ഏലിയാമ്മ ടീച്ചർ കൊലക്കേസ്: അയൽവാസി കുറ്റക്കാരി; ശിക്ഷ ഇന്ന്

പ്രതീകാത്മകചിത്രം
ആലപ്പുഴ : ഏലിയാമ്മ ടീച്ചർ കൊലക്കേസിൽ അയൽവാസി ഫ്രില്ലി ഫ്രാൻസിസ് (39) കുറ്റക്കാരിയാണെന്ന് കോടതി. ബുധനാഴ്‌ച അഡീഷണൽ ജില്ല സെഷൻസ് മൂന്നാം കോടതി ജഡ്‍ജ് എം ഷുഹൈബ് ശിക്ഷ വിധിക്കും. പ്രതിയെ ജില്ലാ ജയിലിലേക്ക് അയച്ചു. 2010 ആഗസ്‍ത് എട്ടിനാണ് കേസിനായ്പദമായ സംഭവം. ആര്യാട് തുമ്പോളി ആലക്കാട്ടുശേരിൽ ചിന്നമ്മയാണ് (ഏലിയാമ്മ ടീച്ചർ –80) കൊല്ലപ്പെട്ടത്.
ടീച്ചറെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ പാതിരപ്പള്ളി മാരാരിക്കുളം തെക്ക് പഞ്ചായത്ത് മാഞ്ഞാലിക്കാട് ഫ്രില്ലി ഫ്രാൻസിസ് മോഷ്‍ടിച്ചെന്നാണ് കേസ്. ടീച്ചറിന്റെ ഭർത്താവും നാലുമക്കളും വിദേശത്തായിരുന്നു. ജോലിക്കാരി സ്വന്തംവീട്ടിൽ പോയ സമയമാണ് പ്രതി കൃത്യം നടത്തിയത്. മുഖത്ത് മുളക് പൊടി വിതറി പിന്നിൽനിന്ന് തള്ളി താഴെയിടുകയും കൊല്ലുകയും ചെയ്‍തെന്നാണ് കേസ്. ടീച്ചറിന്റെ സ്വർണവളകളും മാലയുമാണ് മോഷ്‍ടിച്ചത്. ഇവ പണയം വച്ച് മോതിരമടക്കമുള്ള ആഭരണവും വസ്‌ത്രങ്ങളും പ്രതി വാങ്ങി. തമിഴ് നാടോടികളാണ് സംഭവത്തിന് പിന്നിലെന്ന് പറഞ്ഞ് അന്വേഷണത്തെ വഴിതെറ്റിക്കാനും ശ്രമിച്ചു. ആലപ്പുഴ നോർത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്.










0 comments