ജർമനി എട്ടാം തവണ ജേതാക്കളായി
print edition ജൂനിയർ ഹോക്കി ലോകകപ്പ് ; ഇന്ത്യക്ക് വെങ്കലം

അർജന്റീനയ്-ക്കെതിരെ ഗോൾ നേടിയ മൻമീത് സിങ്ങിന്റെ (നടുവിൽ) ആഹ്ലാദം
ചെന്നൈ
അവസാന നിമിഷങ്ങളിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പിൽ വെങ്കലം ചൂടി. കരുത്തരായ അർജന്റീനയ്‌ക്കെതിരെ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം നാലെണ്ണം തിരിച്ചടിച്ചാണ് മലയാളിയായ പി ആർ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ കൗമാരനിര മെഡലണിഞ്ഞത്. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ സ്പെയിനിനെ (3−2) കീഴടക്കി ജർമനി എട്ടാം തവണ ജേതാക്കളായി. നിശ്ചിത സമയത്ത് സ്കോർ 1−1 ആയിരുന്നു.
മൂന്നാം ക്വാർട്ടർ അവസാനിക്കുന്പോൾ രണ്ട് ഗോളിന് പിന്നിലായിരുന്നു ഇന്ത്യ. ശേഷം കണ്ടത് അവിശ്വസനീയ തിരിച്ചുവരവ്. നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ കിട്ടിയ പെനൽറ്റി കോർണറിലൂടെയായിരുന്നു തുടക്കം. അങ്കിത് പാലിന്റെ ഗോളിൽ ഒരെണ്ണം മടക്കി. രണ്ട് മിനിറ്റിൽ അടുത്ത ഗോളെത്തി. മറ്റൊരു പെനൽറ്റി കോർണറിലൂടെ ഒപ്പമെത്തുകയായിരുന്നു. മൻമീത് സിങ് ലക്ഷ്യം കണ്ടു. കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ ഇന്ത്യക്ക് അനുകൂലമായി പെനൽറ്റി സ്‌ട്രോക്ക് കിട്ടി. ശർദ നന്ദ് തിവാരി പന്ത് അർജന്റൈൻ വലയിൽ എത്തിച്ചതോടെ കാണികൾ ആഘോഷം തുടങ്ങി. അവസാന നിമിഷം അൻമോൽ എക്ക ജയം പൂർത്തിയാക്കി. അൻമോലാണ് കളിയിലെ താരം.
അർജന്റീനയ്‌ക്ക് കിട്ടിയ അഞ്ച് പെനൽറ്റി കോർണറുകൾ അവർക്ക് മുതലാക്കാനായില്ല. ഇന്ത്യൻ ഗോൾ കീപ്പർ പ്രിൻസ്‌ദീപ് സിങ് തകർപ്പൻ പ്രകടനം പുറത്തെടുത്തു.










0 comments