ad
Deshabhimani

മഴ കനത്തു; ദുരിതപെയ്‌ത്ത്‌

ഉദുമ ജന്മ കടപ്പുറത്ത് കടൽക്ഷോഭത്തിൽ കരയിടിഞ്ഞ് തെങ്ങുകൾ കടപുഴകി വീണപ്പോൾ
വെബ് ഡെസ്ക്

Published on Aug 02, 2026, 02:30 AM | 1 min read

കാസർകോട്‌

കാലവർഷം കനത്തതോടെ ജില്ലയിൽ വ്യാപക നാശം. ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്‌. ജില്ലയിൽ ശനിയാഴ്‌ച റെഡ്‌ അലർട്ടായിരുന്നു. ശക്തമായ കാറ്റിലും മഴയിലും പലയിടത്തും വീടുകൾ തകർന്നു. കാർഷിക വിളകൾക്കും നാശമുണ്ടായി. പള്ളിക്കര, തൃക്കണ്ണാട്, ഉദുമ, കാവുഗോളി, കോയിപ്പാടി കടൽത്തീരങ്ങളിൽ കടലാക്രമണം രൂക്ഷമായി. കോയിപ്പാടിയിൽ രണ്ട്‌ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. ബേക്കൽ ബീച്ചിന്റെ കോൺക്രീറ്റ് മതിൽ കടലാക്രമണത്തിൽ തകർന്നു. അത്തിയടുക്കം, ഒറ്റക്കുഴി, തയ്യേനി മേഖലയിൽ ഉരുൾപൊട്ടലുണ്ടായി. പുഴകളിൽ ജലനിരപ്പ്‌ ഉയർന്നിട്ടുണ്ട്‌. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. റാണിപുരം ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. പുഴകൾ കര കവിഞ്ഞതിനാൽ ജില്ലയിൽ പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തേജസ്വിനി പുഴ കര കവിഞ്ഞ് അണ്ടോൾ, പാറക്കോൽ, കീഴ് മാല, കിനാനൂർ, നീലായി, പാലായി തുടങ്ങിയ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. കയ്യൂർ, ചെറിയാക്കര, കൂക്കോട്ട് തുടങ്ങിയ പ്രദേശങ്ങളിൽ ശനി രാത്രി ഏഴോടെ വെള്ളം കയറി. ഈ പ്രദേശങ്ങളിലെ കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. പനത്തടി നെല്ലിത്തോടിൽ വീട് തകർന്നു. നാലംഗ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. ജെ രാജേഷിന്റെ കുടുംബത്തെയാണ്‌ മാറ്റിപ്പാർപ്പിച്ചത്. രാജപുരം കനീലടുക്കത്ത്‌ മണ്ണ് ഇടിഞ്ഞു വീടിനു ഭീഷണി. കനീലടുക്കത്തെ സി വി സുരേന്ദ്രന്റെ വീടിനുപിറകിലാണ്‌ മണ്ണിടിഞ്ഞത്‌. കുടുംബത്തെ മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകി. സ്റ്റേജിന്റെ മേല്‍ക്കൂര തകര്‍ന്നു ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്റെ മുന്‍വശത്തെ സ്റ്റേജിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ജവഹര്‍ലാല്‍ നെഹ്‌റു കാഞ്ഞങ്ങാട് പ്രസംഗിച്ചതിന്റെ ഓര്‍മകളുണര്‍ത്തുന്ന സ്റ്റേജാണ്‌ കനത്ത കാറ്റിലും മഴയിലും തകർന്നത്‌. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 1957ഫെബ്രുവരി 25നാണ് നെഹ്‌റു ഇവിടെ പ്രസംഗിച്ചത്. ഈ പ്രദേശം പിന്നീട് നെഹ്‌റു മൈതാനി എന്ന പേരിലാണ് അറിയപ്പെടുന്നത്‌. വേദിയുടെ അറ്റ കുറ്റപ്പണി നടത്താനുള്ള നടപടികള്‍ ആരംഭിക്കവെയാണ്‌ വേദി തകര്‍ന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home