print edition ലോക അണ്ടർ20 അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് മൂന്ന് മെഡലായി; ചാട്ടത്തിൽ വെള്ളിയും വെങ്കലവും

അമേരിക്കയിൽ നടക്കുന്ന ലോക അണ്ടർ 20 അത്‌ലറ്റിക്‌സ് ഹെെജമ്പിൽ ഇന്ത്യയുടെ ബസന്ത്കുമാർ വെള്ളി നേടുന്നു
യൂജിൻ (അമേരിക്ക): അണ്ടർ 20 അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് രണ്ട് മെഡൽകൂടി. പുരുഷന്മാരുടെ ഹൈജമ്പിൽ ബസന്ത്‌കുമാർ മേഘ്‌വാൾ വെള്ളി സ്വന്തമാക്കി. ലോങ്ജമ്പിൽ ഷഹനവാസ് ഖാന് വെങ്കലം. ഇന്ത്യൻ സമയം ഇന്ന് രാവിലെ അവസാനിക്കുന്ന മീറ്റിൽ രാജ്യത്തിന്റെ മൂന്നാം മെഡലാണ്. ജാവലിൻത്രോയിൽ ആശിഷ് യാദവ് വെള്ളി നേടിയിരുന്നു.
പത്തൊമ്പതുകാരനായ ബസന്ത് 2.21 മീറ്റർ ചാടിയാണ് രണ്ടാംസ്ഥാനത്തെത്തിയത്. അൾജീരിയയുടെ യൂനുസ് അയാചിയും ഇതേ ഉയരമാണ് മറികടന്നത്. ആദ്യ അവസരത്തിൽ ലക്ഷ്യം കണ്ടതിനാൽ അയാചി സ്വർണം കൊണ്ടുപോയി. ബസന്ത് രണ്ടാമത്തെ അവസരത്തിലാണ് ഉയരം താണ്ടിയത്. ഇരുവരും 2.24 മീറ്റർ ചാടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്ത്യയുടെ ആദ്യ ഹൈജമ്പ് മെഡലാണ്. ബസന്ത് രാജസ്ഥാൻ സ്വദേശിയാണ്. മുൻ ദേശീയ റെക്കോഡുകാരി സഹനകുമാരിയാണ് കോച്ച്. ലോങ്ജമ്പിൽ മൂന്നാമത്തെ ചാട്ടത്തിലാണ് ഉത്തർപ്രദേശുകാരനായ ഷഹനാസ്‌ഖാൻ വെങ്കലദൂരമായ 7.84 മീറ്റർ കണ്ടത്. ഇറ്റലിയുടെ ഡാനലെലി 7.97 മീറ്റർ ചാടി സ്വർണം കരസ്ഥമാക്കി.
മറ്റൊരു ഇന്ത്യൻ താരമായ ആർ സി ജിതിൻ അർജുനൻ 7.59 മീറ്ററുമായി എട്ടാമതായി. ഓസ്‌ട്രേലിയയുടെ മാൻസൺ മക്‌ഗ്രോഡർക്കാണ്(7.96) വെള്ളി. ഇൗയിനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാണ്. 2021ൽ വനിതകളുടെ ശൈലി സിങിന് വെള്ളിയുണ്ട്. വനിതകളുടെ ഹൈജന്പിൽ പൂജ ഫൈനലിലെത്തിയിട്ടുണ്ട്. വനിതകളുടെ 4x400 മീറ്റർ റിലേ ടീമും മെഡൽ പോരിന് ഇറങ്ങും. എട്ട് സ്വർണമടക്കം 18 മെഡലുമായി അമേരിക്ക മുന്നിലാണ്. മൂന്ന് മെഡലുള്ള ഇന്ത്യ ഇരുപതാം സ്ഥാനത്താണ്. കഴിഞ്ഞതവണ ഇന്ത്യക്ക് ഒരു വെങ്കലം മാത്രമായിരുന്നു.










0 comments