കെജരിവാൾ വോട്ടർപട്ടികയിലില്ല; മൂന്ന് തവണ മുഖ്യമന്ത്രിയായ വ്യക്തിയുടെ പേരെങ്ങനെ ഇല്ലാണ്ടായെന്ന് എഎപി

ഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജരിവാളിനും കുടുംബാംഗങ്ങൾക്കും ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. 'കഴിഞ്ഞ എസ്ഐആറുമായി മാപ്പ് ചെയ്യാത്തവർ' (unmapped with last SIR) എന്ന വിഭാഗത്തിൽ പെടുത്തിയാണ് അരവിന്ദ് കെജരിവാൾ, ഭാര്യ സുനിത കെജരിവാൾ, മകൻ പുൽകിത് കെജരിവാൾ, മാതാപിതാക്കളായ ഗോബിന്ദ് റാം കെജരിവാൾ, ഗീതാ ദേവി എന്നിവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
ദേശീയ തലസ്ഥാനത്ത് നിലവിൽ നടക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടികളുടെ ഭാഗമായാണ് നടപടി.മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായ വ്യക്തിയുടെയും കുടുംബത്തിന്റെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് എങ്ങനെ വിട്ടുപോയി എന്ന് ചോദിച്ചുകൊണ്ട് ആം ആദ്മി പാർട്ടി രംഗത്തെത്തി. 'രാജ്യത്ത് നടക്കുന്നതെല്ലാം പരമോന്നത പ്രഭുവിനെ സന്തുഷ്ടനാക്കാൻ മാത്രമാണോ?' എന്നും എഎപി എക്സിലൂടെ ചോദിച്ചു.
ഡൽഹി നിയമസഭാ മണ്ഡലത്തിലെ കെ.ജി മാർഗിലുള്ള പാർട്ട്-51ൽ ഉൾപ്പെട്ട 110 വോട്ടർമാർക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ഇതിൽ കെജരിവാളും കുടുംബത്തിലെ അഞ്ച് അംഗങ്ങളും ഉൾപ്പെടുന്നു. ഡൽഹി-40 നിയമസഭാ മണ്ഡലത്തിലാണ് കെജരിവാൾ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.









0 comments