ad
Deshabhimani

ഐഷി ഘോഷിന്റെ താമസം എകെജി ഭവനിലാണോ എന്ന് ചോദ്യം; എകെജി ഭവന് സമീപം രാത്രിയിൽ മഫ്തിയിലെത്തി പൊലീസ്

aishe ghosh.jpg
വെബ് ഡെസ്ക്

Published on Jul 29, 2026, 07:44 AM | 1 min read

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിൽ തോറ്റതിന്റെ പകവീട്ടാൻ എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെതിരെയുള്ള വേട്ടയാടൽ ശക്തമാക്കി ഡൽഹി പോലീസ്. ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞെത്തി. രാത്രി ഏറെ വൈകിയും ഐഷിയെ അന്വേഷിച്ച് മഫ്തിയിലെത്തിയ പോലീസ് സംഘം, അവർ താമസിക്കുന്നത് എകെജി ഭവനിലാണോ എന്നടക്കം സെക്യൂരിറ്റിയോട് ചോദിച്ചറിഞ്ഞു.


സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ കെ ജി ഭവനിലേക്ക് ഇരച്ചെത്തി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ നാടകം ജോൺ ബ്രിട്ടാസ് എംപിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. യൂണിഫോമില്ലാതെ, സ്വകാര്യ വാഹനങ്ങളിലെത്തിയ പൊലീസ് സംഘമാണ് പാർട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. യൂണിഫോമില്ലാതെ, ഔദ്യോഗിക വാഹനങ്ങളോ കൃത്യമായ വാറന്റോ ഇല്ലാതെ പാർട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറാനുള്ള പൊലീസിന്റെ നീക്കത്തെ ജോൺ ബ്രിട്ടാസ് എംപി നിയമപരമായി ചോദ്യം ചെയ്തതോടെ പൊലീസ് സംഘത്തിന് പിന്തിരിയേണ്ടി വന്നു.


വിവരമറിഞ്ഞ്‌ ഡൽഹിയുടെ വിവിധ കോണുകളിൽനിന്ന്‌ വിദ്യാർഥികളും പാർടിപ്രവർത്തകരും എ കെ ജി ഭവനിലേക്ക്‌ ഒഴുകി. സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി ഉൾപ്പടെയുള്ള നേതാക്കളും കുതിച്ചെത്തി. 2021ൽ ബംഗ ഭവനിലേക്ക്‌ നടത്തിയമാർച്ചിന്റെ ഭാഗമായുള്ള കേസിലാണ്‌ പട്യാല ഹ‍ൗസ്‌ കോടതി ഏപ്രിൽ 15ന്‌ ഐഷിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്‌. മാസങ്ങൾ പിന്നിട്ടിട്ടും ഇതുസംബന്ധിച്ച സമൻസോ അറിയിപ്പോ നൽകിയിട്ടില്ല.


വ്യാഴാഴ്‌ച ഇ‍ൗ കേസ്‌ കോടതി വീണ്ടും പരിഗണിക്കാനിരിക്കെ ചൊവ്വ രാവിലെ ഡൽഹി പൊലീസ്‌ വാറന്റിന്റെ കാര്യം അറിയിച്ചു. കേസ്‌ പരിഗണിക്കുന്ന വ്യാഴാഴ്‌ച ഹാജരാകുമെന്നും ജാമ്യമില്ലാ വാറന്റ് പിൻവലിക്കാൻ ഉടൻ അപേക്ഷ നൽകുമെന്നും ഐഷി മറുപടി നൽകി. ഇ‍തിനുശേഷമാണ്‌ അറസ്റ്റിന്‌ ശ്രമിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home