എന്തുവന്നാലും ഫിഡെ വനിതാ ചെസ് കിരീടം ഇന്ത്യയിലേക്ക്

ബാത്തുമി: ദിവ്യ ദേശ്‌മുഖിന് പിന്നാലെ കൊനേരു ഹംപിയും ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ കടന്നതോടെ ചാമ്പ്യൻഷിപ്പ് കിരീടത്തിനായുള്ള തേരോട്ടത്തിൽ ഇന്ത്യയുടെ ചെക്ക്. ഫൈനലിൽ നേർക്കുനേർ വരുന്ന ഇരുവരും രാജ്യത്തിന്റെ അഭിമാന താരങ്ങളാണ്.
അങ്ങിനെ ഇന്ത്യൻ ചെസ് ചരിത്രത്തിലെ അപൂർവ്വ നേട്ടമാണ് ജോർജിയയിലെ ബാത്തുമിയിൽ കുറിക്കാനിരിക്കുന്നത്. ഇരുവരും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക ചാമ്പ്യനെ നേരിടാനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിനും യോഗ്യത ഉറപ്പിച്ചിരിക്കയാണ്.
ആദ്യമായാണ് കൊനേരു ഹംപി ഫിഡെ ലോകകപ്പിൽ ഫൈനൽ കളിക്കുന്നത്. ചൈനയുടെ മുൻ ലോകചാമ്പ്യൻ ടാൻ സോംങ്കിയെ കീഴടക്കിയാണ് ദിവ്യ ദേശ്മുഖ് ഫൈനലിൽ കടന്നത്. (1.5-0.5). ഫിഡെ ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ താരമായി ദിവ്യ തന്റെ കുതിപ്പിൽ ഒരു ചരിത്രം കൂടി രേഖപ്പെടുത്തി. ഫൈനലിൽ എത്തുന്ന പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും ദിവ്യയ്ക്കാണ്.
ഇതോടെ ഇന്ത്യൻ ചെസ് താരങ്ങളിൽ കൊനേരു ഹംപിക്കും ഡി ഹരികയ്ക്കും വൈശാലിക്കും തൊട്ടടുത്ത സ്ഥാനത്തായി ദിവ്യ എത്തി. ഫിഡെ റേറ്റിങ്ങിൽ പെൺകുട്ടികളിൽ ലോക ഒന്നാം നമ്പർ താര പദവി സ്വന്തമായി. വനിതാ താരങ്ങളിൽ ലോകത്ത് 18 ാം സ്ഥാനവും ഉണ്ട്. 38 കാരിയായ കൊനോരുവും 19 കാരി ദിവ്യയും നേർക്കു നേർ വരുന്ന മത്സരവും ലോകം കാത്തിരിക്കുന്നതാവുകയാണ്.
കൊനേരുവും ദിവ്യയും നേർക്കുനേർ വരുമ്പോൾ
ബാത്തുമിയിൽ നടക്കാനിരിക്കുന്നത് തലമുറകളുടെ ആകർഷകമായ ഏറ്റുമുട്ടലുമാണ്. 38 വയസ്സുള്ള ഹംപിക്ക് ദിവ്യയുടെ ഇരട്ടി പ്രായമുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ FIDE വേൾഡ് റാപ്പിഡ് ചാമ്പ്യൻഷിപ്പ് കിരീടത്തോടെയാണ് ഹംപി തന്റെ കരിയറിൽ തിരിച്ചു വരവ് അറിയിച്ചത്. 2019 ൽ വിജയിച്ചതിന് ശേഷമുള്ള രണ്ടാമത്തെ കിരീടമാണ് അണിഞ്ഞത്. കുറച്ച് വർഷങ്ങളായി മകളിലും കുടുംബജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അവർ താത്കാലിക വിശ്രമം പ്രഖ്യാപിച്ചിരുന്നു.
ഫൈനലിലെ ആദ്യ ഗെയിം 26-നും രണ്ടാം ഗെയിം 27-നും നടക്കും. സമനില വന്നാൽ 28-ന് ടൈബ്രേക്കറിലൂടെ വിജയിയെ നിശ്ചയിക്കും. ആരായാലും കിരീടം ഇന്ത്യയുടെ ചെസ് ചരിത്രത്തിലെ സുവർണ രേഖയാവും. ഇന്ത്യ നേർക്കുനേർ ഇന്ത്യ.










0 comments