print edition ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ്; അനാമികയ്‌ക്ക് സ്വർണം

റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ് ഹെപ്‌റ്റാത്തലണിൽ സ്വർണം നേടിയ കേരളത്തിന്റെ കെ എ അനാമിക
റാഞ്ചി: ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സിൽ കേരളത്തിന്റെ കെ എ അനാമികയ്‌ക്ക് ഹെപ്‌റ്റാത്തലണിൽ സ്വർണം. ഏഴിനങ്ങളിലായി 5685 പോയിന്റാണ് സമ്പാദ്യം. അവസാന ഇനമായ 800 മീറ്ററിൽ മികച്ച പ്രകടനത്തോടെ ഒന്നാമതെത്തിയത് നേട്ടമായി. ജെഎസ്‌ഡബ്ല്യുവിന്റെ പൂജ 5632 പോയിന്റുമായി രണ്ടാമതെത്തി.
അവസാനദിനം പുരുഷന്മാരുടെ ട്രിപ്പിൾ ജന്പിൽ എയർഫോഴ്‌സിനായി മത്സരിച്ച മലയാളി താരം അബ്‌ദുള്ള അബൂബക്കർ രണ്ടാമതായി. 16.63 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി. കോമൺവെൽത്ത് ഗെയിംസ് യോഗ്യതാ മാർക്ക് മറികടക്കാനായില്ല. അവസാന രണ്ട് ശ്രമങ്ങളും ഫൗളിൽ കലാശിച്ചു.
ജെഎസ്‌ഡബ്ല്യുവിനായി ഇറങ്ങിയ തമിഴ്‌നാട്ടുകാരൻ പ്രവീൺ ചിത്രവേൽ 17.08 മീറ്റർ ചാടി സ്വർണവും കോമൺവെൽത്ത് ഗെയിംസ് യോഗ്യതയും സ്വന്തമാക്കി. 16.89 മീറ്ററായിരുന്നു യോഗ്യതാ മാർക്ക്.
പുരുഷന്മാരുടെ 200 മീറ്റർ ഓട്ടത്തിൽ കേരളത്തിനായി പി കെ ജിഷ്‌ണുപ്രസാദ് 20.98 സെക്കൻഡിൽ വെള്ളി നേടി. ഒഡിഷക്കാരൻ അനിമേഷ് കുജൂറിനാണ് (20.64) സ്വർണം.
പുരുഷ ഷോട്ട്‌പുട്ടിൽ മധ്യപ്രദേശുകാരൻ സമർദീപ് സിങ് ഗിൽ കോമൺവെൽത്തിന് യോഗ്യത നേടി. 20.46 മീറ്ററാണ് ഇരുപത്തഞ്ചുകാരൻ എറിഞ്ഞത്. രണ്ട് തവണ ഏഷ്യൻ ഗെയിംസ് ചാന്പ്യനായ തജീന്ദർ പാൽ ടൂർ 20.07 മീറ്ററിൽ രണ്ടാമതായി.
400 മീറ്റർ ഹർഡിൽസിൽ കർണാടകയുടെ പി യശസും (49.00 സെക്കൻഡ് ) തമിഴ്‌നാടിന്റെ ടി സന്തോഷ് കുമാറും (49.06) യോഗ്യത നേടി. വനിതകളിൽ തമിഴ്‌നാടിന്റെ വിത്യ രാംരാജ് 56.61 സെക്കൻഡിൽ ഒന്നാമതെത്തി.
പുരുഷ 800 മീറ്ററിൽ മലയാളി താരം പി മുഹമ്മദ് അഫ്‌സൽ മത്സരം പൂർത്തിയാക്കിയില്ല. ജാവലിൻ ത്രോയിൽ ആർക്കും യോഗ്യതാ മാർക്ക് കടക്കാനായില്ല.










0 comments