200 മീറ്ററിൽ അനിമേഷിന് ദേശീയ സമയം
ട്രാക്കിലും പിറ്റിലും മിന്നൽ ; ഫെഡറേഷൻ കപ്പിന് സമാപനം

പുരുഷവിഭാഗം 200 മീറ്ററിൽ ഒഡിഷയുടെ അനിമേഷ് കുജുർ (383) ദേശീയ റെക്കോഡോടെ സ്വർണം നേടുന്നു /ഫോട്ടോ: വി കെ അഭിജിത്
ജെയ്‌സൺ ഫ്രാൻസിസ്
Published on Apr 25, 2025, 12:38 AM | 2 min read
കൊച്ചി : ചാടേണ്ട ദൂരം മനസ്സിൽ മാത്രമല്ല, ജേഴ്‌സിയ്‌ക്ക് പിന്നിലും പ്രവീൺ ചിത്രവേൽ കുറിച്ചിട്ടിരുന്നു. 17.20+ എന്നായിരുന്നു ആ നമ്പർ. ട്രിപ്പിൾ ജമ്പിൽ സ്വന്തം ദേശീയ റെക്കോഡ് തകർക്കാനല്ല, ലോക ചാമ്പ്യൻഷിപ്പ് യോഗ്യതയായ 17.22 മീറ്റർ മറികടക്കാനാണ് വന്നതെന്നായിരുന്നു ആ സന്ദേശം. മൂന്നാംശ്രമത്തിൽ തമിഴ്‌നാട് തിരുവാരൂരുകാരൻ ചാടിവീണത് 17.37 മീറ്ററിൽ. യോഗ്യതയ്‌ക്കൊപ്പം സ്വന്തം ദേശീയ റെക്കോഡിനൊപ്പവുമെത്തി.
ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിന്റെ അവസാനദിനം പിറ്റിൽ മാത്രമല്ല, ട്രാക്കിലും കണ്ടു മിന്നൽ. പുരുഷന്മാരുടെ 200 മീറ്ററിൽ ഒഡിഷക്കാരൻ അനിമേഷ് കുജുറാണ് ദേശീയ റെക്കോഡ് തിരുത്തിയത്. സീസണിലെ ഏറ്റവും മികച്ച ഏഷ്യൻ സമയവുംകൂടിയാണ്. 22.40 സെക്കൻഡിലാണ് നേട്ടം. ലോക അത്‌ലറ്റിക്‌സ് ഈ സീസണിൽ മുപ്പത്തഞ്ചാമതാണ് ഈ സമയം. നിലവിലെ റെക്കോഡുകാരൻ അംലാൻ ബോർഗൊഹെയ്‌ൻ രണ്ടാമതായി (20.80 സെക്കൻഡ്). ‘ഹീറ്റ്‌സിൽ മികച്ച പ്രകടനം വന്നപ്പോൾതന്നെ വിജയം ഉറപ്പിച്ചിരുന്നു. ലോക ചാമ്പ്യൻഷിപ്പിനാണ് ഇനി ശ്രദ്ധ’ കുജുർ പറഞ്ഞു.
ട്രിപ്പിളിൽ ഉശിരൻ പ്രകടനമായിരുന്നു പ്രവീണിന്റേത്. ‘മൂന്നാഴ്‌ച പരിക്കിനെ തുടർന്ന് പരിശീലനം നിർത്തിവച്ചതായിരുന്നു. തിരിച്ചുവരവ് ഗംഭീരമാക്കാനായതിൽ സന്തോഷം. ദേശീയ റെക്കോഡ് തിരുത്താനല്ല വന്നത്. ലോക ചാമ്പ്യൻഷിപ്പ് യോഗ്യത നേടാനാണ്. പരിശീലകനും അതാണ് പറഞ്ഞത്. വിജയം കോച്ചിന് സമർപ്പിക്കുന്നു.
പറഞ്ഞവസാനിപ്പിച്ചതും കുറിച്ചിട്ട ദൂരത്തിനൊപ്പം ‘ഫോർ മൈ കോച്ച് യൊയാൻഡ്രിസ് ’ എന്നുകൂടി ചേർത്ത് ഗ്യാലറിയിലേക്ക് ഉയർത്തി. 2023ലാണ് 17.37 മീറ്റർ ചാടി ദേശീയ റെക്കോഡ് സ്വന്തമാക്കിയത്. മഹാരാജാസ് കോളേജ് മൈതാനത്ത് സമാനപ്രകടനം ആവർത്തിച്ചപ്പോൾ ദേശീയ റെക്കോഡ് ദൂരത്തിനൊപ്പം വീണ്ടും എത്തി. മലയാളിതാരം എൽദോസ് പോളിന്റെ മീറ്റ് റെക്കോഡ് (16.99 മീറ്റർ) തകർത്തു.
വനിതാലോങ് ജമ്പിൽ മീറ്റ് റെക്കോഡോടെ ഉത്തർപ്രദേശിന്റെ ശൈലി സിങ് (6.64 മീറ്റർ) പൊന്നണിഞ്ഞു. ആൻസി സോജൻ (6.46) വെള്ളിയും നേടി. ഇരുവരും ഏഷ്യൻ മീറ്റിന് യോഗ്യത നേടി. ഹൈജമ്പിൽ ഹരിയാനയുടെ പൂജയും (1.84 മീറ്റർ) പുരുഷ ഷോട്ട്‌പുട്ടിൽ മധ്യപ്രദേശിന്റെ സമർദീപ് സിങ് ഗില്ലും (19.34) യോഗ്യത കടന്നു. ഡെക്കാത്ത്‌ലണിൽ തേജസ്വിൻ ശങ്കർ മീറ്റ് റെക്കോഡ് കുറിച്ചു. വനിതകളുടെ 800 മീറ്ററിൽ മൂന്ന് പേരാണ് ഏഷ്യൻ യോഗ്യത മറികടന്നത്. റിലയൻസ് താരം ടിങ്ക്വിൾ ചൗധരി (2:00.71) ഹരിയാനയുടെ പൂജ (2:02.89) പഞ്ചാബിന്റെ അമൻദീപ് കൗർ (2:03.69) എന്നിവർ വെള്ളിയും വെങ്കലവും നേടി. പുരുഷന്മാരിൽ ഉത്തരാഖണ്ഡിന്റെ അനുകുമാറിനാണ് (1:47.78) സ്വർണം.
മലയാളിതാരം മുഹമ്മദ് അഫ്‌സൽ നാലാമനായി. പുരുഷന്മാരുടെ 5000ൽ അഭിഷേക് പാൽ ഏഷ്യൻ യോഗ്യതയോടെ (13:40.59). ഒന്നാമനായി. വനിതകളുടെ 200 മീറ്ററിൽ നിത്യഗാന്ധെ (23.68 സെക്കൻഡ്) ഒന്നാമതായി.









0 comments