ad
Deshabhimani

'പിതാവിന്റെ ​ഗതികേട്' പവർകട്ടിനെതിരെ വീഡിയോ പങ്കുവെച്ചു; പിഡിപി പ്രവർത്തകന്റെ ഫോൺ പിടിച്ചെടുത്ത് പൊലീസ്

Current Cujt

ഫേസ്ബബുക്കില്‍ പങ്കുവെച്ച വീഡിയോയിലെ ചിത്രം, മുഹമ്മദ് കബീര്‍

വെബ് ഡെസ്ക്

Published on Jul 30, 2026, 12:56 PM | 1 min read

ആലപ്പുഴ: പവർകട്ടിനെതിരെ ഫേസ്ബുക്ക് വീഡിയോ പങ്കുവെച്ചതിന്റെ പേരിൽ യുവാവിന്‍റെ ഫോൺ പൊലീസ് പിടിച്ചെടുത്തു. ആലപ്പുഴയിലെ പിഡിപി പ്രവർത്തകനായ അഹമ്മദ് കബീറിന്റെ ഫോൺ ആണ് രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ തരാമെന്ന് പറഞ്ഞ് ആലപ്പുഴ സൗത്ത് പൊലീസ് ഫോൺ കൈവശം വെയ്ക്കുകയായിരുന്നു. പൂക്കി ഭരണത്തിൽ ഒരു പിതാവിന്റെ ​ഗതികേട് എന്ന തലകെട്ടോടെയാണ് മക്കൾ കിടക്കുന്നതിന്റെ വീഡിയോ പകർത്തി കബീർ ഫേസ്ബുബുക്കിൽ പങ്കുവെച്ചത്. കറന്റ് പോയതിനെ തുടർന്ന് ബാറ്ററിയിൽ കറങ്ങുന്ന ചെറിയ ഫാൻ മക്കൾക്ക് വെച്ചു കൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ‌


ഈ വീഡിയോ ചൂണ്ടിക്കാണിച്ച് പ്രാദേശിക കോൺ​ഗ്രസ് നേതാവ് ആലപ്പുഴ ഡിവൈഎസ്പി ക്ക് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം ആലപ്പുഴ സൗത്ത് പൊലീസ് അഹമ്മദ് കബീറിനെ വിളിക്കുകയും സ്റ്റേഷനിൽ എത്താൻ നിർദേശം നൽകുകയുമായിരുന്നു. തുടർന്ന് കബീറിന്റെ ഫോൺ വാങ്ങി വെയ്ക്കുകയും രാവിലെ വന്ന് വാങ്ങാൻ പറയുകയും ചെയ്തു. എന്നാൽ കാര്യം എന്തെന്ന് പറയാതെയായിരുന്നു ഫോൺ പിടിച്ചുവെച്ചതെന്ന് കബീർ പറഞ്ഞു.


രാവിലെ സ്റ്റേഷനിൽ എത്തിയിട്ടും ഡിവൈഎസ്പി എത്തിയില്ലെന്ന് പറഞ്ഞ് ഇതുവരെയും ഫോൺ കൈമാറിയില്ലെന്നും മണിക്കൂറുകളോളം കാത്തിരിക്കേണ്ടതായി വന്നുവെന്നും കബീർ ആരോപിച്ചു. രാവിലെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തലത്തിൽ വീഡിയോ പങ്കുവെച്ചെന്ന കോൺ​ഗ്രസ് നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോൺ പിടിച്ചുവെച്ചതെന്ന് മനസിലായതെന്നും കബീർ പറഞ്ഞു. രാത്രി 2.30 ക്ക് ഒന്നര മണിക്കൂറോളം കറന്റ് പോവുകയും ചെറിയ മക്കൾ എഴുന്നേറ്റ് ഇരുന്ന് കരയുകയും ചെയ്യുന്നത് കണ്ടു നിൽക്കേണ്ടി വരുന്ന പിതാവിന്റെ വികാരത്തിൽ നിന്ന് വീഡിയോ പങ്കുവെച്ചു എന്നുള്ളത് സത്യമാണ്.


എന്നാൽ അതിൽ മുഖ്യമന്ത്രി വി ഡി സതീശനെ അധിക്ഷേപിക്കുന്നതോ, അപകീർത്തിപ്പെടുത്തുന്നതുമായോ ഒന്നും തന്നെയില്ലെന്നും കബീർ കൂട്ടിച്ചേർത്തു. എന്നാൽ സംഭവത്തിൽ കേസെ‌ടുത്തിട്ടില്ലെന്നും ഫോൺ വാങ്ങിവെച്ചുവെന്ന വിശദീകരണമാണ് പൊലീസ് നൽകുന്നത്. എന്നാൽ യാതൊരു നിയമ നടപടി ക്രമങ്ങളും പാലിക്കാതെ ഒരു വ്യക്തിയുടെ സ്വകാര്യത നിറഞ്ഞ മൊബൈൽ ഫോൺ പിടിച്ചു വെയ്ക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. പൊലീസ് ന‌ടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home