ലക്ഷ്യം വെനസ്വേലയുടെ എണ്ണശേഖരം
print edition മഡുറോ രാജ്യം വിടണമെന്ന് ട്രംപ് ; വെനസ്വേലക്കെതിരായ നീക്കം ശക്തമാക്കി യുഎസ്

വാഷിങ്‌ടൺ
വെനസ്വേലയിലെ സോഷ്യലിസ്‌റ്റ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി അമേരിക്ക. നിക്കോളാസ് മഡുറോ പ്രസിഡന്റ് പദം രാജിവച്ച് രാജ്യം വിടണമെന്നാണ് അമേരിക്കയുടെ ഒടുവിലത്തെ ഭീഷണി. മഡുറോയുമായി ഫോണിൽ സംസാരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഫോൺ സംഭാഷണത്തിൽ, രാജിവച്ച് രാജ്യം വിടണമെന്നും ഭാര്യക്കും മകനുമൊപ്പം നാടുവിടാൻ സൗകര്യമൊരുക്കാമെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്. രാജ്യത്തിന്റെ പരമാധികാരത്തെ അടിയറവച്ചുള്ള ഒരു ചർച്ചയ്‌ക്കും തങ്ങൾ സന്നദ്ധരല്ലെന്ന് മഡുറോ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് കടത്ത് ആരോപിച്ച് പലതരത്തിൽ സമ്മർദം ശക്തമാക്കി ഘട്ടം ഘട്ടമായി വെനസ്വേലയിലെ സർക്കാരിനെ അട്ടിമറിക്കാനാണ് യുഎസ് നീക്കം.
വെനസ്വേലയ്‌ക്ക് ചുറ്റുമുള്ള വ്യോമമേഖല പൂർണമായും അടയ്‌ക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. വെനസ്വേലയ്ക്കു മുകളിലൂടെ പറക്കുന്നത് അപകടകരമാണെന്ന് കഴിഞ്ഞയാഴ്ച അമേരിക്കൻ വിമാനക്കമ്പനികൾക്ക് യുഎസ് ഫെഡറൽ ഏവിയേഷൻ മുന്നറിയിപ്പും നൽകി. വെനസ്വേലയിൽനിന്നുള്ള മത്സ്യബന്ധന ബോട്ടുകൾക്കുനേരെ യുഎസ് സൈന്യം വെടിയുതിർക്കുന്നതിന് പിന്നാലെയാണ് ഇത്തരം സമ്മർദങ്ങൾ. വെനസ്വേലയിൽ രഹസ്യപ്രവർത്തനത്തിന് സിഐഎയ്‌ക്ക് അനുമതി നൽകിയിട്ടുണ്ടെന്നും വേണ്ടിവന്നാൽ കരയാക്രമണത്തിന് മടിക്കില്ലെന്നും ട്രംപ് പരസ്യമായി ഭീഷണി ഉയർത്തിയിരുന്നു. വെനസ്വേല കുറ്റവാളികളെ യുഎസിലേക്ക് തുറന്നുവിടുന്നു, ലഹരിമരുന്ന് കടത്തുന്നു എന്നൊക്കെ ആരോപിച്ചാണ് യുഎസ് പടയൊരുക്കം.
ലക്ഷ്യം വെനസ്വേലയുടെ എണ്ണശേഖരം
30,300 കോടി ബാരലാണ് വെനസ്വേലയിലെ എണ്ണ ശേഖരം. എണ്ണ ഖനന–വിതരണച്ചുമതല പൊതുമേഖലാസ്ഥാപനമായ പിഡിവിഎസ്എയ്‌ക്കാണ്. അധികാരം കിട്ടിയാൽ പെട്രോളിയം മേഖലയെ സ്വകാര്യവത്‌കരിക്കുമെന്ന് മഡുറോ സർക്കാരിനെ അസ്ഥിരമാക്കാൻ മുന്നിൽ നിൽക്കുന്ന പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ പ്രഖ്യാപിച്ചിരുന്നു. മയക്കുമരുന്ന് കടത്തിന്റെ പേര് പറഞ്ഞ് മച്ചാഡോയെ മുന്നിൽ നിർത്തി മഡൂറോ സർക്കാരിനെ അട്ടിമറിക്കാനാണ് ട്രംപിന്റെ നീക്കമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ചൈന, ഇറാൻ, റഷ്യ, ക്യൂബ തുടങ്ങിയ രാജ്യങ്ങളുമായി വെനസ്വേല അടുത്ത ബന്ധം പുലർത്തുന്നതും ട്രംപിനെ പ്രകോപിപ്പിക്കുന്നു.
അതേസമയം, അമേരിക്കയും പ്രസിഡന്റ് ട്രംപും ഉയർത്തുന്ന ഭീഷണികളെ ഒറ്റക്കെട്ടായി നേരിടണമെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയോട് (ഒപെക്) ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള വെനസ്വേലയെ കൈപ്പിടിയിലാക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് മഡുറോ ഒപെകിന് അയച്ച കത്തിൽ പറഞ്ഞു. യുഎസ് നീക്കം അന്താരാഷ്‌ട്ര എണ്ണ വിപണിയെയും ഉൗർജമേഖലയെയും ദുർബലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.








0 comments