ad
Deshabhimani

വിരുന്നിലെ ഭക്ഷണത്തിൽ വിഷാംശം സംശയം; ഉത്തർപ്രദേശിൽ 12 പേർ ചികിത്സയിൽ

up food poison
വെബ് ഡെസ്ക്

Published on Jul 29, 2026, 08:01 AM | 1 min read

ഹർദോയ്: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ മരണാനന്തര ചടങ്ങിനോടനുബന്ധിച്ച് നടന്ന വിരുന്നിൽ കീടനാശിനി കലർന്നതായി സംശയിക്കുന്ന കറി കഴിച്ച് 12 പേർക്ക് അസ്വസ്ഥത.


റഹ്‌തൗറ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ഭക്ഷണം കഴിച്ചവർക്ക് ഛർദിയും തലചുറ്റലും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കറി കഴിച്ച ചിലർക്ക് അതിന് അസാധാരണമായ കയ്പ് രുചി അനുഭവപ്പെട്ടതോടെയാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്.


പിന്നാലെ ചിലർക്ക് ഛർദിയും തലകറക്കവും ഉണ്ടായതോടെ കുടുംബാംഗങ്ങൾ ഭക്ഷണം വിതരണം ചെയ്യുന്നത് നിർത്തുകയും അസ്വസ്ഥത അനുഭവപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.


വലിയ പാത്രത്തിൽ തയ്യാറാക്കിയിരുന്ന കറി പരിശോധിച്ചപ്പോൾ അതിന്റെ അടിയിൽ തുറന്ന നിലയിലുള്ള "സുൽഫാസ്" എന്ന കീടനാശിനിയുടെ കുപ്പി കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇതോടെയാണ് കറിയിൽ കീടനാശിനി കലർന്നിരിക്കാമെന്ന സംശയം ഉയർന്നത്.


റഹ്‌തൗറ സ്വദേശി സന്ദീപിന്റെ മരണത്തിന് പിന്നാലെയുള്ള ചടങ്ങുകളുടെ ഭാഗമായാണ് വിരുന്ന് സംഘടിപ്പിച്ചത്. ചടങ്ങിൽ ബന്ധുക്കളും മറ്റ് അതിഥികളും പങ്കെടുത്തിരുന്നു. ഭക്ഷണം തയ്യാറാക്കുന്നതിനിടയിലോ അതിന് ശേഷമോ കീടനാശിനിയുടെ കുപ്പി കറി പാത്രത്തിൽ എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.


സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പാലി സ്റ്റേഷൻ ഹൗസ് ഓഫീസർ വിജയ് കുമാർ മിശ്ര അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ച ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കീടനാശിനി അബദ്ധത്തിൽ കറിയിൽ വീണതാണോ അതോ സംഭവത്തിന് പിന്നിൽ മറ്റേതെങ്കിലും കാരണമുണ്ടോയെന്നതും പൊലീസ് പരിശോധിച്ചുവരികയാണ്. 12 പേർക്ക് അസ്വസ്ഥതയുണ്ടായ സംഭവത്തിൽ അന്വേഷണം തുടരുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home