"ഇത് അവസാന ഏഷ്യൻ ഗെയിംസ്, ലക്ഷ്യം ഒളിമ്പിക്സ്"; ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ്

നഗോയ : ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് തന്റെ അവസാനത്തെ മത്സരമായിരിക്കുമെന്ന് വ്യക്തമാക്കി മലയാളി ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ്. 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന കാര്യം തന്റെ ശാരീരികക്ഷമത വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനിക്കുവെന്നും പ്രണോയ്. നിലവിലെ ഫോമിൽ നാല് വർഷം കൂടി മികച്ച രീതിയിൽ തുടരാനാകുമെന്ന് കരുതുന്നില്ലെന്നും താരം പറഞ്ഞു.
ഇന്ത്യയുടെ 20 അംഗ ബാഡ്മിന്റൺ ടീമിലെ പ്രധാന പ്രതീക്ഷയാണ് കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ ജേതാവ് കൂടിയായ പ്രണോയ്. ഞായറാഴ്ച ടീം ചാമ്പ്യൻഷിപ്പോടെയാണ് ബാഡ്മിന്റൺ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡലാണ് ഇന്ത്യൻ ടീം നേടിയത്. ഇത്തവണ ഫൈനലിലെത്തി സ്വർണം നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രണോയ് പറഞ്ഞു.
തന്റെ ലക്ഷ്യം 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് ആണെന്നും, അതിനായി ഒന്നര വർഷം കൂടി പരിശ്രമിക്കും. ഒളിമ്പിക്സിൽ പങ്കെടുക്കാൻ കായികക്ഷമതയുണ്ടെന്ന് ബോധ്യമായാൽ മാത്രം തുടരുമെന്നും പ്രണോയ് വ്യക്തമാക്കി. പാരിസ് ഒളിമ്പിക്സിന് തൊട്ടുമുൻപ് ചിക്കുൻഗുനിയ ബാധിച്ചത് പ്രണോയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.









0 comments