മഴയ്ക്കിടെ കാർ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് മാസം പ്രായമായ കുഞ്ഞുൾപ്പെടെ അഞ്ചുപേർ മരിച്ചു

അപകടത്തില്‍പ്പെട്ട കാര്‍
ഷിംല: കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പ്രദേശത്തെ ശക്തമായ മഴയെ തുടർന്ന് റോഡിൽ തെന്നലുണ്ടായിരുന്നെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രാഥമിക വിവരം.
കനത്ത മഴ പെയ്യുന്നതിനിടെ കാർ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ആഴമേറിയ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരണപ്പെട്ടത്. സംഭവമറിഞ്ഞ് പൊലീസും പ്രാദേശിക ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
അപകടത്തിന്റെ ആഘാതത്തിൽ സംഭവസ്ഥലത്തു വച്ചുതന്നെ ഇവർ മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് മാസം പ്രായമുള്ള കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഹിമാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്ന് മലയോര മേഖലകളിൽ മണ്ണിടിച്ചിലും റോഡ് അപകടങ്ങളും വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ രാത്രികാല യാത്രകൾ ഒഴിവാക്കണമെന്നും, മലയോര പാതകളിലൂടെ സഞ്ചരിക്കുന്ന വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടവും പൊലീസും കർശന നിർദേശം നൽകിയിട്ടുണ്ട്.









0 comments