പാര്‍ലമെന്റിൽ മറുപടി
ഇ20 ഇന്ധനം വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തും, സമ്മതിച്ച് കേന്ദ്രം

ന്യൂഡൽഹി.എഥനോൾ കലര്‍ത്തിയ ഇന്ധനം വാഹന എഞ്ചിനുകൾക്ക് കേടുപാടുകൾ ഉണ്ടാക്കാമെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇ20 ഇന്ധനത്തെ ആവര്‍ത്തിച്ച് ന്യായീകരിക്കുന്നതിനിടിയിൽ പാര്‍ലമെന്റിലെ ചോദ്യോത്തര വേളയിലാണ് കുറ്റസമ്മതം.
രാജ്യസഭയിൽ ചൊവ്വാഴ്ച എ എ റഹീം എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം സമ്മതിച്ചത്. ഇതു പ്രകാരം കേന്ദ്ര ഗവൺമെന്റ് പാർലമെന്റിൽ നൽകിയ വിവരമനുസരിച്ച് E20 ഇന്ധനം ഉപയോഗിക്കുമ്പോൾ BS-III വാഹനങ്ങളിലെ ചില റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വരും.
സമ്മതിച്ചു, പ്രശ്നം നിസാരമെന്ന് വീണ്ടും
എണ്ണ കമ്പനികളും വാഹന നിര്‍മാതാക്കളുടെ സംഘടനയും നടത്തിയ പഠനങ്ങളിൽ ഉൾപ്പെടെ എഥനോൾ കലര്‍ത്തൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും വാഹനങ്ങൾക്ക് കേട്പാട് വരുത്തുമെന്നും ആവര്‍ത്തിച്ചിരുന്നു. എന്നാൽ ഇവയെല്ലാം സര്‍ക്കാര്‍ നിഷേധിക്കയായിരുന്നു. മാത്രമല്ല പൊതുജനം അറിയാതെ നിശ്ചിത കാലവധിക്ക് മുൻപേ തന്നെ പമ്പുകളിൽ 20 ശതമാനം എഥനോൾ കലര്‍ത്തിയ ഇന്ധനം മാത്രമാക്കി ഉത്തരവ് നടപ്പാക്കി.
ഇതോടെ പഴയ വാഹനങ്ങൾ പലതും എഞ്ചിൻ പ്രശ്നം നേരിട്ടു. മൈലേജ് ഷോര്‍ടേജ് പതിവായി. എഥനോളിന്റെ ജലാഗിരണ സ്വഭാവം പമ്പുകളിലെ സ്റ്റോക്കിനെ പോലും ബാധിച്ചു. എന്നിട്ടും സര്‍ക്കാര്‍ ഇപ്പോഴും ഇ20 യെ ന്യായീകരിക്കയും ഇ30 എന്ന അനുപാതത്തിലേക്ക് കലര്‍പ്പ് ഉയര്‍ത്താനുള്ള തീരുമാനവുമായി അതിവേഗം മുന്നേറുകയുമാണ്. എൺപതുശതമാനം പെട്രോളും ഇരുപതുശതമാനം എഥനോളും അടങ്ങിയതാണ് ഇ 20 പെട്രോൾ.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP) ഡെറാഡൂൺ, വാഹന നിര്‍മാതാക്കളുടെ സംഘനകളായ SIAM, ARAI എന്നിവർ ചേർന്ന് നടത്തിയ പഠനങ്ങൾ എല്ലാം സര്‍ക്കാര്‍ ന്യായീകരണത്തിന് എതിരായ ഫലങ്ങളാണ് റിപ്പോര്‍ട് ചെയ്തത്. സര്‍ക്കാര്‍ ഇപ്പോൾ സമ്മതിച്ചതിനെക്കാൾ വലിയ പ്രശ്നങ്ങളാണ് മിശ്രിത ഇന്ധനം കാരണം വാഹനങ്ങൾക്ക് ഉണ്ടാവുന്നത്.
ഇത്രയും വലിയ കലര്‍പ്പ് നടത്തുമ്പോൾ സ്വഭാവികമായും ഇന്ധന വില കുറയേണ്ടതാണ്. എന്നാൽ എഥനോൾ നിര്‍മ്മിക്കാൻ സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിന്റെ മറവിൽ വിലക്കുറവ് അനുവദിക്കാതെ ന്യായീകരിക്കുന്നു. ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ മക്കൾ വരെ തിടുക്കപ്പെട്ട് എഥനോൾ ഫാക്ടറികൾ തുടങ്ങിയതും ഇതിനിടെ വാര്‍ത്തയായിരുന്നു. അമേരിക്കയുമായി ഒപ്പു വെച്ച വ്യാപാര കരാര്‍ വരെ ഈ തിടുക്കത്തിന് പിന്നിൽ ആരോപിക്കപ്പെട്ടു. ധാന്യങ്ങളും എഥനോളും യുഎസ് സംസ്ഥാനങ്ങളിൽ നിന്നും നേരിട്ട് എത്തുന്നതിന് കരാര്‍ വഴി തുറക്കും. ഇപ്പോൾ രാജ്യത്തെ പെട്രോൾ പമ്പുകളിൽ എഥനോൾ കലര്‍പ്പില്ലാത്ത എണ്ണ ലഭ്യമല്ല.










0 comments