print edition ഒരുമയുടെ ഹൃദയതാളം; ഏഷ്യൻ ഗെയിംസ് വേദിയിൽനിന്ന് ലിജോ ഡേവിഡ് തോട്ടാൻ

ലിജോ ഡേവിഡ് തോട്ടാൻ
നയോഗ : ഓർമകൾ പിന്നോട്ടോടി. 1998ലേക്ക്. ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തിട്ട് മൂന്ന് പതിറ്റാണ്ടാകാൻ പോകുന്നു. അന്ന് അത്‌ലീറ്റായാണ് ഗെയിംസിനെത്തിയത്. ഇത്തവണ ഇന്ത്യൻ ടീമിന്റെ ഡെപ്യൂട്ടി ചീഫ് ഡി മിഷനായി മാർച്ച്‌പാസ്‌റ്റിൽ അണിനിരക്കുമ്പോൾ വല്ലാത്തൊരു അനുഭവമാണ്. അതിജീവനത്തിൽ ലോകത്തിന് മാതൃകയായ ജപ്പാൻ ശരിക്കും വിസ്‌മയിപ്പിച്ചു.
രണ്ട് മണിക്കൂർ നീണ്ട കലാവിരുന്ന് ജപ്പാന്റെ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമായി. അവർ എങ്ങനെ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് എത്തിയതെന്നും വിശദീകരിച്ചു. ഏഷ്യൻ രാജ്യങ്ങളുടെ ഒരുമയും ഐക്യവും വിളംബരം ചെയ്‌താണ് ‘മെഗാ ഷോ’യ്‌ക്ക് തിരശ്ശീല വീണത്.
‘Harmonic Heart Beat’ എന്ന ആശയത്തിലായിരുന്നു ഉദ്‌ഘാടന പരിപാടികൾ.
ജാപ്പനീസ് ചലച്ചിത്രകാരൻ യുകിഹോകോ സുറ്റ്‌സുമിയുടെ സംവിധാനത്തിലാണ് പരിപാടികൾ അരങ്ങേറിയത്. മഴയില്ലാത്തത് രക്ഷയായി. ജപ്പാന്റെ പാരമ്പര്യം, വ്യവസായ–സാങ്കേതിക വിപ്ലവം എന്നിവ നാടൻ കലാരൂപങ്ങളിലൂടെയും ദൃശ്യവിരുന്നിലൂടെയും ലോകത്തിനുമുന്പിൽ അവതരിപ്പിച്ചു. നൃത്തമായും സംഗീതമായും ജപ്പാനെ തുറന്നുവെച്ചെന്ന് പറയാം. മൂന്നാം തവണയാണ് ജപ്പാൻ ആതിഥേയരാകുന്നത്. 1958ൽ ടോക്യോയും 1994ൽ ഹിരോഷിമയും വേദിയായി. 32 വർഷത്തിനുശേഷം ഗെയിംസ് വീണ്ടുമെത്തുമ്പോൾ ‘മെയ്‌ഡ് ഇൻ ജപ്പാൻ ’ നമ്മെ അമ്പരപ്പിക്കും.
പലോമ മിസുഹോ സ്‌റ്റേഡിയം 33,000 പേർക്ക് ഇരിക്കാവുന്നതാണ്. പക്ഷേ നിറഞ്ഞിരുന്നില്ല. മാർച്ച്‌പാസ്‌റ്റിൽ അഫ്‌ഗാനിസ്ഥാനും ബഹ്‌റിനുമാണ് ആദ്യം അണിനിരന്നത്. ബംഗ്ലാദേശിനും ഭൂട്ടാനും പിന്നാലെ ചാമ്പ്യൻമാരായ ചൈനയെത്തി. വലിയ സംഘമായിരുന്നു അവരുടേത്. അഭിമാനത്തോടെയാണ് ഇന്ത്യൻ സംഘം ചുവടുവെച്ചത്. എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. ഒരു ഉത്സവ മൂഡ്. ടീമിലെ 153 പേർ അണിനിരന്നു. എല്ലാവരുടെ കൈകളിലും കുഞ്ഞിപ്പതാകകളുണ്ടായിരുന്നു.
കാണികളെനോക്കി എല്ലാവരും കൈവീശി. നിറഞ്ഞ കയ്യടി. കലാപ്രകടനങ്ങൾ ഒന്നിനുപിറകെ ഒന്നായി അരങ്ങേറി. പാട്ടും ഡാൻസും നാടകീയ രംഗങ്ങളും ചേർന്ന പരമ്പരാഗത കലാരൂപമായ ‘കബുകി’ ശ്രദ്ധനേടി. ലേസർ വെളിച്ചവും വെടിക്കെട്ടും ദൃശ്യവിരുന്നായി. ആറ് ഒളിമ്പിക് മെഡൽ ജേതാക്കളാണ് ഏഷ്യൻ ഒളിമ്പിക് കൗൺസിലിന്റെ പതാകയേന്തിയത്.
ഒമ്പത് ജാപ്പനീസ് സൈനിക ഉദ്യോഗസ്ഥർ ചേർന്ന് പതാക ഉയർത്തി. തുടർന്ന് ദീപശിഖയേന്തി മുൻ അത്‌ലീറ്റുകൾ സ്‌റ്റേഡിയത്തെ വലംവെച്ചു. അവസാന ലാപ്പിൽ ഹാമർത്രോ താരങ്ങളായിരുന്ന ഷിഗെനോബു മുറോഫുഷിയും മകൻ കോജി മുറോഫുഷിയും ദീപശിഖയേന്തി. ഇരുവരും ചേർന്ന് കൊളുത്തിയ ദീപം ഏഷ്യയുടെ വെളിച്ചമായി.









0 comments