നോവൽ
പ്രണയരാഷ്‌ട്രം


അശോകൻ ചരുവിൽ
Published on Sep 19, 2026, 04:09 PM | 6 min read
ഹൃദയശസ്ത്രക്രിയ
കുറച്ചുകാലമായി മുഹമ്മദ് കബീർ എന്നയാൾ മരണത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിരുന്നു. സ്വന്തം മരണം എന്നതിനപ്പുറം മരണം എന്ന വിഷയത്തെക്കുറിച്ചായിരുന്നു ആലോചനകൾ. അതിനിടെ നടന്ന ഒരു വൈദ്യപരിശോധനയിൽ ഹൃദ്രോഗം സ്ഥിരീകരിച്ചപ്പോൾ മഹത്തായ ആ സത്യം തന്റെ അടുത്തെത്തിയിരിക്കുന്നു എന്ന് ആശ്വസിച്ചു. ആദ്യം അയാൾ ചികിത്സ തേടാൻ മടിച്ചു. പിന്നെ പൊതുബോധത്തിന് കീഴടങ്ങി ആശുപത്രിയിലേക്ക് പോയി. അയാൾ കരുതി: വ്യവസ്ഥാപിതമായ വഴികളിലൂടെയല്ലാതെ മനുഷ്യന് സഞ്ചരിക്കാനാവില്ല; മരണത്തിലേക്കുപോലും. അയാൾക്ക് പണ്ടുമുതലേ ആശുപത്രികളേയും ചികിത്സയേയും ഭയമായിരുന്നു. കുട്ടിക്കാലത്ത് ഏറ്റവും പേടിയുണ്ടായിരുന്നത് കുത്തിവയ്‌പുകളെയാണ്. അന്ന് നാട്ടിൽ പലയിനം പ്രതിരോധ കുത്തിവയ്‌പുകൾ ഉണ്ടായിരുന്നല്ലോ.
മുതിർന്നശേഷം രോഗത്തേക്കാൾ ഭീകരമാണ് അതിനുള്ള ചികിത്സകൾ എന്നൊരു നിഗമനത്തിൽ അയാൾ എത്തിയിരുന്നു. മരണം അത്രയ്‌ക്ക് അസ്വസ്ഥമായ സംഗതിയാവാനിടയില്ല. ജീവിച്ചിരുന്നിട്ടെന്ത്? അയാളുടെ യൗവനകാലത്ത് കവികൾ മരണത്തെക്കുറിച്ചാണ് അധികവും എഴുതിയിരുന്നത്. ചില കവിതകൾ അയാളും സുഹൃത്തുക്കളും ചൊല്ലി നടക്കാറുണ്ടായിരുന്നു:
“വരിക, ഘനശൈത്യമേഘമേ,
വരികാന്ധകാരമേ,
വരിക മരണത്തിന്റെ
മൂഢാനുരാഗമേ...”

ഒരുപക്ഷേ മരണം രതിപോലെ അത്യാനന്ദകരമായ ഒരനുഭവമാണെങ്കിലോ? ജനനമൊഴികെ മനുഷ്യജീവിതത്തിൽ സ്വാഭാവികമായി സംഭവിക്കുന്നതെല്ലാം ആനന്ദം നൽകുന്നതാകുമെന്ന ഒരാശയം അയാൾ സൃഷ്ടിച്ച് പരിപാലിച്ചുകൊണ്ടിരുന്നു. തന്റെ ശവസംസ്‌കാരച്ചടങ്ങുകളെക്കുറിച്ചാണ് അയാൾ തെല്ലൊന്ന് ആശങ്കപ്പെട്ടത്. മതത്തിൽനിന്ന് വിട്ടുനിൽക്കുന്ന ഒരു യുക്തിവാദി ആയതുകൊണ്ട് സാധാരണമട്ടിൽ അതു നടക്കുകയില്ലെന്ന് അയാൾക്കറിയാമായിരുന്നു.
മരണശേഷം തന്റെ ശരീരം എന്തു ചെയ്യണം എന്നതിനെക്കുറിച്ച് അയാൾ ഡയറിയിൽ കുറിപ്പുകൾ എഴുതാൻ തുടങ്ങി. നീണ്ടകാലം അതായിരുന്നു അയാളുടെ ക്രിയേറ്റിവിറ്റി. ഓരോ ദിവസവും അത് മാറ്റി മാറ്റിയെഴുതി. ശരീരത്തെ കുളിപ്പിച്ച് വൃത്തിയാക്കി നല്ല വസ്‌ത്രങ്ങൾ ധരിപ്പിച്ച് ഒരു മേശമേൽ കിടത്തണമെന്നും ചെറിയ സമയത്തെ പൊതുദർശനത്തിനുശേഷം അത് ഏതെങ്കിലും മെഡിക്കൽ കോളേജിലെ പഠനത്തിന് വിട്ടുകൊടുക്കണമെന്നും ആദ്യം എഴുതി. പിന്നീടാണ് തോന്നലുണ്ടായത്: എന്തിനാണ് മൃതശരീരത്തെ കുളിപ്പിക്കുന്നത്? അതിലൂടെ തന്റെ ചുളുങ്ങിയ വൃദ്ധനഗ്നശരീരം കുറച്ചാളുകൾ കാണുന്നതിലെ അപഹാസ്യത അയാൾ ഓർത്തു. പിന്നത്തെ കുറിപ്പിൽ കുളിപ്പിക്കേണ്ട എന്നെഴുതി. ശരീരം മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുന്നതിനെക്കുറിച്ചും അയാൾക്ക് പിന്നീട് സംശയങ്ങൾ ഉണ്ടായി. മണ്ണിൽ ലയിക്കുന്നതല്ലേ ശരി? സൂക്ഷ്മജീവികൾക്ക് ഭക്ഷണമായി തീരണം. പ്രപഞ്ചത്തിൽ ഒന്നും ഇല്ലാതാകുന്നില്ലല്ലോ. ഒന്നു വേറൊന്നായി മാറുന്നു.
ശാരീരിക അസ്വസ്ഥതകൾ ജീവിതപങ്കാളിയിൽ നിന്നുപോലും അയാൾ മറച്ചുവച്ചിരുന്നു. അതുകൊണ്ട് മരുന്നുകളോ ആൻജിയോപ്ലാസ്റ്റി പോലെയുള്ള ലഘു ശസ്‌ത്രക്രിയകളോ പോരാത്ത അവസ്ഥയിൽ രോഗം അധികരിച്ചു.
ആറുമാസങ്ങൾക്ക് മുമ്പാണ് ഹാർട്ട് സർജറിക്കുവേണ്ടി അയാളെ പട്ടണത്തിലെ ഹൃദയാഞ്ജലി എന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടത്തെ കാർഡിയാക് സർജൻ ചോദിച്ചു:
“കബീറും മേഴ്സിയും അല്ലേ?”
“അതെ.”
“പ്രണയിച്ച് വിവാഹം ചെയ്‌തവരാണ്?”
“അതെ.”
“അന്ന് ഹൃദയങ്ങൾ കൈമാറിയപ്പോൾ അതിന് വല്ല പരിക്കും പറ്റിക്കാണുമോ?”
കബീർ മറുപടി പറഞ്ഞില്ല. അയാൾ അങ്ങനെയുള്ള തമാശകൾക്ക് പ്രതികരിക്കുക പതിവില്ല. പക്ഷേ മേഴ്സി പറഞ്ഞു.
“ഉണ്ടാവാൻ സാധ്യതയുണ്ട് സർ.”

രവീന്ദ്രനാഥൻ എന്നാണ് ഈ സർജന്റെ പേര്. കണ്ടപ്പോൾ അദ്ദേഹത്തോട് കബീറിന് അതൃപ്തി തോന്നിയിരുന്നു. മെലിഞ്ഞ് നീണ്ട് അസ്ഥിമാത്രമായ ഒരു മനുഷ്യൻ. ഒട്ടും അനുയോജ്യമല്ലാത്ത മട്ടിൽ സ്യൂട്ട് ധരിച്ചിരിക്കുന്നു. വല്ലാതെ കുഴിഞ്ഞ കണ്ണുകൾ. ശരീരത്തിലോ മുഖത്തോ അൽപ്പംപോലും രോമങ്ങൾ ഇല്ലാത്തതുകൊണ്ട് അനായാസേന വരച്ച ഒരു കാർട്ടൂൺ കഥാപാത്രം പോലെ തോന്നിച്ചു. എൻജിനിയറിങ്ങിന് പഠിക്കാൻ വിദേശത്തുപോയ ഇദ്ദേഹം അത് പാതിവഴിയിൽ ഉപേക്ഷിച്ച് ജേർണലിസ്റ്റായി, പിന്നെ വൈദ്യം പഠിച്ച് തിരിച്ചു വന്നതാണെന്ന് ആളുകൾ പറഞ്ഞു: പകൽ രോഗികളെ പരിശോധിക്കും. രാത്രി മുഴുവൻ ഓപറേഷൻ തിയറ്ററിൽ. ഉറക്കമില്ല. ഭക്ഷണവും അപൂർവം. ഏതു സമയത്തും സംസാരിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ തന്നോട് തന്നെ. പുറത്ത് എത്രപേർ കാത്തിരിക്കുന്നുണ്ട് എന്നു കണക്കാക്കാതെ മുന്നിലിരിക്കുന്നവരോട് സംസാരിക്കും. ലോകകാര്യങ്ങൾ പറയാൻ തുടങ്ങും. അദ്ദേഹം കബീറിനോട് പറഞ്ഞു:
“എല്ലാ പ്രണയകവിതകളിലും കഥകളിലും ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന ഒരു വാക്ക് ഹൃദയം എന്നതായിരിക്കും അല്ലേ? കരളിന് രണ്ടാം സ്ഥാനമുണ്ട്. പഴയൊരു നോവലുണ്ടല്ലോ, ഗ്രേറ്റ് എക്പറ്റേഷൻസ്. ചാൾസ് ഡിക്കൻസിന്റെ. അതിലെ പുരുഷവിദ്വേഷിയായ സ്‌ത്രീകഥാപാത്രം വളർത്തുമകളോട് പറയുന്നത്: ബ്രേക്ക് ഹിസ് ഹേർട്ട് എന്നാണ്. പാവം ഹൃദയം എന്തുപിഴച്ചു?
ഈയിടെയായി ഹൃദയങ്ങൾക്ക് ഓവർടൈം പണിയാണ്. പണ്ട് പത്തറുപത് കൊല്ലമൊക്കെ മിടിച്ചാൽ മതിയായിരുന്നു. ഇപ്പോൾ മനുഷ്യായുസ്സ് കൂടി. തൊണ്ണൂറും നൂറുമൊക്കെയാണ്. അത്രയും കാലം അത് പണിയെടുക്കണ്ടേ? ഹൃദയങ്ങൾ ഇപ്പോൾ പ്രക്ഷോഭസമരത്തിലാണ്.”
സർജറിയുടെ തലേന്ന് കബീർ മേഴ്സിയോട് പറഞ്ഞു:
“മനുഷ്യായുസ്സ് നൂറ്റിയിരുപത് വർഷമാണെന്നല്ലേ പറയുന്നത്? അത്രയൊക്കെ കാലം ജീവിച്ചാൽ എന്തൊരു ബോറായിരിക്കും?”
മേഴ്‌സിക്ക് ചിരിവന്നു. അവർ പറഞ്ഞു:
“ഞങ്ങളുടെ ബൈബിൾ പറയുന്നത് അതിനപ്പുറത്തായിരുന്നു ആയുസ്സെന്നാണ്. ആദമിന്റെ ആയുഷ്‌കാലം തൊള്ളായിരത്തി മുപ്പത് കൊല്ലമായിരുന്നു. പിന്നെ പാപികൾ ജനിക്കാൻ തുടങ്ങിയപ്പോൾ അവർക്ക് അത്രകാലം ജീവിതം വേണ്ട എന്ന് നിശ്ചയിച്ച് കർത്താവത് കുറച്ചു.”
സർജറിയുടെ തലേദിവസം രോഗിക്ക് തിരക്കായിരിക്കുമല്ലോ. ഇടവിടാതെയുള്ള പരിശോധനകൾ. അതിനുവേണ്ടി ഡോക്ടർമാരും നേഴ്‌സുമാരും വരുന്നു. ചില ടെസ്റ്റുകൾക്കും സ്‌കാനിങ്ങിനും വേണ്ടി ലാബുകളിലേക്ക് പോകേണ്ടതുണ്ട്. വീൽച്ചെയർ, സ്ട്രെച്ചർ. ഒന്നു കഴിഞ്ഞാൽ ഒന്ന്. ചിലയിടങ്ങളിലേക്ക് കബീർ നടന്നുതന്നെ പോയിരുന്നു. അതിനിടെ ആരോഗ്യപ്രവർത്തകരുടെ ഒരുപാട് നിർദേശങ്ങൾ അയാൾ കേൾക്കേണ്ടതുണ്ട്.
ക്ഷീണിച്ച് ഇടയ്‌ക്ക് തെല്ലുനേരം കിടന്നപ്പോഴാണ് ആയുസ്സിനെക്കുറിച്ച് പറഞ്ഞത്. അദ്ദേഹം ഭാര്യയോട് ചോദിച്ചു.
“കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ഒരു ലേഖനം ഞാൻ വായിച്ചുതരട്ടെ? കേൾക്കാൻ മനസ്സുണ്ടാകുമോ?”
“കേൾക്കാം.”
വീട്ടിൽവച്ച് ചില വൈകുന്നേരങ്ങളിൽ അവർ പത്രങ്ങളും പുസ്‌തകങ്ങളും തമ്മിൽ വായിച്ച് കേൾപ്പിക്കാറുണ്ട്. ഇപ്പോൾ കബീറിന്റെ കൈവശമുള്ളത് ‘വയോജനമിത്രം’ എന്ന ഒരു സമാന്തര മാസികയാണ്. സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയുടെ പ്രതിമാസ ബുള്ളറ്റിനാണത്. ആ സംഘടനയിൽ അയാൾ അടുത്തകാലത്ത് അംഗമായി ചേർന്നിരുന്നു.
“ഇത് പുനഃപ്രസിദ്ധീകരിച്ച ഒരു ലേഖനമാണ്. മരണഭീതിയെക്കുറിച്ച്.”

അയാൾ വായിക്കാൻ തുടങ്ങി: “മനുഷ്യപ്രകൃതിയിൽ നൈസർഗികമായ ചില ചേർച്ചക്കേടുകൾ (Disharmonies) കലർന്നിരിപ്പുണ്ട്. ഇവയിൽ ഏറ്റവും പ്രബലമായതാണ് മരണഭീതി. മനുഷ്യന്റെ സ്വാഭാവികമായ ജീവിതസ്നേഹത്തെയാണ് ഈ ഭയം വെളിപ്പെടുത്തുന്നത്. തത്വദൃഷ്ട്യാ മരണഭീതിക്കും ജീവിതസ്നേഹത്തിനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. എന്തെന്നാൽ ഒന്ന് മറ്റേതിനോട് അഭേദ്യമായ വിധം ചേർന്നിരിക്കുന്നു. സാമാന്യനിയമമനുസരിച്ച് ജീവിച്ചു പഴകുംതോറും ജീവിതസ്നേഹം കുറഞ്ഞ് വരികയാണ് വേണ്ടത്. അതുവഴി മരണഭീതിയും കുറയേണ്ടതാണ്. എന്നാൽ നമ്മുടെ അനുഭവം അങ്ങനെയാണോ? വാർധക്യം കൂടി വരുന്തോറും മരണഭീതി കുറഞ്ഞു വരേണ്ടതിനു പകരം കൂടുകയാണ്.”
ക്ഷീണംകൊണ്ട് അയാൾ വായന മുഴുമിക്കാതെ കിടന്നു. തെല്ലുകഴിഞ്ഞ് പറഞ്ഞു:
“കുറ്റിപ്പുഴ 1900‐ത്തിലാണ് ജനിച്ചത്. 1971‐ൽ മരിച്ചു. ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ നൂറ്റിയിരുപത് വയസ്സ് കഴിഞ്ഞേനെ. നൂറ്റിയിരുപതു വയസ്സുവരെ ജീവിക്കാൻ കഴിഞ്ഞാൽ മരണഭീതി ഉണ്ടാവില്ല എന്നാണ് അദ്ദേഹം പറയുന്നത്. പ്രകൃത്യാനുസരണമായ കാലം മുഴുവൻ ജീവിക്കണമത്രെ! അപ്പോൾ പകൽ മുഴുവൻ ജോലിചെയ്‌ത് കൃതാർഥത നേടി രാത്രിയിൽ സംതൃപ്തിയോടെ നിദ്രക്കൊരുങ്ങുന്നതുപോലെ മരണമാകുന്ന ദീർഘനിദ്രയ്‌ക്ക് നാം സ്വയം സന്തോഷത്തോടെ തയ്യാറാവുമെന്ന് അദ്ദേഹം പറയുന്നു. എനിക്കത് ശരിയാണെന്ന് തോന്നുന്നില്ല.’’
“കുറ്റിപ്പുഴസാറിനെ ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങൾ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കൊടുങ്ങല്ലൂരിൽ ടി എൻ കുമാരന്റെ ഉത്സാഹത്തിൽ ഒരു യുക്തിവാദി സമ്മേളനം നടന്നിരുന്നു. കുറ്റിപ്പുഴയും എം സി ജോസഫും വി ടി ഭട്ടതിരിപ്പാടും ടി കെ കുഞ്ഞയ്യപ്പൻമാഷും വന്നു. ഞാനും ഹൈദരും പ്രസംഗം കേൾക്കാൻ പോയി. വേദിയിലിരിക്കുന്ന എം സി ജോസഫിനെ ചൂണ്ടി ഹൈദർ പറഞ്ഞത്, അങ്ങോര് വലിയൊരു മന്ത്രവാദിയാണെന്നാണ്. പുതിയകാവിൽ ഹൈദറിന്റെ മാമയുടെ വീട്ടിൽനിന്ന് ഒരു ചെകുത്താനെ അദ്ദേഹം കയ്യോടെ പിടിച്ചിട്ടുണ്ട്.’’
“യുക്തിവാദിസംഘത്തിന്റെ ഒരു മീറ്റിങ്ങിൽ വച്ചാണ് ഞാൻ നിങ്ങളെ ആദ്യം കണ്ടത്.”
മേഴ്സി പറഞ്ഞു.
“നിങ്ങൾക്കത് ഓർമയുണ്ടാവില്ല. നിങ്ങൾ എന്നെ കണ്ടിരുന്നില്ല. അന്ന് പെരിന്തൽമണ്ണ ഹൈസ്‌കൂളിലാണ് ഞാൻ ജോലി ചെയ്‌തിരുന്നത്. അതൊരു ശനിയാഴ്‌ച മുടക്കുദിവസം ആയിരുന്നു. എച്ച്എമ്മിനെ സഹായിക്കാൻ വേണ്ടി ഞാൻ ചെന്നതാണ്. അപ്പോഴവിടെ ഒരു ക്ലാസ്‌മുറിയിൽ യോഗം. നിങ്ങൾ പ്രസംഗിച്ചുകൊണ്ടുനിൽക്കുന്നു.”
“കണ്ടപ്പോൾ എന്തുതോന്നി?”
“എന്തു തോന്നാനാണ്? ഒരു മനുഷ്യൻ നിന്ന് അസത്യമായ എന്തൊക്കെയോ വിളിച്ചു പറയുന്നു.”
അവർ ചിരിച്ചു.
ഒരു നഴ്സ് കടന്നുവന്നു: “രാത്രിയിലെ ഫാസ്റ്റിങ്ങിന്റെ കാര്യം ഡോക്ടർ പറഞ്ഞത് ഓർമയുണ്ടല്ലോ. പറഞ്ഞ അളവിൽ മാത്രം വെള്ളം കുടിച്ചാൽ മതി. നിത്യം കഴിക്കുന്ന മരുന്നുകളിൽ രണ്ടെണ്ണം ഒഴിവാക്കാൻ പറഞ്ഞിട്ടുണ്ട്. കൂട്ടത്തിൽനിന്ന് അത് മാറ്റിവയ്‌ക്കണം.”
രാത്രിയിലെ മരുന്നുകൾ കഴിക്കുന്നതിന് മുമ്പ് കബീർ ടാബ് തുറന്ന് ഫേസ്ബുക്കിൽ എഴുതി:
“നാളെ ജീവിതത്തിലെ ഒരു നിർണായക ദിവസമാണ്. ഓപൺ ഹാർട്ട് സർജറി. ഒരു വഴിത്തിരിവ്. തിരിയുന്ന വഴി എങ്ങോട്ടാണെന്ന് നിശ്ചയമില്ല. ജീവിതത്തിലേക്കാണോ അതിനപ്പുറത്തെ ശൂന്യതയിലേക്കാണോ? ഒരു മരണാനന്തരലോകത്തെക്കുറിച്ച് ചിന്തിച്ച് സമാധാനിക്കാനുള്ള അവകാശം എന്നേപ്പോലെ ഒരവിശ്വാസിക്ക് ഇല്ല.”
പൊതുവെ ചെറിയൊരു അനാരോഗ്യം കുട്ടിക്കാലം മുതലേ എന്നെ പിന്തുടരുന്നുണ്ട്. അത് ശരിക്കുള്ളതാണോ സാങ്കൽപ്പികമാണോ എന്നറിയില്ല. പണ്ടുമുതലേ ശരീരം അനങ്ങിയുള്ള പ്രവർത്തനങ്ങളൊന്നും പതിവില്ല. വീട്ടിൽ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല എന്നും പറയാം. അക്കാലത്ത് പുറത്തുപോയി കൂട്ടുകാർക്കൊപ്പം കളിക്കാൻ ഉമ്മയും ബാപ്പയും എന്നെ അനുവദിച്ചിരുന്നില്ല. റിട്ടയർ ചെയ്‌തശേഷം, പ്രത്യേകിച്ച് കോവിഡ് ബാധിച്ചതിനുശേഷം ചില ശാരീരികപ്രശ്നങ്ങൾ അധികരിച്ചു വന്നു. കിതപ്പ്. ശരീരത്തിൽ പലയിടത്തും വേദന. ഇടയ്‌ക്ക് നെഞ്ചിലും വേദന ഉണ്ടായിരുന്നു. ഞാൻ അതെല്ലാം മേഴ്സിയിൽനിന്ന് മറച്ചുവച്ചു. എനിക്കറിയാമായിരുന്നു അതവന്റെ വരവു തന്നെയാണെന്ന്. വരട്ടെ, കാത്തിരിക്കാം എന്നു കരുതി. എന്റെ ബാപ്പ പടിക്കൽ മഠത്തിൻ ഹൈദ്രോസ് ഹാജി മരിച്ചതും ഹൃദ്രോഗം ബാധിച്ചാണ്. എറിയാട് ചന്തസ്ഥലത്ത് നിൽക്കുമ്പോൾ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
1990 സെപ്തംബർ 19‐നായിരുന്നു ബാപ്പയുടെ മരണം. അത് നാട്ടിലെ കമ്യൂണിസ്റ്റുകാർ അവരുടെ രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടതിന്റെ വാർഷികം ആചരിക്കുന്ന ദിവസമായിരുന്നു. അഹമ്മു- അബ്ദുൾ ഖാദർ രക്തസാക്ഷിദിനം എന്നു പറയും. അതു സംബന്ധിച്ച പ്രകടനം നോക്കി ബാപ്പ റോഡരികിൽ നിൽക്കുകയായിരുന്നു. നിലത്തു വീണുകിടന്ന അദ്ദേഹത്തെ ജാഥയിലെ പ്രവർത്തകരാണ് എടുത്ത് ആസ്പ്രത്രിയിലെത്തിച്ചത്. പക്ഷേ രക്ഷിക്കാനായില്ല. ആശുപത്രിയിലാണ് എന്ന വിവരത്തിന് എനിക്കു ഫോൺ വന്നു. മിനിറ്റുകൾക്കകം ആൾ പോയി എന്ന വാർത്തയും വന്നു.
കമ്യൂണിസ്റ്റുകാരുടെ പ്രകടനം കാണാൻ കോൺഗ്രസുകാരനായ ബാപ്പ എന്തിനു പോയിനിന്നു എന്ന് ഞാൻ ആലോചിച്ചു. ബാപ്പയ്‌ക്ക് അപ്പോൾ എൺപത്തിയഞ്ച് വയസ്സുണ്ട്. ഇപ്പോൾ എനിക്ക് അറുപത്തിയഞ്ചും. പാരമ്പര്യത്തിന്റെ കണക്കനുസരിച്ച് ഇരുപതുകൊല്ലംകൂടി ജീവിക്കാൻ അവകാശമുണ്ട്. അതിന്റെ ആവശ്യമില്ല.

ഹാർട്ട് സർജറിയെ മുൻനിർത്തിയുള്ള ഇത്തരം ആലോചനകൾ ഇന്ന് ആവശ്യമില്ലാത്തതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഹൃദയം വൈദ്യശാസ്ത്രത്തിന്റെ പിടിയിലായിക്കഴിഞ്ഞു. അതിപ്പൊ കാറ്ററാക്ട് സർജറി പോലെ സാധാരണമായി. ഏതാണ്ടെല്ലാവർക്കും വേണ്ടിവരുന്നുണ്ട്. ഏറെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന പല സുഹൃത്തുക്കളും സർജറി കഴിഞ്ഞവരാണ്. എന്റെ യൗവനകാലത്തെ സ്ഥിതി അങ്ങനെയല്ല.
ഞാൻ ഓർമിക്കുന്നത് സുഹൃത്ത് യോഹന്നാനെയാണ്. ഏതാണ്ട് മുപ്പതോ നാൽപ്പതോ വർഷങ്ങൾക്ക് മുമ്പാണ്. കൊടുങ്ങല്ലൂർ മതിലകത്തുകാരനായ അദ്ദേഹം തൃശൂർ ജില്ലാ ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്‌തിരുന്നു. അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖം വന്നു. സർജറി ചെയ്‌തില്ലെങ്കിൽ ജീവിതം എണ്ണപ്പെട്ട ദിവസങ്ങളിലേക്ക് ചുരുങ്ങും എന്ന സ്ഥിതിയായി. സർജറി വിജയിക്കുമോ? അദ്ദേഹത്തിന്റെ ഡോക്ടർ പറഞ്ഞു: എനിക്ക് ഉറപ്പൊന്നും പറയാനാവില്ല. നിങ്ങൾ ദൈവത്തോട് പ്രാർഥിക്കൂ. കടുത്ത വിശ്വാസിയായ യോഹന്നാൻ പ്രാർഥിച്ചശേഷം സർജറിക്ക് സന്നദ്ധനായി.
അന്ന് തൃശൂരിലൊന്നും അതിനുള്ള സംവിധാനമില്ല. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ പോകണം. എഴുത്തുകുത്തുകൾ നടത്തി അവിടെനിന്ന് തീയതി നിശ്ചയിച്ചുകിട്ടി. പോകുന്നതിന് ഒരാഴ്‌ച മുമ്പ് യോഹന്നാൻ തൃശൂരിലെ ആപ്പീസിൽ വന്ന് എന്നെ കണ്ടു. അദ്ദേഹത്തിന് ഒരാവശ്യമുണ്ട്. ഒരു വിൽപത്രം അഥവാ മരണപത്രം എഴുതി രജിസ്ട്രാക്കണം.
“അതെന്തിന് യോഹന്നാനെ?”
“ഇരിക്കട്ടെ.”
യോഹന്നാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞങ്ങളുടെ പിഡബ്ല്യുഡി ആപ്പീസിന് അടുത്തു തന്നെയാണ് തൃശൂർ സബ് രജിസ്ട്രാപ്പീസ്. ഞാൻ യോഹന്നാനെ കൂട്ടി ഒരു ഡോക്യുമെന്റ് റൈറ്ററെ ചെന്നുകണ്ടു. സ്വത്തുക്കൾ അത് അത്രയധികമൊന്നുമില്ല; മതിലകം ചന്തക്കടവിലെ പത്തുസെന്റ് പുരയിടവും വീടും - ഭാര്യയുടെ പേരിൽ എഴുതിവയ്‌ക്കാനാണ് അദ്ദേഹം നിശ്ചയിച്ചത്. അതു രജിസ്റ്ററാക്കുന്ന സമയത്ത് ഞാൻ സാക്ഷിയായി ഒപ്പുവച്ചു. തിരിച്ചു നടക്കുമ്പോൾ യോഹന്നാൻ പറഞ്ഞു:
“അഥവാ ദൈവത്തിന്റെ നിശ്ചയം വേറൊന്നാണെങ്കിൽ നമ്മൾ പരലോകത്തുനിന്നു നോക്കുമ്പോൾ കെട്ട്യോളും കുട്ട്യോളും സുഖമായിട്ടു കഴിയുന്നത് കാണണം.”
നിർഭാഗ്യം എന്നു പറയട്ടെ, യോഹന്നാന്റെ സർജറി വിജയിച്ചില്ല. യോഹന്നാന്റെ ഭാഷയിൽ ദൈവം വേറൊന്നാണ് നിശ്ചയിച്ചത്. മൃതശശീരം മതിലകത്തെ വീട്ടിൽ എത്തിച്ച സമയത്ത് ഞാൻ കാണാൻ പോയിരുന്നു. പോസ്റ്റ്മോർട്ടം ചെയ്‌തതുകൊണ്ട് മൂടിക്കെട്ടിയ രൂപത്തിലായിരുന്നു. മുഖത്ത് എന്തോ വെളുത്തപൊടി പറ്റിപ്പിടിച്ചു കണ്ടു. പക്ഷേ ആ പൊടി പുരണ്ട വരണ്ട ചുണ്ടുകളിൽ ഒരു നേർത്ത മന്ദഹാസം ഉള്ളതായി എനിക്കു തോന്നി.
സർജറിയെക്കുറിച്ച് ആലോചിച്ച് എനിക്ക് വലിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. സ്വതവേ എനിക്ക് ആശുപത്രിയിലെ നടപടികൾക്ക് വിധേയനാവാൻ താൽപ്പര്യമില്ല. പിന്നീട് ഒരു വെളിപാടുണ്ടായി. യോഹന്നാനെ പോലെ ഓപറേഷൻ തിയറ്ററിൽ വച്ച് അബോധത്തിൽ മരിക്കുകയാണെങ്കിൽ അതല്ലേ നല്ലത്. അതോടെ അസ്വസ്ഥതകൾ മാറിക്കിട്ടി.
“ഇപ്പോൾ നല്ല മനസ്സമാധാനമുണ്ട്. നന്ദി, എല്ലാവർക്കും.”. (തുടരും)









0 comments