ഡയമണ്ട് ലീഗ്: എതിരില്ലാതെ ഡുപ്ലന്റിസ്

സൂറിച്ച്: ഡയമണ്ട് ലീഗിൽ തുടർച്ചയായ അഞ്ചാം കിരീടവുമായി സ്വീഡിഷ് പോൾവോൾട്ട് താരം അർമാൻഡോ ഡുപ്ലന്റിസ്. സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനലിലും ഡുപ്ലന്റിസ് ചാമ്പ്യനായി. പുതിയ റെക്കോഡ് കുറിക്കാനായില്ലെങ്കിലും ആറ് മീറ്റർ ഉയരത്തിൽ ഒന്നാമതെത്താനായി.
ആറുപേരായിരുന്നു രംഗത്ത്. 5.50 മീറ്ററിൽ ആദ്യ ശ്രമം അനായാസം മറികടന്ന ഡുപ്ലന്റിസ് 5.80, 5.90 ഉയരവും എളുപ്പത്തിൽ പൂർത്തിയാക്കി. ആറ് മീറ്ററും ആദ്യ ശ്രമത്തിലാണ് മറികടന്നത്. എന്നാൽ 6.10 മീറ്ററിൽ മൂന്ന് ശ്രമവും പരാജയപ്പെട്ടു. സമീപകാലത്താണ് സ്വീഡിഷുകാരൻ 6.29 മീറ്ററിൽ റെക്കോഡിട്ടത്. ഇൗയിനത്തിൽ 13–ാം തവണയായിരുന്നു റെക്കോഡ്.
പതിവിന് വിപരീതമായി വെല്ലുവിളികളുണ്ടായിരുന്നു. ഗ്രീസിന്റെ ഇമ്മനുയ്‌ൽ കരലിസ് മൂന്നാം ശ്രമത്തിൽ ആറ് മീറ്റർ മറികടന്ന് വെള്ളി നേടുകയായിരുന്നു. 6.10ൽ മൂന്ന് ശ്രമവും പരാജയപ്പെട്ടു. ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവായ അമേരിക്കയുടെ സാം കെൻഡ്രിക്‌സ് 5.80 മീറ്ററിൽ മൂന്നാമതായി. വനിതകളിൽ അമേരിക്കയുടെ കാറ്റി മൂൺ 4.82 മീറ്ററിൽ ചാമ്പ്യനായി. ഹൈജമ്പിൽ ഓസ്‌ട്രേലിയയുടെ നിക്കോളാ ഒളിസ്ലാഗേഴ്‌സ് തകർപ്പൻ പ്രകടനം നടത്തി. 2.04 മീറ്ററിലാണ് സ്വർണം.









0 comments