പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം
print edition ചര്‍ച്ചയില്ല , ധിക്കാരത്തോടെ കേന്ദ്രം

ന്യൂഡൽഹി
മുമ്പില്ലാത്ത വിധം ശൈത്യകാലസമ്മേളനം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ, ക്രിയാത്മകമായി പാർലമെന്റ് നടപടികൾ മുന്നോട്ടു കൊണ്ടുപോകാനും താൽപ്പര്യമില്ലെന്ന ധിക്കാര നിലപാട് ആദ്യ ദിവസം തന്നെ വ്യക്തമാക്കി. വിവാദമായ എസ്‌ഐആർ പ്രക്രിയയിൽ പ്രതിപക്ഷം മുന്നോട്ടുവച്ച അടിയന്തര ചർച്ചയെന്ന ന്യായമായ ആവശ്യം നിരാകരിച്ചാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇരുസഭകളിലും ധിക്കാരപരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ലോക്‌സഭ പൂർണമായും സ്‌തംഭിക്കുന്നതിനും രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ വാക്കൗട്ടിനും ഇതിടയാക്കി.
സമ്മേളനത്തിന് മുമ്പായി മാധ്യമങ്ങളെ കണ്ട മോദി പ്രതിപക്ഷത്തെ അവഹേളിച്ചു. നാടകം കളിക്കേണ്ടവർക്ക് അതാകാമെന്നും എന്നാൽ ഇവിടെ പ്രകടനമാണ് വേണ്ടതെന്നും മോദി പറഞ്ഞു. മുദ്രാവാക്യങ്ങളിലല്ല നയങ്ങളിലാണ് ഉൗന്നേണ്ടത്. തോൽവി കാരണമുള്ള പരിഭ്രാന്തിയാകരുത് ചർച്ചയ്‌ക്കുള്ള ആധാരം – മോദി പറഞ്ഞു. മോദിയുടെ പരിഹാസത്തെ പ്രതിപക്ഷം നിശിതമായി വിമർശിച്ചു.
എസ്‌ഐആറിന് പുറമെ ലേബർ കോഡുകൾ, ഡൽഹി സ്‌ഫോടനം, വായു മലിനീകരണം തുടങ്ങിയ വിഷയങ്ങളിലും പ്രതിപക്ഷ പാർടികൾ അടിയന്തര ചർച്ചയാവശ്യപ്പെട്ടു. എന്നാൽ സർക്കാർ പ്രതിപക്ഷ ആവശ്യം നിരാകരിച്ചു. ഇതോടെ ലോക്‌സഭ പൂർണമായും സ്‌തംഭിച്ചു. എസ്‌ഐആർ വിഷയത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും ചർച്ച അനുവദിക്കണമെന്നും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസും അടിയന്തര ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ചർച്ച ഏതുപേരിൽ വേണമെങ്കിലുമാകാം. അത് സർക്കാരിന് തീരുമാനിക്കാം. വേണമെങ്കിൽ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെ കുറിച്ചാകാം. എന്തായാലും ചർച്ചയ്‌ക്ക് തയ്യാറാകണം. സമയം നിശ്‌ചയിക്കണം – ബ്രിട്ടാസ് പറഞ്ഞു. രാജ്യസഭയിലും ചർച്ചയ്‌ക്ക് സർക്കാർ ഒരുക്കമായില്ല. പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
എക്‌സൈസ് ഭേദഗതി ബിൽ ലോക്‌സഭയിൽ
പുകയില, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്കുമേൽ എക്‌സൈസ് തീരുവ ചുമത്താൻ വഴിയൊരുക്കുന്ന എക്‌സൈസ് ഭേദഗതി ബില്ലും പാൻ മസാല ഉൽപ്പന്നങ്ങൾക്കുമേൽ പ്രത്യേക സെസ് ചുമത്തുന്ന ആരോഗ്യസുരക്ഷാ – ദേശീയസുരക്ഷാ സെസ് ബില്ലും ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ചു. പുകയില ഉൽപ്പന്നങ്ങൾക്കുമേൽ ചുമത്തുന്ന നഷ്ടപരിഹാര സെസ് ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് പകരമായി പുതിയ രണ്ട് ബില്ലുകൾ സർക്കാർ കൊണ്ടുവരുന്നത്.
എക്‌സൈസ് തീരുവ ഭേദഗതി ബിൽ പ്രകാരം പുകയില ഉൽപ്പന്നങ്ങൾക്കുമേൽ ഇഷ്ടമുള്ള എക്‌സൈസ് തീരുവ കേന്ദ്രത്തിന് ചുമത്താം.
ആരോഗ്യസുരക്ഷ– ദേശീയസുരക്ഷ സെസ് ബില്ലിൽ പാൻമസാല നിർമാണത്തിന് ആവശ്യമായ യന്ത്രങ്ങൾക്കും വിവിധ നിർമാണപ്രക്രിയക്കും മേലാണ് സെസ് ചുമത്തുന്നത്. സെസിലൂടെയുള്ള വരുമാനം ആരോഗ്യസുരക്ഷാ ചെലവുകൾക്കും പ്രതിരോധ ചെലവുകൾക്കുമാകും വിനിയോഗിക്കുക.
വന്ദേമാതരം പ്രത്യേക ചർച്ചയ്‌ക്ക് സർക്കാർ
എസ്‌ഐആർ ഉൾപ്പെടെ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ചയ്‌ക്ക് മടിക്കുന്ന കേന്ദ്രസർക്കാർ എന്നാൽ വന്ദേമാതരത്തിന്റെ 150 –ാം വാർഷികം മുൻനിർത്തി പ്രത്യേക ചർച്ചയ്‌ക്ക് തയ്യാറെടുക്കുന്നു. ഇൗയാഴ്‌ച തന്നെ വന്ദേമാതരം ചർച്ച സംഘടിപ്പിക്കാനാണ് സർക്കാർ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം സംസാരിക്കും. ലോക്‌സഭയിൽ 10 മണിക്കൂർ സമയമാകും നീക്കിവയ്‌ക്കുക.








0 comments