നോവൽ
തെറം

പി വി ഷാജികുമാർ
Published on Sep 19, 2026, 04:21 PM | 4 min read
ഗ്രഹം
ഗൗതമനും മറ്റ് െപാലീസുകാർക്കും മുന്നിൽ സിഐ ജോർജ് മാത്യു കാര്യങ്ങൾ അവതരിപ്പിച്ചു.
‘‘സിയയുടെ ടീമും കസായി ടീമും ഒന്നായി. അത് ഒരുതരത്തിൽ പറഞ്ഞാൽ നമുക്ക് നല്ലതാ. തമ്മിൽതമ്മിൽ വെടിവച്ച് ആര് തീർന്നാലും നമുക്ക് തന്നെ മെച്ചം. അതിൽ മുസ്‌തഫ തീർന്നാൽ കൂടുതൽ എളുപ്പം. കാരണം ഉജ്ജിറ കടപ്പുറത്ത് എം ആൻഡ് ടി കമ്പനി ഇൻവെസ്റ്റ് ചെയ്യാൻ പോകുന്നു. അവർ കടപ്പുറം ലീസിനെടുത്ത് കഴിഞ്ഞു. സർക്കാറിനും കമ്പനിക്കും മുന്നിലുള്ള തലവേദന കടപ്പുറത്തെ ആളുകളാണ്. പൊളിറ്റീഷ്യൻസൊക്കെ കമ്പനിക്കൊപ്പമാ. എം ആൻഡ് ടി വരുന്നു. അവരുടെ കീശ നിറയുന്നു. നമ്മുടെയും. ഡെവലപ്‌മെന്റ് വരട്ടെ. നാട് നന്നാവട്ടെ. അതിന് ചിലർ സാക്രിഫൈസ് ചെയ്യേണ്ടി വരും. എതിര് നിൽക്കുന്നവരെ മായ്ച്ചുകളയേണ്ടിയുംവരും. മുസ്‌തഫ അങ്ങനെ മായ്ച്ചുകളയേണ്ട ഒരുത്തൻ. അത് എല്ലാവർക്കും ഗുണമാ. ഗുണം വരട്ടേന്ന്... അല്ലെടോ തെയ്യക്കാരാ...’’
ഗൗതമനടുത്തിരിക്കുന്ന രാജനെന്ന തെയ്യക്കാരനെ നോക്കിക്കൊണ്ട് അയാൾ ഉള്ളിലുള്ളത് ഉച്ചരിച്ചു.
രാജൻ തലയാട്ടി.
ഗൗതമൻ തലകുനിച്ചു. അവന്റെയുള്ളിൽ വേദനയുടെ ഒരു ചാല് കീറി, അതിൽ മുസ്‌തഫ നിന്നു.
‘‘നീ എന്നെ കൊലയ്‌ക്ക് കൊടുക്കുമോ?’’
മുസ്‌തഫ നിസ്സംഗതയോടെ ചോദിച്ചു.
എന്ത് ചെയ്യാൻ കഴിയുമെന്ന് ഗൗതമൻ ആലോചിച്ചു.
ഒരു വഴിയും തെളിയാതെ ആലോചന അലഞ്ഞു.

മുത്തലിയിൽനിന്ന് മുസ്‌തഫയുടെ സകലകാര്യങ്ങളും അവൻ മനസ്സിലാക്കിയിരുന്നു.
കഥയറിഞ്ഞപ്പോൾ തന്നെ മുസ്‌തഫയുടെ ജന്മം കരയിലേക്കിട്ട മീനാണെന്ന് ഗൗതമന് തോന്നിയിരുന്നു. ശ്വാസത്തിനായുള്ള പിടച്ചിൽ..!
‘‘ഇതിന് നമുക്കൊരു മോഡസ് ഓഫ് ഓപ്പറാൻഡി ഉണ്ട്. അത് ലീഡ് ചെയ്യുക ഗൗതമനായിരിക്കും.’’
ജോർജ് ഉപസംഹരിച്ചു. അതും ഗൗതമൻ പ്രതീക്ഷിച്ചതായിരുന്നു!
അവൻ എഴുന്നേറ്റുനിന്ന് സംഹാരത്തിന് ‘യെസ് സാർ' എന്ന് സല്യൂട്ടടിച്ചു.
****
തന്നെ കൊല്ലാന്‍ സിയയും കസായിയും സ്‌കെച്ചിട്ടത് മുസ്‌തഫ അറിഞ്ഞു.
"അവര്‍ വരുന്നുണ്ട്... എന്നെ കൊല്ലുന്നതിന് മുന്നേ അവര്‍ അഞ്ച് പേരെയും ഞാന്‍ കൊന്നിരിക്കും...’
മുസ്‌തഫ സ്വയം പറഞ്ഞു.
"ഞാന്‍ എന്തായാലും ചാവും... ഞാന്‍ ചാവുന്നതിന് മുമ്പേ...’
മുസ്‌തഫ തോക്ക് കണ്ണാടിയിലെ സ്വന്തം മുഖത്തിന് നേർക്ക് നീട്ടിപ്പിടിച്ചു.
ഉജ്ജിറയിൽനിന്ന് മാറിനിൽക്കാൻ മുത്തലി മുസ്‌തഫയുടെ കാല് പിടിച്ചു.
‘‘നിന്റെ പന്തുകളി പോലെയല്ല ഈ കളി. മാറിനിന്നാൽ ചത്തു... അത്രന്നെ.’’
മുസ്‌തഫ എതിരിട്ടു.
സിയ ടീം ഉപ്പള ടൗണില്‍ ഫ്ലാറ്റില്‍ രഹസ്യമായിട്ട് മുറിയെടുത്തത് മുസ്‌തഫ അറിഞ്ഞു. തോക്കുമായി അവന്‍ അവിടേക്ക് വന്നു. അവര്‍ പേടിച്ച് വാതിലടച്ചു. കസായിക്കാരോട് ഫോണില്‍ വിളിച്ചു വിവരം പറഞ്ഞു. അവർ ആയുധങ്ങളുമായെത്തി. അങ്ങോട്ടുമിങ്ങോട്ടും വെടിയുതിർന്നു.
മുസ്‌തഫ നേരെ നിന്ന് വെടിവച്ചു.
കസായി അലി കിടന്നിട്ട് വെടിവച്ചു.
പൊലീസ് എത്തുമ്പോഴേക്കും എല്ലാവരും ചിതറിയോടി.
ജോർജ് മുസ്‌തഫയെ വിളിച്ചു.
-‘‘നിന്നെ കൊല്ലാന്‍ ശ്രമിച്ചതല്ലേ.. പരാതിയില്ലേ?’’
-‘‘എനിക്ക് പരാതിയുണ്ട്.’’
-‘‘സ്റ്റേഷനില്‍ ചെന്ന് പരാതി പറഞ്ഞാല്‍ ഞാന്‍ കസായിയെ അറസ്റ്റ് ചെയ്യും.’’
-‘‘ഞാന്‍ വരാം സാറേ...’’
വരരുതെന്ന് പറയാൻ ഗൗതമൻ അവനെ വിളിച്ചതാണ്, മൊബൈൽ പരിധിക്ക് പുറത്തായി.
ജോർജ് കസായിയെ വിളിച്ചു.
-‘‘നീ സ്റ്റേഷനില്‍ വന്നാല്‍ മുസ്‌തഫയെ നമുക്ക് കുടുക്കാം...’’
അവനും വരാമെന്ന് പറഞ്ഞു. അവൻ വന്ന് മുസ്‌തഫക്കെതിരെ പരാതി നൽകി.
മുസ്‌തഫ വരുമെന്ന് ജോർജ് പ്രതീക്ഷിച്ചതല്ല.

അവനും പരാതി നൽകി.
ഒരാളുടെ പരാതിയില്‍ മറ്റാളെയും മറ്റാളുടെ പരാതിയില്‍ ഇയാളെയും 307-‐ല്‍ ജാമ്യമില്ലാവകുപ്പില്‍ പെടുത്തി അറസ്റ്റ് ചെയ്‌തു. മുസ്‌തഫ ജോർജിനോട് ദേഷ്യപ്പെട്ടു.
-പരാതി പറയാന്‍ വന്ന എനിക്കെതിരെയും കേസ്... ഇതെന്ത് പോലീസ്..!
ഗൗതമൻ മുഖംകുനിച്ചു.
‘വരരുതെന്ന് പറയാൻ ഞാൻ വിളിച്ചതാ... നീ എടുത്തില്ലല്ലോ...'
അവൻ സ്വയം പറഞ്ഞു.
രണ്ടാളെയും അറസ്റ്റ് ചെയ്‌ത് കാസർകോട്ടെ ജയിലിലേക്ക് കൊണ്ടുപോവാൻ തീരുമാനമായി. ഷിറിയ പാലത്തിന്റെ അടുത്തുന്ന് പൊലീസിനെ ഒഴിവാക്കിയിട്ട് മുസ്‌തഫയെ കൊല്ലും. പാലത്തില്‍ നിന്ന് ഓടിരക്ഷപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. ജോർജ് അതിന് കുടപിടിക്കും. ഗൗതമന് അത് മനസ്സിലായി.
അവൻ ഡിവൈഎസ്‌പിയെ വിളിച്ചു. ഡിവൈഎസ്‌പി നിർദേശം നൽകി, രാത്രിക്ക് രാത്രി ഒരു ബസ്സില്‍ കയറ്റി, മുസ്‌തഫയെ ജയിലിൽ എത്തിച്ചു. പ്ലാൻ പൊളിച്ചത് ആരെന്ന് ജോർജിന് മനസ്സിലായി, ഗൗതമൻ അയാളുടെ കണ്ണിലെ കരടായി.
കോടതിയില്‍ ജഡ്ജിയോട് മുസ്‌തഫ പറഞ്ഞു.
‘‘എനിക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ല. ഇവിടെ നിന്നാല്‍ അവരെന്നെ കൊല്ലും... ഞാൻ കൊല്ലപ്പെട്ടാൽ മരണത്തിന് സാറാണ് ഉത്തരവാദി...’’
മുസ്‌തഫയെ കണ്ണൂരിലേക്ക് മാറ്റി.
മൂന്ന് മാസം വെടിനിര്‍ത്തലുണ്ടായി.
ജാമ്യം കിട്ടിയതിന് ശേഷം വീണ്ടും പ്രശ്‌നം തുടങ്ങി, കസായി ആരംഭിച്ചത്.
‘‘പടച്ചോന്‍ കീറിയിട്ടുണ്ടെങ്കില്‍ അതിന്റുള്ളില്‍ കൊടുക്കാനും പടച്ചോന്‍ ഉണ്ട്. അഞ്ച് പേരെയും ഞാൻ കൊല്ലും...’’
മുസ്‌തഫ കസായിയുടെ പുരയിൽ ചെന്നുപറഞ്ഞു.
പൈവളിഗെ ടീമും കസായി ടീമും അലെര്‍ട്ടായി. മുസ്‌തഫയ്‌ക്ക് പല സമയത്തും പല കൂട്ടാളർ. ആ സമയത്ത്, നജീബ് എന്ന സ്വര്‍ണം മോഷ്ടിച്ച് ജയിലിലായ വീട്ടുകാരെല്ലാം ഉപേക്ഷിച്ച ക്രിമിനല്‍. മംഗലാപുരത്തുനിന്ന് പരിചയപ്പെട്ടു. നജീബിനെ മുസ്‌തഫ ഡ്രൈവറാക്കി. പൈവളിഗെ ടീം ഇതറിഞ്ഞു. അവര്‍ രഹസ്യമായി നജീബിനെ കണ്ടു. അവര്‍ സെറ്റില്‍മെന്റ് സംസാരിച്ചു. അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്‌തു. പിന്നെയെന്ത് സഹായവും ഭാവിയില്‍ ചെയ്യാം.
പൈസയ്‌ക്ക് മുന്നിൽ നജീബിന്റെ ഉൾക്കണ്ണിന്റെ തെളിച്ചം പോയി.
അവൻ ചോർത്താൻ തുടങ്ങി.
ഇടയ്‌ക്കിടയ്‌ക്ക് മുസ്‌തഫ ഗോവ-മുംബൈ- റൂട്ടിലൂടെ അഫ്ത പിരിക്കാൻ പോകും.
ഒരു ദിവസം ഗോവയിലേക്ക് പോകാന്‍ പ്ലാന്‍ ചെയ്‌തു. "നമുക്ക് ഇന്ന ദിവസം പോകണം.’
അവൻ നജീബിനോട് പറഞ്ഞു.
നജീബ് ഒറ്റി.
നാല് ദിവസം മുമ്പേ ജോർജ് വിവരം അറിഞ്ഞു. പനി പിടിച്ച് കിടക്കുന്ന ഗൗതമൻ ഒന്നും അറിയാതിരിക്കാൻ അയാൾ ജാഗ്രത കാണിച്ചു.
ഇന്‍ഫോര്‍മര്‍ വഴി ജോർജ് ഒരു സെന്റന്‍സ് സിയക്ക് നൽകി:
"കേരളത്തിലാണ് കൊല്ലുന്നതെങ്കില്‍ ഗുണ്ടാ ആക്ട്, അങ്ങനെയിങ്ങനെയൊക്കെ ആകും. കര്‍ണാടകയിലാണെങ്കില്‍ അറിയാല്ലോ... ഊരിവരാന്‍ എളുപ്പമാ...’
അത് അവർക്ക് കത്തി.
ഹൊസങ്കടിയിൽനിന്ന് കൊല്ലാന്‍ തീരുമാനിച്ചു. ഹൊസങ്കടിയില്‍ അല്‍ഫാം കരീം എന്ന ചെറുപ്പക്കാരന്റെ കടയില്‍ നിന്നാണ് മുസ്‌തഫ സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. അവിടെ പാര്‍ക്ക് ചെയ്‌ത് അവിടുന്ന് കൊല്ലും. കസായി ടീമിനെയും ടിപ്പര്‍ ലോറിയെടുത്ത് വരുന്ന നൂര്‍ അലിയെയും ഫേസ് ടു ഫേസ് അടിക്കും.
പീലി എന്ന സ്ഥലമുണ്ട്. ടു വേയാണ്. പെട്രോള്‍ പമ്പുണ്ട്. അവിടുന്ന് തിരിയുമ്പോള്‍ ഫേസ് ടു ഫേസ് അടിക്കും. പ്ലാൻ ഇങ്ങനെ.
നൂര്‍ അലിയും സുഹൃത്തും പെട്രോള്‍ പമ്പിന് മുന്നില്‍ നിന്നു. മുസ്‌തഫ ഹൊസങ്കടിയില്‍നിന്ന് ഭക്ഷണം വാങ്ങിച്ച് കാറില്‍ വന്നു. പൈവളിഗെ ടീം ഇവിടൊരു ടീമിനെ സെറ്റാക്കിയെന്ന് മാത്രമല്ല, ഒരു എര്‍ട്ടിഗെ കാറില്‍ മുസ്‌തഫയെ പിന്തുടര്‍ന്നു. മുസ്‌തഫയുടെ വാഗണര്‍ മുന്നിലുണ്ട്.
നജീബ് ഫോണ്‍ ഓണ്‍ ചെയ്‌തിട്ട് സംസാരിക്കാതെ സൈഡില്‍ വച്ചിട്ടുണ്ട്. നജീബും മുസ്‌തഫയും സംസാരിക്കുന്നത് അവര്‍ കേള്‍ക്കുന്നുണ്ട്.
‘‘തലപ്പാടി നല്ല തിരക്കാണല്ലോ...’’ ‘‘ടോളുണ്ട്...’’ എന്നൊക്കെ മുസ്‌തഫ സംസാരിക്കുമ്പോള്‍ എതിരാളികൾക്ക് മനസ്സിലായി തലപ്പാടിയില്‍ ഉണ്ടെന്ന്.
മുസ്‌തഫയ്‌ക്ക് ചെറിയ സൂചന കിട്ടി.
ഇതില്‍ ചെറിയ ട്രാപ്പുണ്ടോയെന്ന് സംശയമായി.
അവൻ സമചിത്തത കൈവിടാതെ തന്റെ റിംഗ്ടോണിലെ ഹിന്ദിഗാനം മൂളി.
വാഗണർ പീലിയിലെത്തിയ സമയത്ത് മുന്നിലേക്ക് തീ പോലെ ടിപ്പര്‍ വന്നു. നജീബ് സ്‌പീഡ് കുറച്ചിട്ട് വണ്ടി ടിപ്പറിന്റെ സൈഡിലേക്ക് ലെഫ്റ്റ് വച്ചുകൊടുത്തു.
നജീബ് എക്‌സ്‌പേര്‍ട്ട് ഡ്രൈവർ.
വര്‍ഷങ്ങളായിട്ട് ക്രെയിനും ടിപ്പറും ഓടിക്കുന്നവൻ.
ചതിയെന്ന് മുസ്‌തഫ ഉറപ്പിച്ചു.
ടിപ്പര്‍ ഇടിക്കുന്നതിന് മുമ്പേ മുസ്‌തഫ ഡോര്‍ തുറന്ന് ഇറങ്ങിയോടി. എര്‍ട്ടിഗയിലുള്ളവര്‍ ഇറങ്ങി, അവന്റെ പിറകെ ഓടി വടിവെച്ചു. എട്ട് ബുള്ളറ്റുതിര്‍ത്തു. മുസ്‌തഫ കമിഴ്‌ന്നു വീണു.
കമീഴ്‌ന്ന് വീണപ്പോള്‍ കസായി മുനീറലി അവന്റെ കഴുത്തങ്ങറുത്തു.
‘‘എട്ട് വെടിവച്ചാലും അവന്‍ മുസ്‌തഫയാ. അഥവാ ജീവിച്ചാല് അവന്‍ എല്ലാവരെയും കൊല്ലും. അത് കണ്‍ഫേം ആക്കാനാ ഈ അറവ്...’’

വലിയ മഴയിൽ മുസ്‌തഫ കമിഴ്ന്നുകിടന്നു. ചോര മഴവെള്ളത്തിൽ ഒഴുകി. എവിടുന്നോ ബാങ്കുവിളി ഉയർന്നു.
മുസ്‌തഫയുടെ സംസ്‌കാരത്തിന് ജനപ്രളയമായി. അവൻ സഹായിച്ചവർ നിലവിളിച്ചു. അല്ലാത്തവർ നിശ്ശബ്ദരായി.
പെരുമഴ നിലച്ചതേയില്ല.
പനിക്കിടക്കയിൽനിന്ന് ഗൗതമൻ മുസ്‌തഫയെ കാണാൻ വന്നു.
ഒന്നിച്ച് രാത്രിയിൽ സിനിമയ്‌ക്ക് പോയത്...
ഒന്നിച്ച് ലഹരി കുടിച്ച് പാട്ട് പാടിയത്...
ഒന്നിച്ച് അടിയുണ്ടാക്കിനിറങ്ങിയത്...
നിയെന്റെ ഞാനാന്നെടായെന്ന് മുസ്‌തഫ പറഞ്ഞത്...
ഓർമയിൽ ഗൗതമന്റെ കണ്ണുകൾ നിറഞ്ഞു.
ആരും കാണാതിരിക്കാൻ എന്നത്തേയും പോലെ അവൻ മുഖംകുനിച്ചു...
വെട്ടേറ്റ് കിടപ്പിലായ മുത്തലിയെ രണ്ട് പേർ താങ്ങിപ്പിടിച്ച് മുസ്‌തഫയുടെ മരണം കാണിച്ചു.
പാതിയടഞ്ഞ കണ്ണുകളാൽ അവൻ മുസ്‌തഫയെ കണ്ടു.
ഒന്നിച്ച് കളിച്ചത്...
ഒന്നിച്ച് ഉറങ്ങിയത്...
ഒന്നിച്ച് കടലിൽ ഇറങ്ങിയത്...
അവന്റെ കണ്ണുകൾ നിറഞ്ഞു.
കരച്ചലിന്റെ ബലത്തിൽ ഇടത്തേ പുരികത്തിലെ മുറിവിന്റെ തുന്നൽ പൊട്ടി.
അവന്റെ ഇടങ്കണ്ണിലേക്ക് ചോര പടർന്നു.
മഴ നിലച്ചതേയില്ല.
മഴയത്തും കടൽ ചുവന്നുകിടന്നു,
ചോരയുടെ ചുവപ്പ്...
തുടരും... .
(അവസാനിച്ചു)









0 comments