന്ന്‌ മൂന്ന്‌ വിഭാഗങ്ങളും ഒരുമിച്ചായിരുന്നു നടത്തിയിരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home