print edition ദിത്വ ; ശ്രീലങ്കയിൽ 367 പേരെ കാണാതായി

ശ്രീലങ്കയിലെ ദുരിതബാധിത പ്രദേശങ്ങളിൽ ഇന്ത്യൻ വ്യോമസേന രക്ഷാപ്രവർത്തനം നടത്തുന്നു
കൊളംബോ
കനത്ത നാശം വിതച്ച ദിത്വ ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ കാണാതായത് 367 പേരെ. കനത്ത മഴയിലും കാറ്റിലും മണ്ണിടിച്ചിലിലും 366 പേരാണ് മരിച്ചത്. രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഒന്നരലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.
ബ്രിട്ടനും ന്യൂസിലൻഡും സഹായ വാഗ്‌ദാനവുമായി രംഗത്തെത്തി. തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുർവസ്ഥിതിയിലാക്കാൻ ലോകബാങ്കിന്റെ സഹായം തേടുമെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ അറിയിച്ചു. 108 റോഡുകൾ പൂർണമായും തകർന്നതായി റോഡ് ഡവലപ്‌മെന്റ് അതോറിട്ടി അറിയിച്ചു.
ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെ ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ചിരുന്നു. കൊളംബോയിൽ കുടുങ്ങിയ 237 ഇന്ത്യക്കാരെ വ്യോമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചു. ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരടക്കമുള്ള വിനോദ സഞ്ചാരികളെ നേവി ഹെലികോപ്‌ടറുകളിൽ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തെത്തിച്ചു.








0 comments