ad
Deshabhimani

നഗോയ ഉണർന്നു; ഏഷ്യൻ ഗെയിംസിന് തുടക്കം

Asian Games

Image Credit : AFP

വെബ് ഡെസ്ക്

Published on Sep 19, 2026, 03:57 PM | 1 min read

ന​ഗോയ : ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോ​ഗിക തുടക്കം. പലോമ മിസുഹോ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ മനു ഭാക്കറും കബഡി താരം പവൻ ഷെറാവത്തുമായിരുന്നു ഇന്ത്യയുടെ പതാക വാഹകർ. ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിംഗ് ടൂറിന് പകരക്കാരനായാണ് ഷെറാവത്ത് തിരഞ്ഞെടുക്കപ്പെട്ടത്.


17,000ത്തിലധികം അത്‌ലറ്റുകളും ഒഫീഷ്യലുകളുമാണ് ഏഷ്യൻ ​ഗെയിംസിൽ പങ്കെടുക്കുന്നത്. ദുരന്തമുഖത്തു നിന്ന് പ്രതീക്ഷയോടെ ഉയിർത്തെഴുന്നേറ്റ് പലസ്തീനും നേപ്പാളും ഇത്തവണ ​ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്.


ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര ഈ വർഷത്തെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നില്ല. കണങ്കാലിലെ ലിഗമെന്റ് പരിക്ക് കാരണം കഴിഞ്ഞ മാസം ഈ സീസണിൽ മത്സരങ്ങൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പരിക്കുകൾ കാരണം രണ്ട് ഏഷ്യൻ ഗെയിംസുകളാണ് താരത്തിന് നഷ്ടമായത്.


ഇന്ത്യക്കായി നഗോയയിൽ 499 കായിക താരങ്ങളാണ്‌ ഇറങ്ങുന്നത്‌. ആദ്യം പ്രഖ്യാപിച്ച 503 അംഗ പട്ടികയിൽനിന്ന്‌ നാല്‌ പേർ കുറഞ്ഞു. 267 പുരുഷന്മാരും 232 വനിതകളുമാണ്‌ ടീമിലുള്ളത്. 36 കായിക ഇനങ്ങളിലാണ് മത്സരിക്കുന്നത്. ഹാങ്‌ഷുവിൽ 35 ഇനങ്ങളിലായി 661 പേരായിരുന്നു ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്. ഇത്തവണ 74 പേരുള്ള അത്‌ലറ്റിക്‌സാണ് ജംബോ സംഘം. ഹോക്കി (40), ക്രിക്കറ്റ്‌ (30), കബഡി (24), ഷൂട്ടിങ്‌ (30) എന്നിങ്ങനെയാണ്‌ മറ്റ്‌ ഇനങ്ങളിലെ പ്രാതിനിധ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home