കവർസ്‌റ്റോറി
സിനിമയെ പ്രണയിച്ച ഒരു നഗരം

വി കെ ജോസഫ്
Published on Sep 19, 2026, 03:15 PM | 15 min read
സിനിമ നിർമിച്ചവരുടെയും സിനിമയിൽ അഭിനയിച്ചവരുടെയും പാടിയവരുടെയും നഗരം മാത്രമല്ലായിരുന്നു കോഴിക്കോട്; നല്ല ക്ലാസിക് സിനിമകൾ കാണുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും തർക്കിക്കുകയും ലോകസിനിമയിലേക്ക് നോക്കുകയും ചെയ്‌തവരുടെകൂടി നഗരമായിരുന്നു. സിനിമാക്കാരെ പിന്തുണയ്‌ക്കുകയും സ്‌നേഹിക്കുകയും നല്ല സിനിമയ്‌ക്കായി സൗഹൃദങ്ങൾ രൂപപ്പെടുത്തുകയും ചെയ്‌ത ഒരു സാംസ്‌കാരിക ഇടം കൂടിയായിരുന്നു ഒരുകാലത്ത് ഈ പ്രദേശം.
കോഴിക്കോട് എല്ലാ അർഥത്തിലും ഒരു സാംസ്‌കാരിക നഗരമാണ്. കേരളത്തിലെ ഒരു നഗരത്തിനും അവകാശപ്പെടാനില്ലാത്ത മഹാസൗഹൃദങ്ങളുടെയും കൂട്ടായ്‌മകളുടെയും മഴവില്ല് രാത്രിയെന്നോ പകലെന്നോ കണക്കാക്കാതെ തെളിഞ്ഞുനിന്നു കോഴിക്കോടിന്റെ ആകാശത്ത്. രാവേറെ കഴിഞ്ഞാലും വെളിച്ചവും ജീവിതവും ഇരുളാതെ സംഗീതരാവുകളുടെയും രാഷ്‌ട്രീയ ചർച്ചകളുടെയും നാടക റിഹേഴ്‌സലുകളുടെയും സിനിമാ ചർച്ചകളുടെയും അരങ്ങുകൾ ഇവിടെ ജ്വലിച്ചുനിന്നു. ഇവിടെയാണ് എം എസ് ബാബുരാജും കോഴിക്കോട് അബ്ദുൾ ഖാദറും മറ്റ് നിരവധി ഗായകരും ഹിന്ദുസ്ഥാനി സംഗീത സദസ്സുകളുടെയും ഗസലുകളുടെയും മധുരമാർന്ന താളം ഹൃദയത്തിലേക്കെടുത്ത് പൊലിപ്പിച്ച് ചുറ്റിലുമുള്ള മനുഷ്യർക്ക് വീതിച്ച് നൽകിയത്. വൈക്കം മുഹമ്മദ് ബഷീറും എം ടി വാസുദേവൻ നായരും എൻ പി മുഹമ്മദും കെ ടി മുഹമ്മദും തിക്കോടിയനും കുഞ്ഞാണ്ടിയും എസ് കെ പൊറ്റെക്കാട്ടും അരവിന്ദനും ഐ വി ശശിയും ടി ദാമോദരനും നിലമ്പൂർ ബാലനും ബാലൻ കെ നായരും കുതിരവട്ടം പപ്പുവും മാമുക്കോയയും നെല്ലിക്കോട് ഭാസ്‌കരനും ചെലവൂർ വേണുവും ചിന്ത രവീന്ദ്രനും കെ പി ഉമ്മറും പട്ടത്തുവിള കരുണാകരനും ജോൺ എബ്രഹാമും കടമ്മനിട്ട രാമകൃഷ്ണനും എ അയ്യപ്പനും ബാബു ഭരദ്വാജും ശാന്താദേവിയും തുടങ്ങി, സിനിമയെയും നാടകത്തെയും സാഹിത്യത്തെയും പ്രണയിച്ചും കലഹിച്ചും ജീവിച്ച് മരിച്ചത് കോഴിക്കോടിന്റെ രാത്രികളും പകലുകളും തീർത്ത സ്വപ്‌നങ്ങളുടെയും യാഥാർഥ്യങ്ങളുടെയും ഉള്ളിലൂടെ നടന്നുകൊണ്ടാണ്.
സിനിമയുമായി കോഴിക്കോടിനുള്ള ബന്ധം വളരെ പഴയതാണ്. നഗരത്തിന്റെ സിനിമയുടെ ആദ്യകാല ചരിത്രം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേക്കാണ് പോകുന്നത്. 1906-‐ൽ മുതലക്കുളം മൈതാനത്ത് താൽക്കാലിക ടെന്റിൽ ചലിക്കുന്ന ചിത്രങ്ങളുടെ പ്രദർശനം നടന്നിട്ടുണ്ട്. സ്വാമിക്കണ്ണ് വിൻസെന്റിന്റെ മകനായ പോൾ വിൻസെന്റ് (Paul Vincent) തന്റെ Edison Bioscope ഉപയോഗിച്ചാണ് നിശ്ശബ്ദചിത്രങ്ങൾ പ്രദർശിപ്പിച്ചത്. പല നഗരങ്ങളിലും സഞ്ചരിച്ച് താൽക്കാലിക ടെന്റുകൾ ഉണ്ടാക്കിയാണ് ഇവർ സിനിമകൾ പ്രദർശിപ്പിച്ചിരുന്നത്.
നാടകത്തിൽനിന്ന് സിനിമയിലെത്തിയ അഭിനേതാക്കളുടെ വലിയ നിര കോഴിക്കോടിന്റെ മാത്രം സംഭാവനയാണ്. കെ പി ഉമ്മർ, ബാലൻ കെ നായർ, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരൻ, കുഞ്ഞാണ്ടി, ശാന്താദേവി, മാമുക്കോയ, അഗസ്റ്റിൻ തുടങ്ങി പലരും കോഴിക്കോടിന്റെ പ്രശസ്‌തമായ നാടക പാരമ്പര്യത്തിന്റെ പല വഴികളിലൂടെ സിനിമയിലേക്കെത്തിയവരാണ്.
കോഴിക്കോടിന്റെ സ്വന്തമായ നിരവധി നടിമാരും മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായിട്ടുണ്ട്. ശാന്താദേവിയെ കൂടാതെ കുട്ട്യേടത്തി വിലാസിനി, സീനത്ത്, സരസ ബാലുശേരി, സാവിത്രി ശ്രീധരൻ തുടങ്ങിയവരും പഴയ തലമുറയിലെ നടിമാരുടെ നിരയിൽ ശ്രദ്ധേയരാണ്. 21‐ാമത്തെ വയസ്സിൽ അപകടത്തിൽ മരിച്ച മോണിഷ ഉണ്ണി കോഴിക്കോടുകാരിയായിരുന്നു. ആദ്യസിനിമയിൽ തന്നെ ദേശീയ പുരസ്‌കാരം നേടിയ പ്രതിഭയായിരുന്നു അവർ. പുതുതലമുറയിലെ ശ്രദ്ധേയരായ നടിമാരിൽ പാർവതി തിരുവോത്ത്, രജീഷ വിജയൻ, ആൻ അഗസ്റ്റിൻ, സുരഭി ലക്ഷ്മി, ജോമോൾ,നീന കുറുപ്പ്, ദുർഗ കൃഷ്‌ണ, ചഞ്ചൽ, നിത്യ ദാസ്, മറീന മൈക്കിൾ, അൻസിബ ഹസ്സൻ, അഞ്‌ജലി അമീർ, ദേവിക സഞ്ജയ്, അനഘ എന്നിവർ കോഴിക്കോട്ടുകാരാണ്. ആൻ അഗസ്റ്റിൻ പ്രശസ്‌ത നടൻ അഗസ്റ്റിന്റെ മകളാണെന്നുള്ളതും ഒരു പ്രത്യേകതയാണ്. പാർവതിക്കും രജീഷയ്‌ക്കും സുരഭിക്കും ജോമോൾക്കും ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുമുണ്ട്. സുധാകരൻ, അദ്ദേഹത്തിന്റെ മകൻ സുധീഷ്, അനൂപ് മേനോൻ, ഹരീഷ് പേരടി, മേഘനാഥൻ, നീരജ് മാധവ്, ബിയോൺ, ഹരീഷ് കണാരൻ, നിർമൽ പാലാഴി, വിനോദ് കോവൂർ, നവാസ് വള്ളിക്കുന്ന്, റോഷൻ ബഷീർ...തുടങ്ങി നിരവധി അഭിനേതാക്കൾ കോഴിക്കോടിന്റെ സംഭാവനയായുണ്ട്.
എം ടി,- ഹരിഹരൻ-,
ഐ വി ശശി,-
ടി ദാമോദരൻ
---------------എം ടി വാസുദേവൻ നായർ, ഹരിഹരൻ, ഐ വി ശശി, ടി ദാമോദരൻ, പി വി ഗംഗാധരൻ തുടങ്ങിയവർ മലയാള സിനിമയുടെ ചരിത്രത്തിൽതന്നെ സ്വാധീനം ചെലുത്തിയ ചലച്ചിത്ര പ്രതിഭകളായിരുന്നു. എം ടിയുടെ സിനിമാജീവിതം പല വഴിക്കൊഴുകുന്ന നദികൾ പോലെയായിരുന്നു. അദ്ദേഹത്തിന്റെ കഥകൾ പലരും സിനിമയാക്കിയിട്ടുണ്ട്. അമ്പതിൽ അധികം തിരക്കഥകൾ എഴുതിയിട്ടുണ്ട്. ആറ് സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ഷണിക്കപ്പെടുന്ന ഫാക്കൽറ്റി ആയിരുന്നിട്ടുണ്ട്. അങ്ങനെ സിനിമയുടെ സമസ്‌ത മേഖലകളിലൂടെയും അദ്ദേഹത്തിന്റെ പ്രതിഭ പരന്നൊഴുകി. ‘നിർമ്മാല്യം' എന്ന ആദ്യസിനിമ തന്നെ വളരെയേറെ നിരൂപക പ്രശംസയും ജനകീയാംഗീകാരവും നേടിയ മഹത്തായ ചലച്ചിത്രരചനയാണ്.
ഹരിഹരൻ കോഴിക്കോടിന്റെ പ്രശസ്‌തനായ മറ്റൊരു സംവിധായകനാണ്. അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ 50-‐ലേറെ മലയാള സിനിമകൾ ഉണ്ടായി. ശരപഞ്ചരം, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, ഒരു വടക്കൻ വീരഗാഥ, സർഗം, പരിണയം, കേരളവർമ്മ പഴശ്ശിരാജ തുടങ്ങിയവയാണ് ഏറ്റവും ശ്രദ്ധേയമായവ. മലയാള സിനിമയിലെ ഏറ്റവും വലിയ കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു എം ടിയും ഹരിഹരനും.
ഐ വി ശശി കോഴിക്കോട് ജനിച്ചുവളർന്ന ചലച്ചിത്രകാരനാണ്. 1975-‐ലെ ഉത്സവം ആയിരുന്നു സംവിധായകനെന്ന നിലയിലെ തുടക്കം. 1970–90 കാലഘട്ടത്തിൽ മുഖ്യധാരാ മലയാള സിനിമയുടെ ഭാവുകത്വത്തിലും പ്രമേയങ്ങളിലും കമ്പോള സാധ്യതകളിലും മാറ്റം വരുത്തിയ സംവിധായകരിൽ ഒരാളായി അദ്ദേഹം മാറി. കോഴിക്കോട്ടുകാരനായ ടി ദാമോദരൻ എന്ന തിരക്കഥാകൃത്തും ഐ വി ശശിയുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയ്‌ക്ക് കമ്പോള വിജയം നേടിയ നിരവധി സിനിമകൾ സമ്മാനിച്ചു. മമ്മൂട്ടി നായകനായി ആദ്യമായി അഭിനയിച്ചത് ഐ വി ശശി സംവിധാനം നിർവഹിച്ച തൃഷ്ണ (1981) എന്ന സിനിമയിലാണ്. ചെറുകാടിന്റെ ‘ദേവലോകം’ എന്ന നോവലിനെ അടിസ്ഥാനമാക്കി എം ടി സംവിധാനം ചെയ്‌ത സിനിമയിലായിരുന്നു മമ്മൂട്ടിയുടെ ആദ്യ നായകകഥാപാത്രം എങ്കിലും സിനിമ പകുതിവഴിയിൽ നിന്നുപോയിരുന്നു. പിന്നീട് മോഹൻലാലിനൊപ്പം ദേവാസുരം പോലുള്ള ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്‌തു. ദേവാസുരത്തിന്റെ തിരക്കഥാകൃത്ത് രഞ്ജിത്ത് കോഴിക്കോട്ടുകാരനാണ്. കോഴിക്കോടിന്റെ സിനിമക്കാരൻ എന്ന നിലയിൽ ഐ വി ശശിക്ക് തീർച്ചയായും വളരെ ഉയർന്ന സ്ഥാനമുണ്ട്. ജോൺ പോൾ, പത്മരാജൻ എന്നിവരും കോഴിക്കോടിന്റെ സിനിമാ സൗഹൃദങ്ങളിൽ പൂത്തുലഞ്ഞവരാണ്. പത്മരാജൻ ശശിക്കുവേണ്ടി അഞ്ച് തിരക്കഥകൾ രചിച്ചിട്ടുണ്ട്. ജോൺ പോൾ നാലെണ്ണവും.
സിനിമയുടെ രാഷ്‌ട്രീയവും കോഴിക്കോടിന്റെ ജീവിതവും തന്റെ തിരക്കഥകളിൽ പ്രതിഫലിപ്പിച്ചു കൊണ്ട് സമാനതകളില്ലാത്ത ജനപ്രിയ വിജയങ്ങൾ മലയാള സിനിമയ്‌ക്ക് നൽകിയ തിരക്കഥാകൃത്തായിരുന്ന ടി ദാമോദരൻ കോഴിക്കോട് സിനിമാ ചരിത്രത്തിലെ മറ്റൊരു നിർണായക പേരാണ്. അദ്ദേഹം ഐ വി ശശിക്കുവേണ്ടി 18 തിരക്കഥകൾ എഴുതിയിട്ടുണ്ട് എന്നുള്ളത് തന്നെ അവർ തമ്മിലുള്ള ‘കെമിസ്ട്രി’ അസാധാരണമായ വിജയം നേടിയിരുന്നു എന്നുള്ളതിന്റെ സാക്ഷ്യപത്രമാണ്. ടി ദാമോദരനും ഐ വി ശശിയും ചേർന്ന കൂട്ടുകെട്ട് ‘അങ്ങാടി' പോലുള്ള ഹിറ്റ് സിനിമകൾക്ക് കാരണമായി. കോഴിക്കോട് വലിയങ്ങാടിയെ പശ്ചാത്തലമാക്കിയ ‘അങ്ങാടി' എന്ന സിനിമ നഗരവും സിനിമയും തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ്.
ഐ വി ശശി കോഴിക്കോട്ടുണ്ടായിരുന്ന സമയങ്ങളിലൊക്കെ മഹാറാണി ഹോട്ടലിലെ 106 ‐ാം നമ്പർ മുറി അദ്ദേഹത്തിന്റെ സിനിമാ പ്രവർത്തനങ്ങളുടെ പ്രധാന ഇടമായി മാറിയിരുന്നുവെന്ന് കോഴിക്കോട്ടെ സുഹൃത്തുക്കൾ ഓർമിക്കുന്നുണ്ട്. അവിടെ നിരവധി സിനിമകളുടെ ആശയങ്ങളും ചർച്ചകളും രൂപപ്പെട്ടിട്ടുണ്ട്.
സിനിമക്കാരും സിനിമക്കാരല്ലാത്തവരും സിനിമയെ പ്രണയിച്ച ആസ്വാദക കൂട്ടങ്ങളും ഒക്കെ സൗഹൃദങ്ങളുടെ കൂടാരങ്ങൾ പണിത് മഹാറാണിയിലും അളകാപുരി ഹോട്ടലിലും പാരഗണിലും ചെലവൂർ വേണുവിന്റെ സൈക്കോ ഓഫീസിലും മറ്റിടങ്ങളിലും സംവാദങ്ങളും തർക്കങ്ങളും ചർച്ചകളും പാനോപചാരങ്ങളും ആയി രാത്രികളെ വെളുപ്പിച്ചിട്ടുണ്ട്. എം ടിയും ഐ വി ശശിയും നിരവധി ചിത്രങ്ങളിൽ ഒരുമിച്ചു പ്രവർത്തിച്ചു. എം ടി എട്ടോളം തിരക്കഥകൾ ശശിക്കുവേണ്ടി രചിച്ചിട്ടുണ്ടെന്നുള്ളത് തന്നെ അവരുടെ സൗഹൃദത്തിന്റെയും സർഗാത്മക കൂട്ടുകെട്ടിന്റെയും തെളിവുകളായി അവശേഷിക്കുന്നുണ്ട്.
ബഷീർ-, എ വിൻസന്റ്,
എം എസ് ബാബുരാജ്
---------------വൈക്കത്തുനിന്ന് ബേപ്പൂർ സുൽത്താനായി എത്തി തനി കോഴിക്കോട്ടുകാരനായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്‌പദമാക്കി എ വിൻസന്റ് സംവിധാനം ചെയ്‌ത ഭാർഗവീനിലയം (1964) മലയാളത്തിലെ ഒരു ക്ലാസിക് സിനിമയായി മാറിയതും കോഴിക്കോടിന്റെ ചലച്ചിത്ര പാരമ്പര്യത്തിന്റെ തിളങ്ങുന്ന അടയാളമാണ്. എ വിൻസന്റ് കോഴിക്കോട് ജനിച്ചുവളർന്ന പ്രശസ്‌ത ഛായാഗ്രാഹകനും സംവിധായകനും ആയിരുന്നു. അക്കാലത്ത് സിനിമയുടെ ജോലികളെല്ലാം ചെന്നൈയിലാണ് നടന്നിരുന്നത് എന്നുള്ളതുകൊണ്ട് അദ്ദേഹം ചെന്നൈയിലേക്ക് പോകുകയാണ് ചെയ്‌തത് എന്ന് മാത്രം.
‘ഭാർഗവീനിലയം' അദ്ദേഹം സംവിധാനം ചെയ്‌ത ആദ്യ ചിത്രമായിരുന്നെങ്കിലും, അതിനുമുമ്പേ തന്നെ കോഴിക്കോട് പശ്ചാത്തലമുള്ള നീലക്കുയിലിന്റെ ഛായാഗ്രഹണത്തിലൂടെ മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി മാറിയിരുന്നു. പിൽക്കാലത്ത് ദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്‌ത ഛായാഗ്രാഹകനായി മാറി. അദ്ദേഹത്തിന്റെ മകൻ ജയാനൻ വിൻസന്റും പ്രശസ്‌തനായ ഛായാഗ്രാഹകനായി.
ഭാർഗവീനിലയത്തിന്റെ കഥയും തിരക്കഥയും സംവിധാനവും സംഗീതവും നിർവഹിച്ചത് കോഴിക്കോട്ടുകാരായ ബഷീറും വിൻസന്റും ബാബുരാജും ആണെന്നുള്ളത് കോഴിക്കോടിന്റെ സിനിമാ ചരിത്രത്തിലെ വിസ്മയകരവും അഭിമാനകരവുമായ ഒന്നാണ്. മറ്റൊരുതരത്തിൽ അത് കോഴിക്കോടിന്റെ സാംസ്‌കാരിക ലോകം ഒന്നിച്ചുചേരുന്നതിന്റെ അനുഭവംകൂടിയായിരുന്നു.
ഭാർഗവീനിലയത്തിൽ കുതിരവട്ടം പപ്പു ഉൾപ്പെടെയുള്ള കോഴിക്കോട് ബന്ധമുള്ള കലാകാരന്മാർ അഭിനയിക്കുകയും ചെയ്‌തു. ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ കുതിരവട്ടം പപ്പു എന്നത് പിന്നീട് അദ്ദേഹത്തിന്റെ സിനിമാനാമമായി മാറിയതും സുവിദിതമാണ്. ബഷീറാണ് ആ പേര് സ്വന്തം കഥാപാത്രത്തിന് നൽകിയത്. അദ്ദേഹത്തിന്റെ യഥാർഥ പേര് പത്മദളാക്ഷൻ എന്നായിരുന്നു.
ബഷീറും വിൻസന്റും എം എസ് ബാബുരാജും പി ഭാസ്‌കരനും കുതിരവട്ടം പപ്പുവും ഒക്കെ കൂടിച്ചേരുന്നു എന്ന് പറയുമ്പോൾ ഇത് വെറും യാദൃച്ഛികമായ ഒരു കൂട്ടായ്‌മയല്ല. കോഴിക്കോടിന്റെ സാഹിത്യവും സംഗീതവും നാടകവും സിനിമയും പരസ്‌പരം വേർതിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരുന്ന കാലത്തിന്റെ പ്രതിഫലനമാണ് അത്. ബാബുരാജിന്റെ സംഗീതവും കോഴിക്കോട് നഗരത്തിന്റെ സാംസ്‌കാരിക അന്തരീക്ഷവും തമ്മിലുള്ള ബന്ധം വളരെ ശക്തമായിരുന്നു.
പുതുതലമുറ
സംവിധായകരും
തിരക്കഥാകൃത്തുക്കളും
--------------------സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്ന് പഠനം പൂർത്തിയാക്കിയ രഞ്ജിത്ത് 44 സിനിമകൾക്ക് തിരക്കഥ രചിക്കുകയും 19 സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിക്കുകയും ചില സിനിമകൾ നിർമിക്കുകയും ചെയ്‌തു. ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചു.
മലയാള സിനിമയെ ഫ്യൂഡൽ മൂല്യങ്ങളിലേക്കും സവർണതയുടെ ആഘോഷങ്ങളിലേക്കും തമ്പുരാക്കന്മാരിലേക്കും അതിന്റെയൊക്കെ ഗൃഹാതുരതയിലേക്കും കൊണ്ടുപോയ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത് എന്ന വിമർശനം ഉണ്ടായിട്ടുണ്ട്.
അഞ്ജലി മേനോൻ കോഴിക്കോട്ട് ജനിച്ച സംവിധായികയും തിരക്കഥാകൃത്തുമാണ്. ലണ്ടൻ ഫിലിം സ്‌കൂളിലെ പഠനവും അവരുടെ സിനിമാപ്രവർത്തനത്തെ ഏറെ സഹായിച്ചിട്ടുണ്ട്. മഞ്ചാടിക്കുരു, ഉസ്‌താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ്, കൂടെ, വണ്ടർ വുമൺ തുടങ്ങിയ ചിത്രങ്ങളിലൂടെ അവർ മലയാള സിനിമയുടെ പുതിയ നഗരാനുഭവങ്ങളും കുടുംബബന്ധങ്ങളും സ്‌ത്രീയനുഭവങ്ങളും അവതരിപ്പിച്ചു. കോഴിക്കോട്ട് ജനിച്ച സംവിധായകനാണ് വി എം വിനു. ബാലേട്ടൻ ഉൾപ്പെടെ നിരവധി ജനപ്രിയ സിനിമകൾ സംവിധാനം ചെയ്‌തു.
ഷാജൂൺ കാര്യാൽ കോഴിക്കോട്ട് ജനിച്ച സംവിധായകനും നിർമാതാവുമാണ്. ഐ വി ശശിയുടെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം ആരംഭിച്ച അദ്ദേഹം ഉയരങ്ങളിൽ, അനുബന്ധം, ആവനാഴി, 1921 തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ചശേഷം ‘രജപുത്രൻ’ (1996) വഴി സംവിധായകനായി.
സുനിൽ കാരന്തൂർ കോഴിക്കോട്ട് ജനിച്ച സംവിധായകനാണ്. മാനത്തെ കൊട്ടാരം, പ്രിയപ്പെട്ട കുക്കു, വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌തു. ജോമോൻ കോഴിക്കോട്ട് ജനിച്ച സംവിധായകനും തിരക്കഥാകൃത്തും ആണ്. ഐ വി ശശിയുടെ ഒപ്പം സഹസംവിധായകനായി പ്രവർത്തിച്ചശേഷം ‘സാമ്രാജ്യം' (1990) സംവിധാനം ചെയ്‌തു.
കോഴിക്കോടൻ സിനിമാ മണ്ണിൽ പരാമർശിക്കേണ്ട പേരുകൾ ഇനിയുമുണ്ട്. ടി ദാമോദരന്റെ മകൾ ദീദി ദാമോദരൻ തിരക്കഥാകൃത്താണ്. കൂടാതെ മലയാള സിനിമയിലെ സ്‌ത്രീ കൂട്ടായ്‌മയായ WCC യുടെ സജീവ പ്രവർത്തകയുമാണ്. ദീദിയുടെ ജീവിതപങ്കാളിയും ചലച്ചിത്ര നിരൂപകനും മാധ്യമപ്രവർത്തകനും ആയ പ്രേംചന്ദ് ജോൺ എബ്രഹാമിനെ കുറിച്ചുള്ള ഒരു സിനിമയുടെ സംവിധാനത്തിലൂടെ സംവിധായകനുമായി. കോഴിക്കോട് ഫിലിം സ്‌കൂൾ നടത്തുകയും ഛായാഗ്രാഹകനായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രതാപ് ജോസഫ് ഡോകുമെന്ററികളും സ്വതന്ത്ര ഫീച്ചർ സിനിമകളും ചെയ്‌തിട്ടുണ്ട്.
കോഴിക്കോടൻ എന്ന തൂലികാനാമത്തിൽ നിരൂപണക്കുറിപ്പുകൾ എഴുതിയിരുന്ന കെ അപ്പുക്കുട്ടൻ നായർ കോഴിക്കോടിന്റെ സാംസ്‌കാരിക ജീവിതവുമായി ഇടപഴകിയിരുന്ന ആളായിരുന്നു. സിനിക്ക് എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന എം വാസുദേവൻ നായർ കോഴിക്കോട്ടുകാരൻ തന്നെയാണ്. നാദിർഷാ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ടി എം പി നെടുങ്ങാടിയെയും കോഴിക്കോടിനോട് ചേർത്തുവച്ചാണ് കാണേണ്ടത്. മാതൃഭൂമിയിൽ എഴുതിയിരുന്ന നാല് പേരായിരുന്നു നാദിർഷായും കോഴിക്കോടനും അശ്വതിയും സിനിക്കും.
അതിന് ശേഷമുള്ള തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര നിരൂപകൻ ദേശാഭിമാനി പത്രത്തിൽ സീനിയർ ന്യൂസ് എഡിറ്ററായും വാരികയിൽ സീനിയർ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്ന കോയ മുഹമ്മദാണ്. അദ്ദേഹത്തിന്റെ നിരൂപണ ശൈലി മുമ്പ് പറഞ്ഞവരേക്കാൾ വ്യത്യസ്‌തവും കൂടുതൽ ആധുനികവുമായിരുന്നു. മറ്റൊരു തരത്തിൽ അക്കാദമികവും രാഷ്‌ട്രീയ സാംസ്‌കാരിക പഠനങ്ങളും ആയിരുന്നു. അകാലത്തിൽ അന്തരിച്ച എ സോമൻ എന്ന നിരൂപകൻ ചിന്ത രവിയേപ്പോലെ വ്യത്യസ്‌തമായ മാർക്‌സിസ്റ്റ് നിരൂപണപഠനങ്ങൾ എഴുതിയിട്ടുണ്ട്.
ഗിരീഷ് പുത്തഞ്ചേരി:
കവിതയിൽനിന്ന്
സിനിമാഗാനത്തിലേക്ക്
കോഴിക്കോടിന്റെ സിനിമാ പാരമ്പര്യത്തിൽ കോഴിക്കോട് പുത്തഞ്ചേരിയിൽ ജനിച്ചു വളർന്ന ഗിരീഷ് പുത്തഞ്ചേരിക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ഗാനരചയിതാവ് എന്ന നിലയിൽ മലയാള സിനിമാഗാനത്തിന് അദ്ദേഹം നൽകിയ സംഭാവന വളരെ വലുതാണ്. അതോടൊപ്പം തിരക്കഥാകൃത്തായും പ്രവർത്തിച്ചു. 1980-‐കളുടെ അവസാനത്തിലും 1990-‐കളിലും അതിനുശേഷമുള്ള കാലഘട്ടത്തിലും മലയാള സിനിമാഗാനരംഗത്ത് സജീവമായ അദ്ദേഹം വളരെ പെട്ടെന്ന് ശ്രദ്ധേയനായി. നിരവധി സിനിമകൾക്കുവേണ്ടി ആയിരത്തിലധികം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത സാഹിത്യഭംഗിയും സിനിമയുടെ സന്ദർഭത്തിനനുസരിച്ചുള്ള ലാളിത്യവും ഒരുമിച്ച് നിലനിർത്താൻ കഴിഞ്ഞു എന്നതാണ്.
പ്രണയം, വിരഹം, മഴ, രാത്രി, കാറ്റ്, നിലാവ്, ഓർമ, ആകാശം, നക്ഷത്രം, സമുദ്രം പോലുള്ള വളരെ പരിചിതമായ കാവ്യബിംബങ്ങളും സംസ്‌കൃത–മലയാള പദങ്ങളും പുരാണബിംബങ്ങളും നാട്ടുഭാഷയും കോഴിക്കോട് മലബാർ ഭാഷയുടെ സ്വാഭാവികതയും അദ്ദേഹത്തിന്റെ രചനകളിൽ കാണാം. കോഴിക്കോട് സ്വന്തം നാടാക്കി മാറ്റിയ കൈതപ്രം ദാമോദരൻ നമ്പൂതിരി, പി കെ ഗോപി പുതിയ തലമുറയിലെ മനു മൻജിത്ത് എന്നിവരും ഗാനരചനാ രംഗത്ത് സ്വന്തം ഇടം അടയാളപ്പെടുത്തിയവരാണ്. പി ടി അബ്ദു റഹിമാൻ, കാനേഷ്‌പൂനൂർ, പ്രകാശ് മാരാർ എന്നിവരുടെ സംഭാവനയും മറക്കാൻ കഴിയില്ല.
ഗൃഹലക്ഷ്‌മി പ്രൊഡക്ഷൻസ്
കോഴിക്കോട് ആസ്ഥാനമായി പി വി ഗംഗാധരൻ സ്ഥാപിച്ച ഗൃഹലക്ഷ്‌മി പ്രൊഡക്ഷൻസ് ഏകദേശം 22 മലയാള സിനിമകൾ നിർമിച്ചിട്ടുണ്ട്. ഹരിഹരൻ, ഐ വി ശശി, ഭരതൻ, ബാലചന്ദ്രമേനോൻ, പ്രിയദർശൻ, ഷാജി കൈലാസ്, സത്യൻ അന്തിക്കാട്, ജയരാജ്, സിബി മലയിൽ, റോഷൻ ആൻഡ്രൂസ് തുടങ്ങിയ പ്രശസ്‌ത സംവിധായകരുടെയൊക്കെ നിർമാതാവായി പി വി ഗംഗാധരന്റെ നിർമാണ വിതരണക്കമ്പനി പ്രവർത്തിച്ചിട്ടുണ്ട്. ഇത് വളരെ ശ്രദ്ധേയമായ ഒരു നിർമാണചരിത്രമാണ്. അങ്ങാടി, ഒരു വടക്കൻ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, വാർത്ത, അദ്വൈതം, ഏകലവ്യൻ, കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, ശാന്തം, നോട്ട്ബുക്ക് തുടങ്ങിയ വ്യത്യസ്‌ത സ്വഭാവമുള്ള സിനിമകൾ ഒരേ നിർമാണസ്ഥാപനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. അതുകൊണ്ട് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് കേവലം വാണിജ്യനിർമാണ ബാനർ എന്നതിലുപരി മലയാള സിനിമയുടെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിച്ച ഒരു പ്രധാന കോഴിക്കോടൻ സിനിമാ സ്ഥാപനമാണ് എന്ന് അടയാളപ്പെടുത്തേണ്ടിവരും.
അദ്ദേഹത്തിന്റെ മൂന്ന് പെൺ മക്കളും ഒരുമിച്ച് പിതാവിന്റെ ചലച്ചിത്ര പാരമ്പര്യത്തിന്റെ പുഴയിൽ തന്നെ വള്ളമിറക്കി തുഴയാൻ S Cube എന്ന ബാനറുമായി നിർമാണരംഗത്തേക്ക് വന്നു. അവർ നിർമിച്ച പ്രധാന ചിത്രങ്ങളിൽ ഉയരെ (2019), ജാനകി ജാനേ (2023) എന്നിവ ഉൾപ്പെടുന്നു. ‘ജാനകി ജാനേ’ ഗംഗാധരന്റെ അവസാനകാലത്തെ നിർമാണ സംരംഭങ്ങളിലൊന്നായിരുന്നു.
നവസിനിമയുടെ
ഒറ്റയടിപ്പാതകൾ
കോഴിക്കോടിന്റെ പകലുകളെയും സന്ധ്യകളെയും പാതിരാത്രികളെയും സിനിമയുടെ ഗന്ധങ്ങളും ശബ്ദങ്ങളുംകൊണ്ട് പ്രണയിച്ചത് അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധി മനുഷ്യരാണ്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും സിനിമക്കാരും സിനിമക്കാരാകാൻ കൊതിച്ചവരും നല്ല സിനിമയെ പ്രണയിച്ചവരും കോഴിക്കോട്ടേക്ക് വന്നുകൊണ്ടിരുന്നു. പലവഴിക്ക് വന്ന നദികൾ പോലെ അവർ കോഴിക്കോടെന്ന സാംസ്‌കാരിക സമുദ്രത്തിൽ ഒഴുകി നിറഞ്ഞുകൊണ്ടിരുന്നു.
അവിടെ ചെലവൂർ വേണുവിന്റെ നേതൃത്വത്തിലുള്ള അശ്വിനി ഫിലിം സൊസൈറ്റിയും ഒഡേസയും അതിന്റെ പ്രവർത്തകരും നല്ല സിനിമയുടെ പ്രേക്ഷകരും ഉണ്ടായിരുന്നു. തെരുവുകളിലും ഹോട്ടൽ മുറികളിലും ചെലവൂർ വേണുവിന്റെ ഓഫീസിലും സിനിമയുടെ ആലോചനകൾകൊണ്ടും ചർച്ചകൾകൊണ്ടും തെരുവിലെ സാന്നിധ്യങ്ങൾകൊണ്ടും നിറഞ്ഞുനിന്നത് മുഖ്യധാരാ സിനിമക്കാരുടെ നിരയായിരുന്നില്ല. പുതിയ ഒരു ചലച്ചിത്ര സംസ്‌കാരത്തിനും സാമൂഹ്യമാറ്റങ്ങൾക്കും വേണ്ടി ആഗ്രഹിച്ചവരും പണിയെടുത്തവരും ആയ നൂറുകണക്കിന് മനുഷ്യരാണ് കോഴിക്കോടിനെ ഒരു സാംസ്‌കാരിക ഇടമായി നിലനിർത്തിയത്. രാഷ്ട്രീയത്തിന്റെയും നാടകത്തിന്റെയും സിനിമയുടെയും ചിത്രകലയുടെയും സംഗീതത്തിന്റെയും എഴുത്തിന്റെയും പലതരം ലഹരികൾ കൂടിക്കലർന്ന പ്രക്ഷുബ്ധമായ ഒരു മഹാനഗരമായി കോഴിക്കോട് ലോകത്തെ നോക്കിനിന്നു.
ചെറിയ മനുഷ്യരും
വലിയ ലോകവും
അരവിന്ദൻ റബ്ബർ ബോർഡിലെ ഉദ്യോഗസ്ഥനായി പാരഗൺ ലോഡ്ജിൽ മൗനിയായി ജീവിക്കുമ്പോൾ ആ മൗനത്തിന്റെ ഇടനാഴികളിലേക്ക് പലതരം ശബ്ദങ്ങൾ വൈകുന്നേരങ്ങളിൽ കുടിയേറിയിരുന്നു. ‘ചെറിയ മനുഷ്യരും വലിയ ലോകവും’ കാർട്ടൂൺ പരമ്പര വരച്ച് അദ്ദേഹം പ്രശസ്‌തനായ കാലമായിരുന്നു അത്.
1969-‐ൽ റബ്ബർ ബോർഡിന്റെ സ്ഥലംമാറ്റത്തെ തുടർന്നാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. 1969 മുതൽ 1974 വരെ കോഴിക്കോട് താമസിച്ചു. എം ടി, പട്ടത്തുവിള കരുണാകരൻ, തിക്കോടിയൻ, നമ്പൂതിരി, കുഞ്ഞാണ്ടി തുടങ്ങിയ നിരവധി എഴുത്തുകാരും ചിത്രകാരന്മാരും ഒക്കെയായുള്ള സൗഹൃദത്തിൽനിന്നാണ് അരവിന്ദൻ തന്റെ ആദ്യ സിനിമയായ ‘ഉത്തരായണ'ത്തിലേക്ക് എത്തുന്നത്.
കോഴിക്കോട്ടെ സാഹിത്യകാരന്മാരും ചിത്രകാരന്മാരും നാടകപ്രവർത്തകരും സിനിമാപ്രവർത്തകരും ചേർന്ന് സൃഷ്ടിച്ച ഒരു കൂട്ടായ സാംസ്‌കാരിക സംരംഭം കൂടിയായിരുന്നു അത്. മലയാളത്തിൽ പുതിയ സിനിമകൾക്കു വേണ്ടിയുള്ള ചർച്ചകളും അന്വേഷണങ്ങളും നടക്കുന്ന ഒരു കാലത്തിൽ നിന്നാണ് ഈ കൂട്ടായ്‌മ രൂപംകൊള്ളുന്നത്. ഇന്ത്യയിൽ പല സ്ഥലങ്ങളിലും രൂപംകൊണ്ട ഫിലിം സൊസൈറ്റികളും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയവരും ഒക്കെ ലോകസിനിമയുടെ കാഴ്‌ചാനുഭവങ്ങളിൽനിന്ന് പുതിയ സിനിമയെ സ്വപ്‌നം കണ്ടിരുന്ന ഒരു കാലം. അക്കാലത്തെ അത്തരത്തിലുള്ള എല്ലാ ചലച്ചിത്ര സംരംഭങ്ങളും വലിയ സർഗാത്മക കൂട്ടായ്‌മയിൽനിന്നാണ് പിറവികൊണ്ടത്. കേരളത്തിൽ കോഴിക്കോടും തൃശൂരും തിരുവനന്തപുരത്തും ഇത്തരം സൗഹൃദ കൂട്ടായ്‌മകൾ ഓരോ സിനിമയ്‌ക്ക് പുറകിലും മുമ്പിലും നിന്നു. തിരുവനന്തപുരത്തുനിന്നും തൃശൂരേയ്‌ക്കും അവിടെനിന്ന് എല്ലാവരുംകൂടി കോഴിക്കോട്ടേക്കും തീവണ്ടിയിലും ബസ്സുകളിലും കയറി വന്നുകൊണ്ടിരുന്നു. അതുകൊണ്ട് കോഴിക്കോട് നഗരം എല്ലാവരെയും സ്വീകരിച്ച് ചേർത്തുപിടിച്ചു. ഫിലിം സൊസൈറ്റി പ്രവർത്തകരും നിരൂപകരും എഴുത്തുകാരും ചിത്രകാരന്മാരും നാടകക്കാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മലയാള നവസിനിമയ്ക്ക് േവണ്ടി ആശയങ്ങളും സൗഹൃദങ്ങളും പ്രേക്ഷകരും സൃഷ്ടിച്ച പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നായിരുന്നു കോഴിക്കോട്.
അരവിന്ദന്റെ ‘ഉത്തരായണ'ത്തിന്റെ തുടർച്ചപോലെ പിന്നീട് പല സിനിമകളും ഗാഢസൗഹൃദങ്ങളും രൂപംകൊണ്ടു. സിനിമയെ സ്വപ്‌നം കണ്ടവർ സ്വപ്‌നങ്ങളുമായി പലയിടങ്ങളിലും അസ്വസ്ഥതയുടെ തീ വിഴുങ്ങി സഞ്ചരിച്ചുകൊണ്ടിരുന്നു. കോഴിക്കോടിന്റെ സൗഹൃദാന്തരീക്ഷം അവർക്കെല്ലാം ഒരു നിലാവ് പോലെ അനുഭവപ്പെട്ടു. പി എ ബക്കർ, ചിന്ത രവി, ടി വി ചന്ദ്രൻ, പവിത്രൻ, ചെലവൂർ വേണു എന്നിവരുടെ സൗഹൃദ കൂട്ടായ്‌മയിൽ നിന്നാണ് പി എ ബക്കറിന്റെ ‘കബനീനദി ചുവന്നപ്പോൾ’ ഉണ്ടാവുന്നത്.
1976-‐ൽ പുറത്തിറങ്ങിയ ഈ ചിത്രം നിർമിച്ചത് പവിത്രനായിരുന്നു. പവിത്രന്റെ ഒരു തെങ്ങിൻതോപ്പ് ഇതിനായി വിറ്റു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ടി വി ചന്ദ്രൻ അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിന്ത രവി ഒരു തൊഴിലാളി സഖാവിന്റെ വേഷത്തിലും അഭിനയിച്ചു. രവി ചലച്ചിത്ര നിരൂപകനും മാർക്‌സിസ്റ്റ് സൈദ്ധാന്തികനും യാത്രികനും എന്ന നിലയിൽ അന്നേ പ്രശസ്‌തനായിരുന്നു. കബനീനദി ഒരു സിനിമ മാത്രമായിരുന്നില്ല; ഒരു പുതിയ സിനിമാ സൗഹൃദവലയത്തിന്റെ തുടക്കമായിരുന്നു. സിനിമ നിർമിക്കാനുള്ള പണം കണ്ടെത്തിയ പവിത്രൻ, അഭിനേതാവായി എത്തിയ ടി വി ചന്ദ്രൻ, ചിന്ത രവി തുടങ്ങിയവർ സിനിമയുടെ സാങ്കേതികവും ആശയപരവുമായ കാര്യങ്ങൾ ഒരുമിച്ച് പഠിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ടി വി ചന്ദ്രന്റെ ഓർമകളിൽ പവിത്രനും താനും ഓരോ നോട്ട്ബുക്കിൽ സിനിമയുടെ കാര്യങ്ങൾ കുറിച്ചെടുത്തിരുന്നതായി പറയുന്നുണ്ട്. ചിന്ത രവിയെ എല്ലാവരും പിന്നീട് ചിന്തകൻ എന്ന് വിളിച്ചുതുടങ്ങി. തിരുവനന്തപുരത്തെയും തൃശൂരിലെയും കോഴിക്കോട്ടെയും ഇത്തരം സൗഹൃദ കൂടിച്ചേരലുകളിൽ പലപ്പോഴും ഒരു സാക്ഷിയായി ഞാൻ എത്തിപ്പെട്ടിട്ടുണ്ട്. സാക്ഷി എന്ന് പറയുന്നത് ലഹരി സദസ്സുകളിൽ ഇരിക്കുമ്പോഴും പങ്കാളിയാവാതെ സാക്ഷിയായാണ് ഞാനിരിക്കുക എന്നുള്ളതുകൊണ്ടാണ്. ഞാൻ തീരെ മദ്യപിക്കാതെ സാക്ഷിയായി ഇരുന്നതുകൊണ്ടാണ് പലർക്കും വരേണ്ടിയിരുന്ന കരൾ രോഗം പിന്നീട് എന്നേത്തേടി വന്നതെന്ന് പറഞ്ഞ് എല്ലാവരും ചിരിക്കാറുണ്ടായിരുന്നു.
ചിന്ത രവിയുടെ ‘ഒരേ തൂവൽപ്പക്ഷികൾ'ഷൂട്ട് ചെയ്‌തിരുന്ന സമയത്തുണ്ടായ ചില കഥകൾ അന്ന് ഈ സൗഹൃദക്കൂട്ടത്തിലൊക്കെ രസകരമായ ചർച്ചകളായിരുന്നു. ചെറിയ ബഡ്ജറ്റിലുള്ള സിനിമയാണ്. നിലമ്പൂരാണ് ഷൂട്ടിങ്. അത്യാവശ്യം മുറികളും വാഹനങ്ങളുമേയുള്ളൂ. തമാശ എന്തെന്ന് വച്ചാൽ, രവിയുടെ സിനിമയല്ലേ എന്ന് കരുതി സുഹൃത്തുക്കൾ ഉത്സാഹക്കമ്മിറ്റിക്കാരായി നിലമ്പൂരേക്ക് വന്നുകൊണ്ടിരുന്നു. അവസാനം സംവിധായകനും ക്യാമറാമാനും നടീ നടന്മാർക്കുമൊക്കെ താമസിക്കാൻ മുറിയില്ലാതെ അലഞ്ഞത്രേ. എല്ലായിടത്തും ഉത്സാഹക്കമ്മിറ്റിക്കാർ നിറഞ്ഞു. രാവിലെ ഷൂട്ടിങ് സ്ഥലത്തേക്ക് പോകാൻ രവി വണ്ടി നോക്കുമ്പോൾ അതിലൊക്കെ ഉത്സാഹക്കമ്മിറ്റിക്കാർ പൊയ്‌ക്കഴിഞ്ഞു. ഇങ്ങനെയുള്ള പല കഥകളും അന്ന് പലരുടെയും സിനിമകളുടെ ഷൂട്ടിങ് സമയത്തും ഉണ്ടായതായി കഥകളുണ്ട്.
കോഴിക്കോടുണ്ടായ മറ്റൊരു സിനിമ രവി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ' ആണ്. മാധ്യമപ്രവർത്തകൻ ശശികുമാറാണ് പ്രധാന കഥാപാത്രം. കടമ്മനിട്ട രാമകൃഷ്‌ണനും ടി വി ചന്ദ്രനും വിജയലക്ഷ്മിയും മറ്റ് നിരവധി പേരും ഇതിൽ അഭിനയിച്ചിട്ടുണ്ട്. 1980‐ൽ പുറത്തിറങ്ങിയ ഈ ചിത്രം മലയാളത്തിലെ സമാന്തര/നവസിനിമാ പ്രവണതകളുടെ ആദ്യഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള സിനിമയാണ്. സിനിമയുടെ നിർമാതാവ് ബാബു ഭരദ്വാജ് ആയിരുന്നു. പിന്നീട് ശ്രദ്ധേയനായ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായി മാറിയ ബാബു ഭരദ്വാജിന്റെ ആദ്യകാല ചലച്ചിത്ര ഇടപെടലുകളിലൊന്നായിരുന്നു ഇത്.
ഇതിൽ അഭിനയിച്ചവരും സാങ്കേതിക പ്രവർത്തകരും എല്ലാം വിശാലമായ സൗഹൃദ കൂട്ടായ്‌മകളിലുള്ളവരായിരുന്നു.
ഇതിന്റെയെല്ലാം മുമ്പിലും പിന്നിലും ചെലവൂർ വേണു ഉണ്ടാവും‐ സ്വന്തം സിനിമ പോലെ. ഈ കൂട്ടത്തിലേക്ക് തൃശൂരിൽനിന്ന് സി വി ശ്രീരാമനും വി കെ ശ്രീരാമനും കെ ആർ മോഹനനും പവിത്രനും പി ടി കുത്തിമുഹമ്മദും ഒക്കെ വന്നുചേരും. പവിത്രനും ശ്രീരാമനും കൂടിയാണ് പിന്നീട് രസമുള്ള കഥകൾ പൊടിപ്പും തൊങ്ങലും വച്ച് സുഹൃത്തുക്കളുടെ സദസ്സിൽ വിളമ്പുന്നത്. പവിത്രന്റെ സിനിമാ സംവിധാനത്തിന്റെയും തിരക്കഥാരചനയുടെയും ഒക്കെ രസകരമായ കഥകൾ ശ്രീരാമനും പി ടി കുഞ്ഞിമുഹമ്മദും ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഇതൊക്കെ മിക്കവാറും പവിത്രനും ശ്രീരാമനും കൂടി മെനയുന്നവയായിരിക്കും.
സൈക്കോ മാസിക
ചെലവൂർ ആരംഭിച്ച സൈക്കോ മാസികയുടെ ഓഫീസ് എല്ലാത്തരം പ്രവർത്തനങ്ങളുടെയും സൗഹൃദങ്ങളുടെയും വിപ്ലവകരമായ ആലോചനകളുടെയും രംഗശാലയായിത്തീർന്നു. അവിടേക്ക് സാഹിത്യകാരന്മാരും നാടകക്കാരും സിനിമക്കാരും ചിത്രകാരന്മാരും രാഷ്ട്രീയ പ്രവർത്തകരും ഫിലിം സൊസൈറ്റി പ്രവർത്തകരും എഴുതാനും സിനിമയെടുക്കാനും ആഗ്രഹിക്കുന്നവരും ഒക്കെ കയറി വന്നു. അവിടെ സൗഹൃദങ്ങളുടെയും കലാപ്രവർത്തനങ്ങളുടെയും രാഷ്‌ട്രീയ സംവാദങ്ങളുടെയും ലഹരി നിറഞ്ഞു. ആ ലഹരിയിലാണ് വേണു എല്ലാ സർഗാത്മക കലാ സംരംഭങ്ങളുടെയും ശക്തിയും താങ്ങും പിന്തുണയുമായി മറ്റുള്ളവർക്കുവേണ്ടി അലഞ്ഞത്. പിൽക്കാലത്ത് പ്രശസ്‌തരും വിജയികളുമായിത്തീർന്ന പല സിനിമക്കാർക്കുവേണ്ടിയും വേണു തന്റെ സൗഹൃദത്തിലുള്ള സമ്പന്നരോടും സഹൃദയരോടും പണം കടമായും സംഭാവനയായും വാങ്ങിച്ചിട്ടുണ്ട്.
ചിന്ത രവിയുടെ ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ' എന്ന സിനിമയുടെ പിന്നിലും സൈക്കോ ഓഫീസിനെ കേന്ദ്രീകരിച്ചുനിന്ന ആ സൗഹൃദവലയം ഉണ്ടായിരുന്നു. ബാബു ഭരദ്വാജ് ചിന്ത രവിയെ സൈക്കോ ഓഫീസിൽ വച്ചാണ് പരിചയപ്പെടുന്നതെന്നും പിന്നീട് ചിന്ത രവിയും ചെലവൂർ വേണുവും ഉൾപ്പെട്ട സംഘത്തോടൊപ്പം ചേർന്ന് ആ സിനിമയുടെ നിർമാണത്തിൽ പങ്കാളിയായെന്നുമുള്ളത് ഒരു ചരിത്രമാണ്. നിർമാതാവിന്റെ മൊത്തം പണം തിരിച്ചുകിട്ടാതെ പോയി. പക്ഷേ അതൊന്നും അവരുടെ സൗഹൃദത്തിൽ വിള്ളലുകൾ ഉണ്ടാക്കിയില്ല.
ഇങ്ങനെ നോക്കുമ്പോൾ സൈക്കോയുടെ ഓഫീസ് ഒരു മാസികയുടെ ഓഫീസ് മാത്രമല്ലായിരുന്നു. അത് ഒരു തലമുറയുടെ അനൗപചാരിക സിനിമാ സർവകലാശാല ആയിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാതെ സിനിമയെക്കുറിച്ച് പഠിച്ചവർ, പുസ്‌തകങ്ങളിൽനിന്നും സിനിമകളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പഠിച്ചവർ, സിനിമ ചെയ്യാനുള്ള പണവും സാങ്കേതിക സൗകര്യങ്ങളും ഇല്ലാതിരുന്നിട്ടും സിനിമയെക്കുറിച്ച് സ്വപ്‌നം കണ്ടവർ ‐ അവർക്കെല്ലാം ആ ഇടം ഒരു താവളമായിരുന്നു.
ആ താവളത്തിലേക്കാണ് കെ ജി ജോർജ് ‘സ്വപ്‌നാടനം' എന്ന മനഃശാസ്‌ത്ര സിനിമയുമായി വരുന്നത്. ‘സ്വപ്നാടനം' മലയാളത്തിലെ നവസിനിമയുടെ തുടർച്ചയായി വന്ന മനഃശാസ്ത്ര സിനിമയായി കണ്ടുകൊണ്ട് അതിന്റെ പ്രചാരണത്തിലും ഗൗരവമായ ചർച്ചകൾക്കും ചെലവൂർ വേണുവും സൈക്കോയും ഇടപെട്ടു. സൈക്കോയിൽ ‘സ്വപ്നാടനം’ സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിക്കുകയും കോഴിക്കോട് അളകാപുരിയിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുകയും ചെയ്തതായി വേണുവേട്ടൻ പറഞ്ഞിട്ടുണ്ട്. സൈക്കോ ഓഫീസിലും അശ്വനി ഫിലിം സൊസൈറ്റിയിലും സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചർച്ച മാത്രമായിരുന്നില്ല നടന്നിരുന്നത്. സിനിമ എന്തായിരിക്കണം, പ്രേക്ഷകൻ എന്താണ് കാണേണ്ടത്, സിനിമയ്‌ക്ക് രാഷ്‌ട്രീയമുണ്ടാകണമോ, സിനിമയുടെ പുതിയ സൗന്ദര്യശാസത്ര ചിന്തകൾ എന്തൊക്കെയാണ്, ഒരു സംവിധായകന് സ്വാതന്ത്ര്യം എത്രത്തോളം വേണം, വാണിജ്യസിനിമയ്‌ക്ക് പുറത്തൊരു സിനിമ സാധ്യമാണോ തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങളായിരുന്നു ആ കാലത്തെ ചർച്ചകളുടെ ഭാഗം. പിന്നീട് മലയാള സിനിമയിൽ ‘നവസിനിമ’ എന്ന് വിളിക്കപ്പെട്ട ധാരയ്‌ക്ക് ആശയപരമായ അന്തരീക്ഷം രൂപപ്പെടുന്നതിൽ ഇത്തരം ഇടങ്ങൾക്ക് നിർണായക പങ്കുണ്ടായിരുന്നു.
‘അഗ്രഹാരത്തിൽ കഴുതൈ' പോലുള്ള സിനിമകളെ പ്രതിസന്ധികളിൽനിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളിൽ വേണുവേട്ടന്റെ വ്യക്തിപരമായ ഇടപെടലുകൾ ഉണ്ടായിരുന്നു. ഇതുകൊണ്ടാണ് കോഴിക്കോടിന്റെ സിനിമാചരിത്രത്തിൽ ‘സൗഹൃദം’ എന്ന വാക്കിന് ഇത്ര വലിയ പ്രാധാന്യം ലഭിക്കുന്നത്.
ചില നഗരങ്ങളിൽ സിനിമാക്കാർ എത്തുന്നത് ഷൂട്ടിങ്ങിനാണ്. ചില നഗരങ്ങളിൽ അവർ താമസിക്കുന്നത് തൊഴിൽ ആവശ്യങ്ങൾക്കാണ്. എന്നാൽ കോഴിക്കോട് ഒരുകാലത്ത് സിനിമാക്കാർ എത്തിയത് പലപ്പോഴും സിനിമയെക്കുറിച്ച് സംസാരിക്കാനും സുഹൃത്തുക്കളെ കാണാനും പുതിയ ആശയങ്ങൾ പങ്കിടാനും ആയിരുന്നു. ചിലർ ഇവിടെ താമസിച്ചു. ചിലർ ഇടയ്‌ക്കിടെ വന്നു. ചിലർ തങ്ങളുടെ ജീവിതത്തിന്റെ ഒരു ഘട്ടം തന്നെ നഗരവുമായി ബന്ധിപ്പിച്ചു. പത്മരാജൻ, ജോൺ എബ്രഹാം, നരേന്ദ്രപ്രസാദ് തുടങ്ങിയ മലയാള സിനിമയിലെ പ്രധാന വ്യക്തികൾ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ കോഴിക്കോടുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയ ജി എസ് പണിക്കർ നിർമാണവും സംവിധാനവും നിർവഹിച്ച ‘ഏകാകിനി' എന്ന സിനിമ വിതരണക്കാർ ഏറ്റെടുക്കാതിരുന്നപ്പോൾ ചെലവൂർ വേണുവാണ് ജനശക്തി ഫിലിംസിനെ സമീപിച്ച് സിനിമയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി അവരെക്കൊണ്ട് വിതരണം ഏറ്റെടുപ്പിച്ചത്. ജനശക്തി ഫിലിംസ് നല്ല സിനിമകളുടെ പ്രചാരണത്തിൽ പ്രധാന പങ്കുവഹിച്ചിരുന്ന കാലമാണത്. സിനിമ അക്കാലത്ത് തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയും പിന്നീട് ഫിലിം സൊസൈറ്റികളിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്‌തു. മുഖ്യധാരാ വിതരണക്കാർ അവഗണിച്ച ‘ഏകാകിനി'ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. എഡിറ്റർ സുരേഷ് ബാബുവിന് മികച്ച എഡിറ്റിങ്ങിനുള്ള പുരസ്‌കാരവും ലഭിച്ചു. അങ്ങനെ ‘ഏകാകിനി’ക്കും ഒരു കോഴിക്കോടൻ ബന്ധമുണ്ട്.
‘ഒഡേസ’ പടവുകൾ
‘അഗ്രഹാരത്തിൽ കഴുതൈ' നിർമിക്കുമ്പോൾ പണം തീർന്നതുകൊണ്ട് പാതിവഴിക്ക് ഷൂട്ടിങ് നിർത്തിവയ്‌ക്കേണ്ടി വന്നു. കുറേ നാളുകൾ അതങ്ങനെ നീണ്ടുപോയി. ജോൺ കോഴിക്കോട് വന്ന് ചെലവൂർ വേണുവിനൊപ്പം കൂടി. രണ്ടാളുംകൂടി പല ആളുകളെയും കണ്ട് പണം കടം ചോദിച്ചു. ഒന്നും നടന്നില്ല. ഒരുദിവസം വേണുവേട്ടൻ ജോണിനേയും കൂട്ടി പട്ടത്തുവിള കരുണാകരന്റെ വീട്ടിലെത്തി സിനിമ മുടങ്ങിയ കാര്യം പറഞ്ഞ് 5000 രൂപ കടം ചോദിച്ചു. പട്ടത്തുവിള അകത്തുപോയി ഒരു കവറുമായി വന്നു. അത് വേണുവേട്ടന്റെ കയ്യിൽ കൊടുത്തിട്ട്, ‘ഇതേയുള്ളൂ; തിരിച്ചുതരേണ്ടതില്ലെ’ന്ന് പറഞ്ഞു. വല്ല ആയിരമോ രണ്ടായിരമോ സംഭാവനയായി നൽകിയതായിരിക്കും എന്ന് കരുതി അവർ വിഷമത്തോടെ കവർ കയ്യിൽ പിടിച്ച് റോഡിലിറങ്ങി നടന്നു. പട്ടത്തുവിളയുടെ നോട്ടം എത്താത്ത സ്ഥലത്തെത്തിയപ്പോൾ കവർ തുറന്നു. അത് 10,000 രൂപയുണ്ടായിരുന്നു. വേണുവേട്ടൻ അതിൽനിന്ന് ഒറ്റ പൈസ പോലും ജോണിന്റെ കയ്യിൽ കൊടുത്തില്ല.
രണ്ട് ദിവസം കഴിഞ്ഞ് അവരുടെ സുഹൃദ്‌സംഘത്തിലുള്ള ബാങ്ക് രവി എന്ന് വിളിപ്പേരുള്ള രവീന്ദ്രനാഥിന്റെ കയ്യിൽ പണം കൊടുത്തു. ബാങ്ക് രവി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ ഉദ്യോഗസ്ഥനായിരുന്നു. ഈ രവിയാണ് പിന്നീട് ‘ആലീസിന്റെ അന്വേഷണ'ത്തിലെ നായകനും അരവിന്ദന്റെ ‘ചിദംബരം' , ‘വാസ്തുഹാര', ടി വി ചന്ദ്രന്റെ ‘പൊന്തൻമാട' എന്നീ സിനിമകളുടെ നിർമാതാവും ആയി മാറിയത്. രവി വളരെ പിശുക്കിയേ കാശ് ചെലവാക്കൂ എന്നുള്ളതുകൊണ്ടാണ് വേണുവേട്ടൻ പ്രൊഡക്ഷൻ കാര്യങ്ങൾ നോക്കാൻ അദ്ദേഹത്തെ പണം ഏൽപ്പിച്ചത്. ജോണും ചന്ദ്രനും രവിയും വേണുവേട്ടനുംകൂടി ഷൂട്ടിങ് തീർക്കാനായി ചെന്നൈയിലേക്ക് യാത്രയായി. ചന്ദ്രൻ പറയുന്നത്, ജോൺ ഇടയ്‌ക്ക് മദ്യപിക്കാനായി രവിയോട് പണത്തിന് കെഞ്ചി ചോദിച്ചിട്ടും ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്നാണ്. അങ്ങനെയാണ് പടം പൂർത്തിയാക്കിയത്. അതിനുശേഷം ഈ ചിത്രവും വിതരണത്തിനെടുത്തത് ജനശക്തി ഫിലിംസ് ആയിരുന്നു.
കോഴിക്കോട് തുറന്നിട്ട വാതിലുകളിലൂടെ കേരളത്തിലെ നിരവധി കലാകാരന്മാരും ചലച്ചിത്രപ്രവർത്തകരും ഫിലിം സൊസൈറ്റി പ്രവർത്തകരും സാംസ്‌കാരിക ‐ രാഷ്ട്രീയ പ്രവർത്തകരും കൈകോർത്ത് നടന്നതുകൊണ്ടാണ് ജനകീയ പങ്കാളിത്തത്തോടെ ജോൺ എബ്രഹാമിന് തന്റെ ‘അമ്മ അറിയാൻ' സിനിമ നിർമിക്കാനായത്. ഒഡേസ മൂവീസ് രൂപീകരിക്കപ്പെടുന്നത് അങ്ങനെയാണ്. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായ സാംസ്‌കാരിക വേദി പ്രവർത്തകരാണ് ഇതിന് മുൻകൈയെടുത്തത്.
ഒഡേസ കേരളത്തിന്റെ ചലച്ചിത്ര സാംസ്‌കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത ജനകീയ പ്രവർത്തനം നടത്തിയ സംഘമാണ്. കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും ‘അമ്മ അറിയാൻ' പ്രദർശിപ്പിക്കാൻ ധാരാളം യുവാക്കളായ സാംസ്‌കാരിക പ്രവർത്തകർ രംഗത്ത് വന്നു. ഒഡേസ ഒരു മാതൃകയായിരുന്നു. ഒഡേസ അമ്മദ് എന്നറിയപ്പെട്ടിരുന്ന അമ്മദ് ആയിരുന്നു അതിന്റെ ജീവനാഡി. അമ്മദ്, ജോൺ എബ്രഹാം, ഡോ. കുഞ്ഞഹമ്മദ് കുട്ടി, അഡ്വ. അബ്ദുറഹിമാൻ, ഫാറൂഖ് ആർട്സ് കോളേജിലെ അധ്യാപകനായിരുന്ന സോമൻ എന്നിങ്ങനെ അഞ്ചുപേരായിരുന്നു ഒഡേസയുടെ പ്രൊമോട്ടർമാർ. സോമൻ കോളേജ് കേന്ദ്രമാക്കി ബോധി ഫിലിം സൊസൈറ്റി നടത്തിയിരുന്നു. അവിടെ ധാരാളം പ്രദർശനങ്ങളും ചർച്ചകളും ഒക്കെ നടന്നിരുന്നു. അവിടെനിന്നാണ് ഒഡേസയുടെ തുടക്കം എന്നാണ് പലരും പറഞ്ഞത്.
‘അമ്മ അറിയാൻ' സിനിമയുടെ നിർമാണത്തിനും പ്രദർശനങ്ങൾക്കും ശേഷം കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒഡേസ മന്ദഗതിയിലായി. പിന്നീട് ഒഡേസാ സത്യനാണ് അതിന്റെ പ്രവർത്തനങ്ങൾ കുറെയെങ്കിലും മുമ്പോട്ടു കൊണ്ടുപോയത്. സത്യന്റെ മരണശേഷം ഒഡേസ തീർത്തും നിശ്ചലമായി.
‘അമ്മ അറിയാൻ' സിനിമയിലൂടെയാണ് കോഴിക്കോട്ടുകാരൻ തന്നെയായ ജോയ് മാത്യു ചലച്ചിത്ര നടനാകുന്നത്. സിനിമയിലെ പ്രധാന കഥാപാത്രമായിട്ടാണ് നാടകബന്ധവും സാംസ്‌കാരിക വേദി സൗഹൃദവും പുസ്‌തക പ്രസാധന സംരംഭവും ഉണ്ടായിരുന്ന ജോയ് മാത്യു രംഗത്ത് വരുന്നത്. പിന്നീട് ജോയ് മാത്യു മലയാളത്തിലെ പ്രശസ്‌ത നടനും ‘ഷെൽട്ടർ' എന്ന സിനിമയുടെ സംവിധായകനും ആയി.
ഒഡേസയുടെ പ്രവർത്തനങ്ങളിൽ നാടക‐സിനിമാരംഗങ്ങളിൽ സജീവമായിരുന്ന മധുമാസ്റ്റർ അടക്കം നിരവധിയാളുകൾ ഉണ്ടായിരുന്നു. മധുമാസ്റ്ററും ശോഭീന്ദ്രൻ മാഷും ഹരിനാരായണനും അടക്കം ധാരാളം കോഴിക്കോട്ടുകാർ ‘അമ്മ അറിയാനി'ൽ അഭിനയിച്ചു. ഒഡേസ എല്ലാവരും വന്നുചേരുന്ന ഔപചാരികതകൾ ഇല്ലാത്ത വഴിയമ്പലം പോലെ ആയിരുന്നു.
അവിടെ എല്ലാവരും വേവലാതിയോടെയും പ്രതീക്ഷയോടെയും വലിയ സാമൂഹ്യമാറ്റത്തിന്റെ സ്വപ്‌നങ്ങൾ കണ്ടു. നല്ല സിനിമയെയും നല്ല കലയെയും കുറിച്ച് അഗാധമായ സംഭാഷണങ്ങളിലും സംവാദങ്ങളിലും ഏർപ്പെട്ടു. അവരെ പലരെയും ഈ ലേഖനത്തിൽ എന്റെഓർമക്കുറവുകൊണ്ട് പരാമർശിക്കാൻ കഴിഞ്ഞിട്ടില്ല.
കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലും സജീവമായിരുന്ന ഫിലിം സൊസൈറ്റികളുടെ പ്രവർത്തനഫലമായി കേരളത്തിലെ ഏറ്റവും നല്ല ചലച്ചിത്ര പ്രേക്ഷകർ ഉള്ള നഗരം എന്ന ഖ്യാതി കോഴിക്കോടിനുണ്ടായി. അശ്വനിഫിലിം സൊസൈറ്റി കോഴിക്കോട് വലിയ ചലച്ചിത്രമേളകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെയൊക്കെ ഫലമായാണ് കേരളത്തിന്റെ ആദ്യത്തെ അന്താരാഷ്‌ട്ര ചലച്ചിത്രമേള (IFFK) 1994‐ൽ കോഴിക്കോട് ആരംഭിച്ചത്.
പിന്നീട് വീണ്ടും ഒരു IFFK കൂടി കോഴിക്കോട് നടന്നു. ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ FFSI വനിതകളുടെ അന്താരാഷ്‌ട്ര ചലച്ചിത്രമേള (WIFF) സംഘടിപ്പിച്ചതും കോഴിക്കോടായിരുന്നു. പിന്നീട് അതിന്റെ വിപുലീകൃതമായ എഡീഷൻ അക്കാദമി കോഴിക്കോട് തുടർന്നും നടത്തി.
കോഴിക്കോടിന്റെ ചലച്ചിത്രസംസ്‌കാരവും ചലച്ചിത്ര ബന്ധങ്ങളും അഗാധവും വിസ്‌തൃതവും വിസ്മയകരവും അഭിമാനകരവും ആണ്. ആരെങ്കിലും ഈ വിഷയത്തിൽ ഗവേഷണാത്മകമായ പഠനം നടത്തി സമഗ്രമായ ഒരു ചരിത്രരചന നടത്തേണ്ടതാണെന്ന് തോന്നുന്നു. ഇൗ ലേഖനത്തിൽ പരാമർശിച്ച പലരും ഇന്ന് ജീവിച്ചിരിപ്പില്ല.
ജീവിച്ചിരിക്കുന്നവരുമായുള്ള വർത്തമാനങ്ങളിലൂടെ അവരുടെയൊക്കെ ഓർമകളിലേക്ക് കയറി കോഴിക്കോടിന്റെ ചലച്ചിത്രഭൂമികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ആരെങ്കിലും അത് ഏറ്റെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു .









0 comments