മുണ്ടക്കയം കടന്ന വിജയകഥ


ഡി കെ അഭിജിത്
Published on Oct 23, 2025, 07:59 AM | 1 min read
തിരുവനന്തപുരം: സ്‌കൂൾ -ഒളിമ്പിക്‌സിൽ ആദ്യമായി വേദി കിട്ടിയപ്പോഴുള്ള സന്തോഷത്തിൽ തന്നെയാണ് ഇപ്പോഴും ജ്യോതിഷ് കുമാർ. ആ ചിരിക്ക് മങ്ങലില്ല. ഒരു വർഷത്തിനിപ്പുറം തലസ്ഥാനത്തെ കായികമേളയ്‌ക്ക് എത്തുമ്പോൾ അതിർത്തികൾ കടന്നതിന്റെ ആനന്ദവും മുഖത്തുണ്ട്. ഇൻക്ലൂസീവ് ബാഡ്‌മിന്റണിൽ ജ്യോതിഷ് ചരിത്രംകുറിച്ചായിരുന്നു അന്ന് കൊച്ചിയിൽനിന്നുള്ള മടക്കം.
ആ വഴിയിലൂടെ മുന്നേറി. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടന്ന ദേശീയമേളയിൽ പങ്കെടുത്തു. സബ്‌ജൂനിയർ വിഭാഗത്തിൽ ക്വാർട്ടർവരെയെത്തി. ശാരീരിക പരിമിതികളെ കളത്തിൽ പറന്ന് തോൽപ്പിക്കുന്ന ജ്യോതിഷിന്റെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. കോട്ടയത്തിനുവേണ്ടിയാണ് ഇക്കുറി റാക്കറ്റേന്തിയത്. സെമിയിൽ തോറ്റെങ്കിലും നിരാശയില്ല. ഇക്കുറി മടങ്ങുമ്പോൾ സ്‌കൂൾ തലത്തിലെ അവസാന മത്സരമെന്ന ദുഃഖംമാത്രം.
14 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലായിരുന്നു മത്സരം. കോച്ച് ജാക്‌സന്റെ ചിട്ടയായ പരിശീലനമാണ് മികവിന് പിറകിലെന്ന് ജ്യോതിഷ് അഭിമാനത്തോടെ പറയുന്നു. കെെകാലുകളുടെ ശേഷിക്കുറവ് മറന്ന് പായുമ്പോൾ ഭാവിയിൽ കായിക പരിശീലകനാകണമെന്ന സ്വപ്നമാണ് മനസ്സിൽ. മുരിക്കുംവയൽ ജിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിയായ ജ്യോതിഷ് മുണ്ടക്കയം വരിക്കാനിക്കവല സ്വദേശിയാണ്.
അച്ഛൻ സുരേഷാണ് മത്സരവേദികളിൽ എത്തിക്കുന്നത്. ചേട്ടൻ ശ്യാം ബംഗളൂരുവിൽ ഫുട്ബോൾ പരിശീലകനാണ്. അമ്മ രജനി.










0 comments