തുടരുമോ' പൊന്നിടി

ന്യൂഡൽഹി:
ജൂലൈയിൽ ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ പത്ത് മെഡലുകളാണ് ഇന്ത്യൻ ബോക്‌സിങ് ടീം സ്വന്തമാക്കിയത്. അതിൽ ഏഴും സ്വർണമായിരുന്നു. ഏഷ്യൻ ഗെയിംസിന് ഒമ്പത് ദിവസം മാത്രം ശേഷിക്കെ ഇടിക്കൂട്ടിലെ ‘പൊന്നിടി’ തുടരുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യൻ ടീം. പട്യാലയിലായിരുന്നു ക്യാന്പ്.
കഴിഞ്ഞ തവണ ഹാങ്‌ഷുവിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ ബോക്‌സിങ് സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഒരു വെള്ളിയും മൂന്ന് വെങ്കലവുമായിരുന്നു സന്പാദ്യം. പാരിസ് ഒളിന്പിക്‌സിലും ഇടിക്കൂട് മങ്ങി. എന്നാൽ കഴിഞ്ഞ വർഷം അവസാനത്തോടെ വലിയ മാറ്റങ്ങൾ സംഭവിച്ചു.
പ്രത്യേകിച്ചും വനിതാ ബോക്‌സിങ്ങിൽ. ബ്രസീലിലും കസാഖ്‌സ്ഥാനിലും ഇന്ത്യയിലുമായി നടന്ന ലോക ബോക്‌സിങ് കപ്പിൽ 14 സ്വർണം ഉൾപ്പെടെ 46 മെഡലുകളുമായി ഇന്ത്യ രണ്ടാമതെത്തി. മാർച്ചിൽ മംഗോളിയയിൽ നടന്ന ഏഷ്യൻ ചാന്പ്യൻഷിപ്പിൽ അഞ്ച് സ്വർണമുൾപ്പെടെ 16 മെഡലുകൾ നേടി. രണ്ടാം സ്ഥാനവും സ്വന്തമാക്കി. കസാഖ്സ്ഥാനായിരുന്നു രണ്ട് ചാന്പ്യൻഷിപ്പിലും ജേതാക്കൾ.
ഏഷ്യൻ ഗെയിംസിലും ഇന്ത്യയുടെ വലിയ വെല്ലുവിളി കസാഖ്‌സ്ഥാനാണ്. ഉസ്‌ബെക്കിസ്ഥാൻ, ചൈന ബോക്‌സർമാരും പോരാട്ടം കടുപ്പമുള്ളതാക്കും. പാരിസ് ഒളിന്പിക്‌സ് ബോക്‌സിങ്ങിൽ ഉസ്‌ബെക്കിസ്ഥാൻ അഞ്ച് സ്വർണം നേടിയിരുന്നു. കസാഖ്‌സ്ഥാൻ മൂന്നെണ്ണവും.
‘ഏഷ്യൻ ഗെയിംസ് കടുപ്പമേറിയതാണ്. പക്ഷേ, ഞങ്ങൾ തയ്യാറെടുപ്പ് പൂർത്തിയാക്കി. സ്വർണം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ’– ഇന്ത്യൻ വനിതാ ടീം കോച്ച് സാന്റിയാഗോ നെയ്‌വ പറഞ്ഞു
.
വനിതാ വിഭാഗത്തിൽ സാക്ഷി ചൗധരി (51 കിലോ), പ്രീതി പവാർ (54), പ്രിയ ഗംഗാസ് (60), പർവീൺ ഹൂഡ (65), ലവ്‌ലിന ബൊർഗോഹെയ്‌ൻ (75) എന്നിവരും പുരുഷ വിഭാഗത്തിൽ ജദുമണി സിങ് (55), സച്ചിൻ സിവാച് (60), ആദിത്യ പ്രതാപ് സിങ് (65), സുമിത് കുണ്ടു (70), അങ്കുഷ് പംഗൽ (80), കപിൽ പൊഖാറിയ (90), നരേന്ദർ ബർവാൾ (90) എന്നിവരും ഇറങ്ങുന്നു.
സാക്ഷി, പ്രീതി, പ്രിയ, സച്ചിൻ സിവാച്, അങ്കുഷ് എന്നിവർ കോമൺവെൽത്ത് ഗെയിംസിലെ സ്വർണ നേട്ടക്കാരാണ്. ജദുമണിയും ലവ്‌ലിനയും നരേന്ദറും വെള്ളി നേടി.
ഹാങ്‌ഷുവിൽ ലവ്‌ലിനയുടെ വെള്ളി നേട്ടമാണ് ഇന്ത്യക്ക് തുണയായത്. നരേന്ദറും പ്രീതിയും വെങ്കലം നേടി. ഒരു വെങ്കലം നിഖാത് സറീന്റെ വകയായിരുന്നു.
ഇക്കുറി പട്യാലയിൽ മികച്ച തയ്യാറെടുപ്പാണ് ഇന്ത്യ നടത്തിയത്. ഇറാൻ, ഡൊമിനിക്കൻ റിപ്പബ്ലിക് രാജ്യങ്ങളിലെ ബോക്‌സർമാർക്കൊപ്പമായിരുന്നു പരിശീലനം.









0 comments