സ്വിസിനെ കീഴടക്കി ചരിത്രം

ബീൽ (സ്വിറ്റ്‌സർലൻഡ്)
ഡേവിസ് കപ്പ് ടെന്നീസിൽ ചരിത്രംകുറിച്ച് ഇന്ത്യ. കരുത്തരായ സ്വിറ്റ്‌സർലൻഡിനെ കീഴടക്കി ആദ്യമായി ഇന്ത്യ ഡേവിസ് കപ്പ് ക്വാളിഫയേഴ്‌സിലേക്ക് കടന്നു. ലോക ഗ്രൂപ്പ് ഒന്നിൽ സ്വിസ്സിനെ 3–1ന് കീഴടക്കിയാണ് നേട്ടം. റിവേഴ്‌സ് സിംഗിൾസിൽ സുമിത് നഗാൽ നിലവിലെ ഓസ്‌ട്രേലിയൻ ഓപ്പൺ ജൂനിയർ ചാമ്പ്യൻ ഹെൻറി ബെർനെറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ഇന്ത്യക്ക് കുതിപ്പ് നൽകിയത്. ആദ്യദിനം സുമിതും ദക്ഷിണേശ്വർ സുരേഷും സിംഗിൾസ് മത്സരങ്ങൾ ജയിച്ച് ലീഡ് നൽകിയിരുന്നു. രണ്ടാംദിനം ഡബിൾസിൽ ഇന്ത്യ തോറ്റു. പിന്നാലെ സുമിത് സിംഗിൾസ് മത്സരം സ്വന്തമാക്കി.
മുപ്പത്തിരണ്ട് വർഷത്തിനുശേഷമാണ് ഒരു യൂറോപ്യൻ ടീമിനെ അവരുടെ തട്ടകത്തിൽ ഇന്ത്യ തോൽപ്പിക്കുന്നത്. 1993ൽ ഫ്രാൻസിനെതിരെയായിരുന്നു അവസാന നേട്ടം. ഇതിഹാസതാരം റോജർ ഫെഡറുടെ നാടായ സ്വിസ് 24–ാം റാങ്കുകാരാണ്. ഇന്ത്യ 37–ാമതും.
ഡബിൾസിൽ എൻ ശ്രീറാം ബാലാജി, റിത്വിക് ബൊല്ലിപ്പള്ളി സഖ്യം മൂന്ന് സെറ്റ് കളിയിൽ യാക്കുബ് പോൾ, ഡൊമിനിക് സ്‌ട്രിക്കർ സഖ്യത്തോട് തോൽക്കുകയായിരുന്നു. എന്നാൽ സുമിത് സ്വിസ് കൗമാര താരം ബെർനെറ്റിനെ 6–1, 6–3ന് തോൽപ്പിച്ചു. അടുത്ത വർഷം ജനുവരിയിലാണ് ക്വാളിഫയേഴ്‌സിലെ ആദ്യ റൗണ്ട് മത്സരങ്ങൾ.










0 comments