ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ ഹാട്രിക് കിരീടം
print edition കേരളത്തിന്റെ തിരിച്ചുവരവ്

ആൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ കേരള ടീമിന്റെ ആഹ്ലാദം / ഫോട്ടോ: പി വി സുജിത്

AKSHAY K P
Published on Dec 02, 2025, 04:43 AM | 1 min read
ന്യൂഡൽഹി
അത്‌ലറ്റിക്‌സിൽ കേരളം തിരിച്ചുവരുന്നതിന്റെ സൂചനയാണ് ദേശീയ സ്‌കൂൾ മീറ്റിലെ കിരീടം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ മീറ്റിൽ അത്‌ലീറ്റുകൾ മികച്ച പ്രകടനം നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് ഹരിയാനയിലെ ഭിവാനിയിൽ കണ്ടത്. പ്രതികൂല സാഹചര്യത്തിലും അണ്ടർ19 ദേശീയ മീറ്റിൽ ഹാട്രിക് കിരീടം സ്വന്തമാക്കി.
എട്ട് സ്വർണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. കഴിഞ്ഞ തവണ ചാന്പ്യൻമാരായത് ആറ് വീതം സ്വർണവും വെള്ളിയും നാല് വെങ്കലവും നേടിയാണ്. ഇത്തവണ മൂന്ന് വെള്ളി കുറഞ്ഞെങ്കിലും സ്വർണവും വെങ്കലവും കൂടി. ആകെ മെഡലുകളുടെ എണ്ണത്തിലും വർധനയുണ്ട്.
എക്കാലത്തും അത്‌ലറ്റിക്‌സിൽ കേരളത്തെ നയിക്കാറ് പെൺകുട്ടികളാണ്. എന്നാൽ ഇത്തവണ കുതിപ്പിൽ നിർണായകമായത് ആൺകുട്ടികളുടെ പ്രകടനമാണ്. 67 പോയിന്റ് നേടിയാണ് ഓവറോൾ കിരീടം. ഇതിൽ 45 പോയിന്റ് ആൺകുട്ടികളുടേതാണ്. 17 മെഡലുകളിൽ ആറ് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും അവരുടെ സംഭാവനയാണ്. വർഷങ്ങൾക്കുശേഷമാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളം കപ്പുയർത്തുന്നത്. സ്‌കൂൾ അത്‌ലറ്റിക്‌സ് മീറ്റ് മൂന്ന് വിഭാഗങ്ങളായി വിഭജിച്ച ശേഷം സീനിയർ തലത്തിൽ ആൺകുട്ടികൾ നേടുന്ന ആദ്യ ചാന്പ്യൻഷിപ്പാണ്.
സംസ്ഥാന സ്‌കൂൾ മീറ്റിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ താരങ്ങൾക്കാണ് ദേശീയ തലത്തിലേക്ക് യോഗ്യത. മീറ്റിന് പുറപ്പെടുന്നതിന് മുമ്പ് 71 അംഗ ടീമിന് തൃശൂർ കുന്നംകുളം ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ സ്‌റ്റേഡിയത്തിൽ പരിശീലനം നൽകി. ആൺകുട്ടികളുടെ 4x400 മീറ്റർ റിലേ സ്വർണമാണ് കിരീടത്തിനർഹരാക്കിയത്. ഇൗ നേട്ടത്തിന് കാരണമായതും പരിശീലനക്യാമ്പാണ്.
റിലേ കൂടാതെ ഹർഡിൽസിലും സ്‌പ്രിന്റ് ഇനങ്ങളിലും മെഡൽ കൊയ്‌തു. മത്സരങ്ങൾ അടുത്തടുത്തായി വന്നതുമൂലം ചില അത്‌ലീറ്റുകൾ ഒരൊറ്റ ഇനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇൗ പിന്മാറ്റമില്ലായിരുന്നുവെങ്കിൽ ഇനിയും മെഡലുകൾ നേടിയേനെ. സ്‌പ്രിന്റ് കൂടാതെ ലോങ്‌ജന്പ്, ട്രിപ്പിൾജന്പ്, ഹൈജന്പ് ഇനങ്ങളിലും സ്വർണം നേടി.
കെ എസ് അജിമോന്റെ നേതൃത്വത്തിൽ പരിശീലകർ അടക്കം 12 അംഗ ഒഫീഷ്യലുകളും ടീമിനെ അനുഗമിച്ചു. അവരുടെ ഫലപ്രദമായ ഇടപെടലുകൾ കിരീട നേട്ടത്തിൽ നിർണായകമായി.









0 comments