ad
Deshabhimani

print edition കാണൂ കനല്‍; ഇന്ന് ഇന്‍ക്ല്യൂസീവ് സ്‌പോര്‍ട്‌സ്‌

inclusive sports

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ്‌ ഉദ്‌ഘാടന 
ചടങ്ങിൽ അണിനിരന്ന ഭിന്നശേഷി 
കുട്ടികൾ ഫോട്ടോ: വി കെ അഭിജിത്‌

avatar
ഡി കെ അഭിജിത്‌

Published on Oct 22, 2025, 06:41 AM | 2 min read

തിരുവനന്തപുരം: അതിരുകളില്ല, പരിമിതികളില്ല. ഇവിടെ സവിശേഷ താരകങ്ങളുടെ ശരവേഗങ്ങളാണ്‌. സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ്‌ ഇൻക്ലൂസീവ്‌ കായിക മത്സരങ്ങൾ ഇന്ന്‌ നടക്കും. ട്രാക്കിൽ കുതിച്ചും പന്തടിച്ചും എറിഞ്ഞും പൊൻപതക്കങ്ങളാകും അവർ. ആകെ 1944 കായികതാരങ്ങളാണ്‌ ഇറങ്ങുക. 14 വയസ്സിൽ താഴെ, മുകളിൽ വിഭാഗങ്ങളിലാണ്‌ മത്സരങ്ങൾ.


‘ഞങ്ങളെ ചേർത്തുപിടിക്കുന്നതിനെ എങ്ങനെയാണ്‌ വിശേഷിപ്പിക്കേണ്ടത്‌’– കൊല്ലത്തിനായി ഫുട്‌ബോൾ കളിക്കാനിറങ്ങുന്ന എസ്‌ അഖിലേഷ്‌ കൃഷ്ണന്റെ വാക്കുകൾ. 14 വയസ്സിന്‌ മുകളിലുള്ള വിഭാഗത്തിലാണ് മധ്യനിരക്കാരൻ പന്ത്‌ തട്ടുക. ‘ഞങ്ങളുടേത്‌ മികച്ച ടീമാണ്‌. പരമാവധി ഗോളടിക്കണം. എല്ലാവരുടെയും മുന്നിൽ ജഴ്‌സിയൊക്കെ അണിഞ്ഞ്‌ കളിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണ്‌. നിറഞ്ഞ സന്തോഷം. വാക്കുകളിലൂടെ അത്‌ പ്രകടിപ്പിക്കാനാകില്ല– അഖിലേഷ്‌ പറയുന്നു.


​കൂടുതൽ വേഗത്തിൽ, 
ദൂരത്തിൽ

അത്‌ലറ്റിക്‌സിൽ 4x100 മിക്‌സഡ്‌ റിലേ, മിക്‌സഡ്‌ സ്‌റ്റാൻഡിങ്‌ ത്രോ, മിക്‌സഡ്‌ സ്‌റ്റാൻഡിങ്‌ ലോങ്‌ ജമ്പ്‌, 100 മീറ്റർ ഓട്ടം എന്നീ മത്സരങ്ങൾ നടക്കും. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലാണ്‌ മത്സരങ്ങൾ. കാഴ്‌ചപരിമിതി ഉള്ള കുട്ടിക്ക്‌ ഗൈഡ്‌ റണ്ണർ ഉണ്ടാകും. അവസാന ലാപ്പിലാണ്‌ കാഴ്‌ച പരിമിതിയുള്ള കുട്ടി ഓടേണ്ടത്‌. മിക്‌സഡ്‌ സ്‌റ്റാൻഡിങ്‌ ലോങ്‌ ജന്പിൽ ഒരു ടീമിൽ ആറു പേരായിരിക്കും. ഒരു കുട്ടിക്ക്‌ മൂന്ന്‌ അവസരം. ഏറ്റവും കൂടുതൽ ചാടുന്ന ദൂരം പരിഗണിക്കും. ഓരോ കുട്ടിയുടെയും ദൂരത്തിന്റെ ആകെ തുകയാണ്‌ ടീമിന്റെ സ്‌കോർ. മിക്‌സഡ്‌ സ്‌റ്റാൻഡിങ്‌ ത്രോയ്‌ക്കും സമാന നിയമമാണ്‌. 100 മീറ്റർ ഓട്ടം കാഴ്‌ചപരിമിതിയുള്ളവർക്ക്‌ മാത്രമാണ്‌. ഗൈഡ്‌ റണ്ണർ ഉണ്ടാകും.


​മിക്‌സഡ്‌ ബാഡ്‌മിന്റൺ


ഒരേ ഭിന്നശേഷിയുള്ളവർ തന്നെയായിരിക്കണം ഒരേ സമയം രണ്ടുടീമിലും ഉണ്ടാകേണ്ടത്‌. സഹമത്സരാർഥി പൊതുവിഭാഗത്തിൽ നിന്നാകും. ബാഡ്‌മിന്റൺ നിയമങ്ങളെല്ലാം ബാധകമാണ്‌. ബെസ്റ്റ്‌ ഓഫ്‌ ത്രീ സെറ്റിലൂടെ വിജയിയെ കണ്ടെത്തും.


​ബോക്‌സ്‌ബോൾ


ഇത്തവണയാണ്‌ ‘ബോചെ’ എന്ന്‌ പേരുള്ള ബോക്‌സ്‌ബോൾ പെൺകുട്ടികൾക്ക്‌ ഏർപ്പെടുത്തിയത്‌. അഞ്ചുപേരടങ്ങുന്ന രണ്ട്‌ ടീമുകൾ തമ്മിലാണ്‌ മത്സരം. നാലുമീറ്റർ വീതിയും 20 മീറ്റർ നീളവുമുള്ള കളത്തിൽ ഇരുവശത്തും മൂന്ന്‌ മീറ്റർ വീതമുള്ള ബോക്‌സ്‌ അടയാളപ്പെടുത്തും. ഇ‍ൗ ബോക്‌സിൽനിന്ന്‌ ടോസ്‌ നേടുന്ന ടീം പലീന (വെള്ള നിറത്തിലുള്ള ചെറിയ പന്ത്‌) ഉരുട്ടും. പലീന ആദ്യഅവസരത്തിൽ മധ്യവര കടക്കണം. അന്തിമവര കടക്കാനും പാടില്ല. തുടർന്ന്‌ ഇരുടീമിലെയും ഓരോരുത്തരും മാറിമാറി ബോചെ ബോൾ ഉരുട്ടുകയും ചെയ്യും. പലീനയുടെ അടുത്തുകിടക്കുന്ന ബോളിന്റെ ടീമിന്‌ ഒരു പോയിന്റ്‌. 5 പോയിന്റ്‌ ആദ്യം നേടുന്ന ടീം വിജയി. ബെസ്റ്റ്‌ ഓഫ്‌ ത്രീ സെറ്റിലൂടെ ജേതാക്കളെ നിർണയിക്കും.


​ക്രിക്കറ്റ്‌


ഇ‍ൗവർഷം മുതൽ ആൺകുട്ടികൾക്കാണ്‌ ക്രിക്കറ്റ്‌ മത്സരം. ടീമിലെ 11 പേരിൽ 10 പേർ ഭിന്നശേഷി കുട്ടികളായിരിക്കണം. ടെന്നീസ്‌ പന്താകും ഉപയോഗിക്കുക. കാലുകൾക്ക്‌ സ്വാധീനക്കുറവുള്ളവർക്ക്‌ സ്‌റ്റാന്റ്‌ ബൈ റണ്ണറെ അനുവദിക്കും. ആറ്‌ ഓവർ കളിയിൽ ആദ്യ മൂന്ന്‌ ഓവർ പവർ പ്ലേ ആയിരിക്കും.


​ഹാൻഡ്‌ ബോൾ


ആറ്‌ ഭിന്നശേഷി പെൺകുട്ടികളും പൊതുവിഭാഗത്തിലെ ഒരു കുട്ടിയും ചേരുന്നതാണ്‌ ടീം. ഹാൻഡ്‌ ബോളിലെ എല്ലാ നിയമങ്ങളും ബാധകം.


​ഫുട്‌ബോൾ


ഏഴുപേരടങ്ങുന്ന ടീമിൽ ഒരാൾ പൊതുവിഭാഗത്തിൽനിന്ന്‌. പകരക്കാരായി അഞ്ചുപേർ. 30 മിനിറ്റാണ്‌ കളി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home