print edition പുതുവർഷ ട്രാക്ക് ; അന്തർ സർവകലാശാല മീറ്റിന് ഇന്ന് തുടക്കം

അന്തർ സർവകലാശാല മീറ്റിനായി മൂഢ-ബിദ്രിയിലെത്തിയ കലിക്കറ്റ് സർവകലാശാല ടീം സ്വരാജ് മൈതാനത്ത് പരിശീലനം നടത്തുന്നു / ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ
പ്രദീപ് ഗോപാൽ
Published on Jan 12, 2026, 02:58 AM | 1 min read
മൂഢബിദ്രി
ഇന്ത്യൻ അത്‌ലറ്റിക്‌സിലെ പുതുവർഷ ട്രാക്ക് ഉണരുന്നു. കർണാടകയിൽ മംഗലാപുരത്തിനടുത്തുള്ള മൂഢ-ബിദ്രിയിലെ സ്വരാജ് മൈതാനത്ത് സർവകലാശാല പോരാട്ടം ഇന്നുമുതൽ ആരംഭിക്കും. 16വരെയാണ് അഖിലേന്ത്യാ അന്തർ സർവകലാശാല മീറ്റ്. രാജ്യത്തെ 312 സർവകലാശാലകളിൽനിന്നായി നാലായിരത്തിൽപ്പരം കായിക താരങ്ങൾ അണിനിരക്കും. നിരവധി ദേശീയ താരങ്ങൾ മേളയിൽ മാറ്റുരയ്‌ക്കുന്നുണ്ട്.
ആദ്യദിനം രണ്ട് -ൈഫനലുകളാണ്. പുരുഷ–വനിതാ വിഭാഗം 10,000 മീറ്റർ ഓട്ടമത്സരത്തോടെയാണ് ട്രാക്കുണരുക. കേരളത്തിൽനിന്നുള്ള കലിക്കറ്റ്, എംജി, കേരള, കണ്ണൂർ സർവകലാശാലകളും കരുത്തോടെ രംഗത്തുണ്ട്. തുടർച്ചയായി ചാന്പ്യൻഷിപ്പ് നേടുന്ന മംഗളൂരു സർവകലാശാലയാണ് സാധ്യതയിൽ മുന്നിൽ. മലയാളി താരങ്ങളുടെ മികവിൽ മുന്നേറുന്ന അൽവാസ് കോളേജാണ് മംഗളൂരുവിന്റെ ഉൗർജം. ഇക്കുറി മെഡൽ ജേതാക്കൾക്കാകെ 25 ലക്ഷം രൂപയാണ് അൽവാസ് സമ്മാനം നൽകുക. സ്വർണം നേടുന്നവർക്ക് 15000 രൂപയാണ് സമ്മാനം. റെക്കോഡ് ജേതാക്കൾക്ക് 25000.
മദ്രാസ് സർവകലാശാലയും ഉത്തരേന്ത്യൻ കരുത്തുമായി എത്തുന്ന പഞ്ചാബി സർവകലാശാലയും ശക്തമായി രംഗത്തുണ്ട്.
സ്റ്റീപ്പിൾ ചേസിലെ ദേശീയ ജൂനിയർ റെക്കോഡുകാരൻ ഷാരൂഖ് ഖാൻ, ലോങ്‌ജന്പിലെ താരോദയങ്ങളായ മുബസീന മുഹമ്മദ്, ദീപാൻഷി സിങ്, ഡിസ്‌കസ് ത്രോയിൽ നികിത കുമാരി, നാനൂറ് മീറ്ററിലെ ഖേലോ ഇന്ത്യ ഗെയിംസ് ചാന്പ്യൻ ആകാശ് രാജ് എന്നിവരാണ് മീറ്റിലെ പ്രധാന താരങ്ങൾ.
ആദർശ് ഗോപി (1500 മീറ്റർ), റാഹിൽ സക്കീർ (110 മീറ്റർ ഹർഡിൽസ്), ബിജോയ് (800 മീറ്റർ) എന്നിവരിലാണ് കലിക്കറ്റിന്റെ പ്രതീക്ഷകൾ. റിലേയിലും മികച്ച ടീമുണ്ട്. എൻ ശ്രീന (100, 200), അലീന ടി ഷാജി (ട്രിപ്പിൾ ജന്പ്) എന്നിവർ എംജിക്കും പ്രതീക്ഷ നൽകുന്നു. റിലേയിലും മെഡൽവരുമെന്നാണ് പ്രതീക്ഷ.










0 comments