കോടതിയിലെ വാദങ്ങൾ മാധ്യമങ്ങളോട് പറയരുത്, അഭിഭാഷകർക്കെതിരെ നടപടി സ്വീകരിക്കണം: അഭയ് എസ് ഓഖ

ന്യൂഡൽഹി : കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസുകളെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുന്ന അഭിഭാഷകർക്കെരിതെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടപടി സ്വീകരിക്കണമെന്ന് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അഭയ് എസ് ഓഖ. ഇത്തരം പ്രവണതകൾ അഭിഭാഷകരുടെ സ്വയംപ്രചാരണമായി മാറാമെന്നും പരസ്യവും കേസുകൾ തേടുന്നതും വിലക്കുന്ന ബിസിഐയുടെ ചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രധാന കേസുകളിലെ വാദം കഴിഞ്ഞശേഷം അഭിഭാഷകർ മാധ്യമങ്ങളോട് കോടതിയിൽ നടത്തിയ വാദങ്ങളും ജഡ്ജിമാർ ചോദിച്ച ചോദ്യങ്ങളും വിശദീകരിക്കുന്നത് ശരിയായ രീതിയല്ലെന്ന് ഓഖ പറഞ്ഞു. ചില അഭിഭാഷകർ ജഡ്ജിമാരുടെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി തങ്ങളുടെ ഭാഗം ജയിക്കുമെന്ന തരത്തിലടക്കം സംസാരിക്കാറുണ്ട്. ബിസിഐ ചട്ടങ്ങളിലെ റൂൾ 5 പ്രകാരം അഭിഭാഷകർ ജോലിക്കായി പരസ്യം ചെയ്യുകയോ പ്രസ്താവനകൾ, ചിത്രങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് സ്വയംപ്രചാരണം നടത്തുകയോ ചെയ്യുന്നത് വിലക്കിയിട്ടുണ്ടെന്ന് ഓഖ ചൂണ്ടിക്കാട്ടി.
കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസിനെപ്പറ്റി അഭിഭാഷകൻ മാധ്യമങ്ങളോട് സംസാരിക്കുന്നത് ഈ ചട്ടത്തിന്റെ പരിധിയിൽ വരാമെന്നും ഓഖ പറയുന്നു. അതേസമയം തുറന്ന കോടതി സംവിധാനത്തിനും ഹൈക്കോടതി, സുപ്രീംകോടതി നടപടികളുടെ ലൈവ് സ്ട്രീമിംഗിനും പൊതുജനങ്ങൾക്ക് കോടതിയിലെ കാര്യങ്ങൾ അറിയാനുള്ള അവകാശത്തിനെയും താൻ അനുകൂലിക്കുന്നെന്നും ഓഖ പറഞ്ഞു. എന്നാൽ വാദത്തിനിടെ ജഡ്ജിമാർ ചോദിക്കുന്ന ചോദ്യങ്ങളെയും പറയുന്ന നിർദേശങ്ങളെയും അന്തിമ നിലപാടായി പുറത്ത് ചിത്രീകരിക്കുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നും ഓഖ പറഞ്ഞു. ഇത്തരം വിവരങ്ങൾ പുറത്തുപറയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകൾ നശിപ്പിക്കാനിടയാക്കുമെന്നും ഓഖ പറഞ്ഞു.









0 comments