പ്രളയം ഒഴിയാതെ അസം; മരണം 78 ആയി, മൂന്നുലക്ഷത്തിലധികം പേര്‍ ദുരിതത്തിൽ തുടരുന്നു

ഗുവാഹത്തി: അസമിൽ ഒരാഴ്ചയായി തുടരുന്ന പ്രളയക്കെടുതികൾക്ക് ഇനിയും ശമനമായില്ല. കനത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളുമായി ജനങ്ങൾ ദുരിതങ്ങളിൽ നിന്നും കരകയറാനാവാതെ തുടുരുന്നു.
ബുധനാഴ്ച സിവസാഗറിൽ രണ്ട് മരണങ്ങളും ഗോലാഘട്ടിലും ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 78 ആയി ഉയർന്നു. സിവസാഗർ, ചരായ്ഡിയോ, ഗോലാഘട്ട്, ജോർഹാട്ട്, നഗാവ്, ബിശ്വനാഥ്, കാംരൂപ് മെട്രോപോളിറ്റൻ എന്നിങ്ങനെ ഏഴ് ജില്ലകളിലായി 551 ഗ്രാമങ്ങളിൽ ഇപ്പോഴും പ്രളയ സാഹചര്യം തുടരുന്നു. ഈ പ്രദേശങ്ങളിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. ചരായ്ഡിയോ ജില്ലയാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഇവിടെ മാത്രം 1,37,561 ആളുകൾ വെള്ളപ്പൊക്കത്തിന് ഇരയായി കുടിയൊഴിക്കപ്പെട്ട സാഹര്യമാണ്.
നഗരങ്ങളും വെള്ളത്തിൽ
സംസ്ഥാനത്ത് 71 ദുരിതാശ്വാസ ക്യാമ്പുകളിലായി 16,500-ലധികം ആളുകൾ കഴിയുന്നുണ്ട്. കാംരൂപ് മെട്രോപോളിറ്റൻ ജില്ലയിൽ അനിൽ നഗർ, നബീൻ നഗർ, സൂ റോഡ് തുടങ്ങിയ നഗര പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി.
രാജ്യത്തെ മധ്യ ഉത്തര സംസ്ഥാനങ്ങളിൽ മഴ മാറി നിൽക്കുമ്പോൾ വടക്കു കിഴക്കൻ മേഖല കനത്ത മഴയിൽ ഭീഷണമായ സാഹചര്യത്തിലാണ്. ഓഗസ്റ്റ് ഒന്ന് വരെ അസം, അരുണാചൽ പ്രദേശ്, നാഗാലാന്റ് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അസമിന് ചേര്‍ന്ന നാഗാലാൻഡിലെ ടിൻസുകിയ, മോൺ, മോക്കോക്ചുങ്, വോഖ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയവും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.










0 comments