ad
Deshabhimani

print edition പൊന്നിടി; ബോക്‌സിങ്ങിൽ ഏഴ് സ്വർണവും
മൂന്ന് വെള്ളിയും

𝐀𝐍𝐊𝐔𝐒𝐇 𝐏𝐀𝐍𝐆𝐇𝐀𝐋.jpg
വെബ് ഡെസ്ക്

Published on Aug 02, 2026, 12:43 AM | 2 min read

ഗ്ലാസ്‌ഗോ (സ്‌കോട്‌ലൻഡ്‌): കോമൺവെൽത്ത് ഗെയിംസ്‌ ഇടിക്കൂട്ടിൽ ഇന്ത്യയുടെ പൊൻ കൊയ്‌ത്ത്‌. ഏഴ്‌ സ്വർണവും മൂന്ന്‌ വെള്ളിയും ബോക്‌സിങ്‌ റിങ്ങിൽ സ്വന്തമാക്കി. വനിതകളുടെ 57 കിലോ വിഭാഗത്തിൽ ജാസ്‌മിൻ ലംബോറിയയും 54 കിലോയിൽ പ്രീതി പവാറും സ്വർണം നേടി. പ്രിയ ഗംഗാസും (60 കിലോ) സാക്ഷി ച‍ൗധരിയും (51) അരുന്ധതി ച‍ൗധരിയും (70) പൊന്നണിഞ്ഞതോടെ വനിതാ ബോക്‌സിങ്ങിൽ ഇന്ത്യ മിന്നി. പുരുഷന്മാരിൽ സച്ചിൻ സിവാചും (60) അങ്കുഷ്‌ പംഗലും (80) ചാന്പ്യൻമാരായി. ജദുമണി സിങ്ങും (55) നരേന്ദർ ബർവാളും (90+) വെള്ളി നേടി. വനിതകളിൽ ലവ്‌ലിന ബൊർഗോഹെയ്‌നും (75) വെള്ളിയാണ്‌. പത്ത്‌ വിഭാഗങ്ങളിലാണ്‌ ഇന്ത്യൻ താരങ്ങൾ ഫൈനലിലെത്തിയത്‌.


കാനഡയുടെ സ്‌കാർലെറ്റ്‌ ഡെൽഗാഡോയെ ഏകപക്ഷീയമായ പോരാട്ടത്തിൽ കീഴടക്കിയാണ്‌ പ്രീതി ചാന്പ്യനായത്‌. കോമൺവെൽത്തിലെ ആദ്യ മെഡലാണ്‌ ഇരുപത്തിരണ്ടുകാരിക്ക്‌. ഹരിയാനയിലെ ഭിവാനിക്കാരിയായ പ്രീതി 2022ലെ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയിട്ടുണ്ട്‌. മൂന്നാം റാങ്കുകാരിയാണ്‌. വടക്കൻ അയർലൻഡിന്റെ മിച്ചേല വാൽഷിനെയാണ്‌ ജാസ്‌മിൻ തോൽപ്പിച്ചത്‌. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ജയം. നിലവിലെ ചാന്പ്യനായ വാൽഷിനെതിരെ ആദ്യ റ‍ൗണ്ടിൽ നേരിയ വ്യത്യാസത്തിലാണ്‌ ഇരുപത്തിനാലുകാരി മുന്നിലെത്തിയത്‌. എന്നാൽ അടുത്ത രണ്ട്‌ റ‍ൗണ്ടിലും എതിരാളിയെ നിലംതൊടീച്ചില്ല.


സാക്ഷി ഇംഗ്ലണ്ടിനെ റൂബി വൈറ്റിനെ ആധികാരികമായി കീഴടക്കി. ഇന്ത്യൻ ടീമിലേക്കുള്ള ട്രയൽസിൽ മുൻ ലോക ചാന്പ്യൻമാരായ നിഖാത്‌ സറീനെയും മീനാക്ഷി ഹൂഡയെയും കീഴടക്കിയാണ്‌ ഇരുപത്തഞ്ചുകാരി കോമൺവെൽത്ത്‌ ഗെയിംസിനെത്തിയത്‌. ഹരിയാനക്കാരിയാണ്‌ സാക്ഷി. പ്രിയയ്‌ക്ക്‌ ഫൈനലിൽ കടുത്ത മത്സരം നേരിടേണ്ടിവന്നു. കാനഡയുടെ മരിയെ ബ‍ത‍ൗൽ അൽ അഹ്‌മാദിയെയാണ്‌ തോൽപ്പിച്ചത്‌. ഇരുപത്തിമൂന്നുകാരിയായ അരുന്ധതി ഇംഗ്ലണ്ടിന്റെ ചാന്റെല്ലെ റെയ്‌ഡിനെ കീഴടക്കി. രാജസ്ഥാനിലെ കോട്ട സ്വദേശിയായ അരുന്ധതി നിലവിലെ ഏഷ്യൻ ചാന്പ്യനാണ്‌. പുരുഷൻമാരിൽ സച്ചിൻ സിവാച്‌ ഫൈനലിൽ നമീബിയയുടെ ട്രയാഗയ്‌ൻ മോണിങ്‌ എൻഡെവെലോയെയും അങ്കുഷ്‌ ഇംഗ്ലണ്ടിന്റെ ദിമെജി ഷിട്ടുവിനെയും തോൽപ്പിച്ചു.


ജദുമണി ഓസ്‌ട്രേലിയയുടെ ജെയ്‌ ഡിക്‌സനോട്‌ തോറ്റു. നരേന്ദർ ഇംഗ്ലണ്ടിന്റെ ഡമർ തോമസിന്‌ മുന്നിൽ കീഴടങ്ങി. വനിതകളിൽ ലവ്‌ലിന ഓസ്‌ട്രേലിയയുടെ എമ്മ സ്യു ഗ്രീൻട്രീയോടാണ്‌ പരാജയപ്പെട്ടത്‌. ഇന്ത്യക്ക്‌ ബോക്‌സിങ്ങിൽ പതിനാല്‌ അംഗ ടീമായിരുന്നു. വനിതകളിൽ ഏഴിൽ ആറ് പേരും കിരീടപ്പോരാട്ടത്തിനെത്തി. അഞ്ച്‌ പേർ സ്വർണം നേടി. പുരുഷന്മാരിൽ രണ്ട്‌ വീതം സ്വർണവും വെള്ളിയും. അർജന്റീനക്കാരനായ സാന്റിയാഗോ നെയ്‌വയാണ്‌ വനിതാ ടീം പരിശീലകൻ. ദ്രോണാചാര്യ പുരസ്‌കാര ജേതാവായ ഡി ചന്ദ്രലാലിന്‌ പകരക്കാരനായി കഴിഞ്ഞ വർഷം അവസാനമാണ്‌ നെയ്‌വ ചുമതലയേറ്റത്‌. സി എ കുട്ടപ്പയാണ്‌ പുരുഷ ടീംകോച്ച്‌. കഴിഞ്ഞതവണ മൂന്ന്‌ സ്വർണമടക്കം ഏഴ്‌ മെഡലായിരുന്നു. ഇന്നലെ ഇന്ത്യക്ക് ഗെയിംസിൽ ആകെ 15 മെഡൽ കിട്ടി. എട്ട് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home