ad
Deshabhimani

കുവൈത്ത് എയർവേയ്സ് പൂർണ സർക്കാർ ഉടമസ്ഥതയിലേക്ക്

Kuwait Airways
വെബ് ഡെസ്ക്

Published on Jul 31, 2026, 03:25 PM | 2 min read

കുവൈത്ത് സിറ്റി : ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്സിനെ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഓഹരി കമ്പനിയാക്കി മാറ്റുന്ന ഉത്തരവ്‌ കുവൈത്ത് സർക്കാർ പുറത്തിറക്കി. വ്യോമഗതാഗത മേഖലയെ നവീകരിക്കുന്നതിനും കമ്പനിയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക- നിയമപരമായ പരിഷ്കാരങ്ങളുമായി യോജിപ്പിക്കുന്നതിനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. ​പുതിയ നിയമപ്രകാരം കുവൈത്ത് എയർവേയ്സിന്റെ മുഴുവൻ ഓഹരികളും ഇനി സർക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലായിരിക്കും. ഭാവിയിൽ കമ്പനിയുടെ ഓഹരികൾ വിൽക്കുക, പണയംവയ്ക്കുക, കൈമാറ്റം ചെയ്യുക തുടങ്ങിയ നടപടികൾ സ്വീകരിക്കണമെങ്കിൽ മന്ത്രിസഭയുടെ മുൻകൂർ അനുമതി നിർബന്ധമാണ്.


​കമ്പനിയുടെ ജനറൽ അസംബ്ലിയുടെ എല്ലാ അധികാരങ്ങളും ഇനി ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡിനായിരിക്കും. കമ്പനി നിയമവും നിഷ്പക്ഷത ഉറപ്പാക്കുന്ന വ്യവസ്ഥകളും പാലിച്ചായിരിക്കും പുതിയ ഡയറക്ടർ ബോർഡിന്റെ നിയമനം. ​ഭരണപരവും സാമ്പത്തികവുമായ വിപുലമായ അധികാരങ്ങൾ ഡയറക്ടർ ബോർഡിന് പുതിയ നിയമം നൽകുന്നു. കമ്പനിയുടെ സംഘടനാ ഘടനയ്ക്ക്‌ അംഗീകാരം നൽകുക, ജീവനക്കാരുടെ സേവന ചട്ടങ്ങൾ രൂപീകരിക്കുക, ടെൻഡർ നടപടികൾക്ക് അംഗീകാരം നൽകുക തുടങ്ങിയ കാര്യങ്ങളിൽ ബോർഡിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. സർക്കാർ ടെൻഡർ നിയമത്തിലെ ചില വ്യവസ്ഥകളിൽനിന്ന് കമ്പനിയെ ഒഴിവാക്കിയതിനാൽ പ്രവർത്തനങ്ങളിൽ കൂടുതൽ വേഗതയും കാര്യക്ഷമതയും ഉറപ്പാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കമ്പനിയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ ഭൂമി അനുവദിക്കുന്ന നടപടികളും ഇതോടെ കൂടുതൽ സുഗമമാകും.​


ഡയറക്ടർ ബോർഡ് അംഗീകരിക്കുന്ന സേവന ചട്ടങ്ങളായിരിക്കും ജീവനക്കാർക്ക് ബാധകമാകുക. അവയിൽ പരാമർശിക്കാത്ത വിഷയങ്ങളിൽ സ്വകാര്യമേഖല തൊഴിൽനിയമം പ്രാബല്യത്തിലായിരിക്കും. പ്രത്യേക വൈദഗ്ധ്യമുള്ള വിദേശ വിദഗ്ധരെ ഡയറക്ടർ ബോർഡ് നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം നേരിട്ട് നിയമിക്കാനും കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ട്. ദേശീയ വിമാനക്കമ്പനിയെന്ന നിലയും പൂർണ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമെന്ന പദവിയും പരിഗണിച്ച് കുവൈത്ത് എയർവേയ്സിനെ മത്സര സംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ മേൽനോട്ടം ഓഡിറ്റർമാരുടെ റിപ്പോർട്ടുകളും സാമ്പത്തിക കണക്കുകളും പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.


പുതിയ നിയമത്തിന് അനുസൃതമായി കമ്പനിയുടെ സ്ഥാപകകരാറും ചട്ടങ്ങളും ഭേദഗതി ചെയ്യണമെന്നും ഡിക്രി നിയമം നിർദേശിക്കുന്നു. നിയമം നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ മന്ത്രിസഭ ചുമതലപ്പെടുത്തുന്ന മന്ത്രി സ്വീകരിക്കും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഡിക്രി നിയമം പ്രാബല്യത്തിൽ വരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home