print edition അഖിലേന്ത്യാ അന്തർ സർവകലാശാലാ അത്‌ലറ്റിക് മീറ്റ് ; കരുത്ത് കാട്ടാൻ കലിക്കറ്റും എംജിയും

അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന കലിക്കറ്റ് സർവകലാശാല താരങ്ങൾക്ക് കായിക വിഭാഗം മേധാവി ഡോ. വി പി സക്കീർ ഹുസൈൻ നിർദേശം നൽകുന്നു
മലപ്പുറം
അഖിലേന്ത്യാ അന്തർ സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ മികച്ച പ്രകടനത്തിനൊരുങ്ങി കേരളത്തിലെ സർവകലാശാലകൾ. മീറ്റിന്റെ 85–ാം പതിപ്പ് 12 മുതൽ 16 വരെ കർണാടകയിലെ മംഗലാപുരത്തിനടുത്ത് മൂഢബദ്രി സ്‌റ്റേഡിയത്തിൽ നടക്കും.
കലിക്കറ്റിനാണ് എറ്റവും വലിയ സംഘമുള്ളത്–69 പേർ. 32 പെൺകുട്ടികളും 37 ആൺകുട്ടികളും. കോട്ടയം എംജിക്ക് 28 ആൺകുട്ടികളും 29 പെൺകുട്ടികളും അടക്കം 57 പേരുടെ സംഘമാണുള്ളത്. കേരള സർവകലാശാലയിൽ നിന്ന് ഏഴ് പെൺകുട്ടികളും 15 ആൺകുട്ടികളും അടക്കം 22 പേരാണുള്ളത്. കണ്ണൂർ സർവകലാശാലയിൽ നിന്നുള്ള എട്ടുപേരും ആൺകുട്ടികളാണ്.
പുരുഷ വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ കലിക്കറ്റിന് ഇത്തവണയും ശക്തമായ നിരയുണ്ട്.
ജെ ബിജോയ്-(800 മീറ്റർ), സത്യവാൻ(ഡിസ്‌കസ് ത്രോ), എസ് ഷാഹുൽ, വി പി റാഹിൽ സക്കീർ(110 മീറ്റർ ഹർഡിൽസ്), എം മനോജ്‌കുമാർ(സ്‌റ്റീപ്പിൾ ചേസ്), ആർ അജിൻ(100 മീറ്റർ), ആദർശ് ഗോപി(1500 മീറ്റർ), വി എസ് അനുപ്രിയ(ഷോട്ട്‌പുട്ട്), ഐറിൻ തോമസ്(800 മീറ്റർ), കെ എച്ച് സാലിഹ(ഹൈജന്പ്) എന്നിവരാണ് കലിക്കറ്റിന്റെ പ്രധാന മെഡൽ പ്രതീക്ഷകൾ.
വനിതാ വിഭാഗത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന ആത്മവിശ്വാസമാണ് എംജി സർവകലാശാലയ്‌ക്കുള്ളത്. അലീന ടി ഷാജി(ട്രിപ്പിൾജന്പ്), എൻ ശ്രീന(100 മീറ്റർ, 200 മീറ്റർ), അഖില രാജു(ഡിസ്‌കസ്‌ത്രോ), പൗർണമി(5000 മീറ്റർ, 10000 മീറ്റർ) തുടങ്ങിയവരാണ് എംജിയുടെ പ്രധാനതാരങ്ങൾ. ശക്തമായ റിലേ ടീമും എംജിയ്‌ക്കുണ്ട്.
400 മീറ്ററിൽ മത്സരിക്കുന്ന എഡ്വിൻ മാത്യു കണ്ണൂർ സർവകലാശാലയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ്.










0 comments