കടലിൽ നീന്തുന്നതിനിടെ സ്രാവ് ആക്രമിച്ചു; ഓസ്ട്രേലിയയിൽ 63കാരന് ദാരുണാന്ത്യം

സിഡ്നി : കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ 63കാരന് ദാരുണാന്ത്യം. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്തിന് വടക്കുള്ള സോറെന്റോ ബീച്ചിലാണ് ആക്രമണമുണ്ടായത്. നീന്തൽക്കാരനായ ഗ്രെഗ് ഓ നീൽ ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല.
ഓസ്ട്രേലിയയിൽ ഈ വർഷം നടക്കുന്ന അഞ്ചാമത്തെ സ്രാവ് ആക്രമണമാണിത്. മൂന്ന് പേരാണ് ഇതുവരെ സമാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ജൂൺ 13ന് സിഡ്‌നി കൂഗി ബീച്ചിലുണ്ടായ സ്രാവിന്റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
2000 മുതൽ ഓസ്‌ട്രേലിയയിൽ ഒരു വർഷം ശരാശരി രണ്ടോ മൂന്നോ സ്രാവ് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ടാരോംഗ കൺസർവേഷൻ സൊസൈറ്റി ഓസ്‌ട്രേലിയ, ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റി, ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന സർക്കാർ എന്നിവയുടെ പങ്കാളിത്തമുള്ള ഓസ്‌ട്രേലിയൻ ഷാർക്ക് ഇൻസിഡന്റ് ഡാറ്റാബേസ് പറയുന്നു.
മെയ് 16ന് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പെർത്ത് തീരത്ത് 38കാരനായ സ്റ്റീവ് മാറ്റബോണിയും സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ വർഷം ആദ്യം ജനുവരിയിൽ സിഡ്‌നി ഹാർബറിൽ ഒരു ബുൾ സ്രാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ 12 വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സർഫിംഗ്, സ്കൂബ ഡൈവിംഗ് തുടങ്ങിയ വിനോദപ്രവർത്തനങ്ങൾക്കിടെയാണ് ഭൂരിഭാഗവും സ്രാവിന്റെ ആക്രമണത്തിന് ഇരയായത്.
ആക്രമണം രൂക്ഷമായതോടെ ഇതിന് കാരണമായ 'ഗ്രേറ്റ് വൈറ്റ് ഷാർക്കി'നെ പിടികൂടി കൊല്ലാൻ അധികൃതർ ഉത്തരവിട്ടു. തലസ്ഥാനമായ പെർത്ത് ഉൾപ്പെടെയുള്ള തീരപ്രദേശങ്ങൾ ഞായറാഴ്ച വരെ അടച്ചിട്ടിരിക്കുകയാണ്.









0 comments