ചരിത്ര വെള്ളി നേട്ടവുമായി ഗുൽവീർ സിങ്; 10,000 മീറ്ററിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം

പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടിയ ഗുൽവീർ സിങ്
ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് കരുത്തേകി ദീർഘദൂര ഓട്ടതാരം ഗുൽവീർ സിങ്. പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടിയ ഗുൽവീർ, ഈ ഇനത്തിൽ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി.
ചൊവ്വാഴ്ച രാത്രി നടന്ന ഫൈനലിൽ 27 മിനിറ്റ് 49.78 സെക്കൻഡിലാണ് ഗുൽവീർ ഫിനിഷ് ചെയ്തത്. മഴയിലും മികച്ച തന്ത്രത്തോടെ ഓടിയ താരം അവസാന ലാപ്പ് തുടങ്ങുമ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു. അവസാന നിമിഷങ്ങളിലെ അതിവേഗ മുന്നേറ്റത്തിലൂടെ ഒരു എതിരാളിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയാണ് അദ്ദേഹം വെള്ളി മെഡൽ സ്വന്തമാക്കിയത്.
ഓസ്ട്രേലിയയുടെ കൈ റോബിൻസൺ സ്വർണം നേടിയപ്പോൾ, ഐൽ ഓഫ് മാന്റെ ഡേവിഡ് മുള്ളാർക്കി വെങ്കല മെഡൽ നേടി. കോമൺവെൽത്ത് ഗെയിംസിലെ ദീർഘദൂര ട്രാക്ക് ഇനങ്ങളിൽ വർഷങ്ങളായി കെനിയ, ഉഗാണ്ട തുടങ്ങിയ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളാണ് ആധിപത്യം പുലർത്തിയിരുന്നത്. അതിനിടെയാണ് ഗുൽവീർ ഇന്ത്യയ്ക്കായി ചരിത്ര മെഡൽ സമ്മാനിച്ചത്.










0 comments