തൃക്കാക്കരയിൽ വീണ്ടും യാത്രക്കാരന് നേരെ ക്രൂരമായ ആക്രമണം

പ്രതീകാത്മക ചിത്രം
കൊച്ചി: തൃക്കാക്കരയിൽ വീണ്ടും യാത്രക്കാരന് നേരെ ക്രൂരമായ ആക്രമണമുണ്ടായതായി ആരോപണം. സ്കൂട്ടർ യാത്രക്കാരനായ പടമുകൾ സ്വദേശി സുധീഷിനെ നാലംഗ സംഘംആക്രമിക്കുകയായിരുന്നു. മർദനമേറ്റ സുധീഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത തൃക്കാക്കര പൊലീസ് അക്രമികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ഞായറാഴ്ചയും തൃക്കാക്കരയിൽ സമാന സംഭവമുണ്ടായിരുന്നു. എൻജിഒ ക്വാർട്ടേഴ്സിന് സമീപം യുവാക്കളെ നടുറോഡിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കളെ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
പ്രതികളുടെ മർദനത്തിൽ പരിക്കേറ്റ വാഴക്കാല സ്വദേശികളായ യുവാക്കളുടെ പരിക്ക് അതീവ ഗുരുതരമാണ്. തലയോട്ടിക്ക് പൊട്ടലേറ്റ പ്രവീൺ കുമാർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റൊരു യുവാവായ നിസാമിനെ അടിയന്തിര പ്ലാസ്റ്റിക് സർജറിക്കായി എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.
കേസിൽ ഒളിവിൽ പോയ കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി വിബീഷ് ബെന്നി എന്നിവരെ കോഴിക്കോട് നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. വാഴക്കാല സ്വദേശികളായ മുഹമ്മദ് ഷാഫി, പ്രവീൺ കുമാർ, നിസാം എന്നിവരെ മർദിച്ച കേസിൽ നിലവിൽ റിമാൻഡിലുള്ള പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.










0 comments