ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിന് ഇന്ന് കൊച്ചിയിൽ തുടക്കം
ഉന്നം കൊറിയ ; വേഗക്കാരെ ഇന്നറിയാം

എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ ജാവലിൻ താരം കിഷോർ കുമാർ ജെന പരിശീലനത്തിൽ/ഫോട്ടോ: വി കെ അഭിജിത്
ജെയ്‌സൺ ഫ്രാൻസിസ്
Published on Apr 21, 2025, 12:45 AM | 2 min read
കൊച്ചി : ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സിന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്തെ സിന്തറ്റിക് ട്രാക്കിൽ ഇന്ന് തുടക്കം. അത്‌ലീറ്റുകളുടെ പ്രധാന ലക്ഷ്യം അടുത്തമാസം ദക്ഷിണകൊറിയയിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്‌സിന് യോഗ്യത നേടുകയെന്നതാണ്. അവസാന അവസരമായ ഫെഡറേഷൻ കപ്പ് കഴിഞ്ഞാൽ ഉടൻ ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും.
മെയ് 27 മുതൽ കൊറിയയിലെ ഗുമിയിലാണ് ഏഷ്യൻ മീറ്റ്. യോഗ്യത നേടാൻ അത്‌ലീറ്റുകൾ വീറോടെ മത്സരിക്കുമ്പോൾ ട്രാക്കിലും ഫീൽഡിലും ആവേശം നിറയും. നാല് ദിവസത്തെ മീറ്റിൽ 38 ഇനങ്ങളിലാണ് മത്സരം. ആദ്യ ദിവസം എട്ട് ഇനങ്ങളിലെ മെഡൽ ജേതാക്കളെ നിർണയിക്കും. വേഗക്കാരെ കണ്ടെത്തുന്ന 100 മീറ്റർ ഫൈനലും നടക്കും. രാവിലെ 6.10ന് പുരുഷവിഭാഗം 10,000 മീറ്റർ ഓട്ടത്തോടെയാണ് തുടക്കം.
കേരളം രണ്ടാം തവണയാണ് ചാമ്പ്യൻഷിപ്പിന് ആതിഥേയരാകുന്നത്. 24 വരെ നടക്കുന്ന മത്സരത്തിൽ ആകെ 580 താരങ്ങളിറങ്ങും. അതിൽ മലയാളിതാരങൾ 54. സംസ്ഥാനത്തിന്റ ബാനറിൽ ഇറങ്ങുന്നത് 33 പേർ. ശേഷിക്കുന്നവർ ഇതര സംസ്ഥാനങളുടെയും ഡിപ്പാർട്മെന്റുകളുടെയും സ്ഥാപനങ്ങളുടെയും കീഴിൽ മാറ്റുരക്കുന്നു.
വേഗക്കാരെ കാത്തിരിക്കാം
വൈകിട്ട് അഞ്ചിന് വനിതാവിഭാഗം 100 മീറ്റർ ഫൈനൽ നടക്കും.തുടർന്ന് പുരുഷന്മാരുടെ ഫൈനലും. ഒഡീഷയുടെ അമിയകുമാർ മല്ലിക്ക്, അനിമേഷ് കുജുർ, അസമിന്റെ അംലൻ ബൊർഗൊഹെയ്‌ൻ, പഞ്ചാബിന്റെ ഗുരിന്ദർവിർ സിങ് എന്നിവരാണ് പുരുഷന്മാരിൽ വേഗക്കാരാകാൻ ട്രാക്കിലിറങ്ങുന്നവരിൽ പ്രമുഖർ. കേരളത്തിന്റെ സി അഭിനവും എം മനീഷുമുണ്ട്. വനിതകളിൽ തമിഴ് നാടിന്റെ അഭിനയ രാജരാജൻ, ഏഞ്ചൽ സിൽവിയ, കർണാടകയുടെ ധനേശ്വരി, സ്നേഹ എന്നിവർ തമ്മിലാകും പോരാട്ടം. കേരളത്തിന്റെ ആർദ്രയും 100 മീറ്റർ ട്രാക്കിലുണ്ട്.
കാണാം ജെനയുടെ ഏറ്
ചൈനയിലെ ഹാങ്ചൗവിൽ 2023ൽ നടന്ന ഏഷ്യൻ ഗെയിംസിൽ നീരജ് ചോപ്രയ്‌ക്ക് കടുത്തവെല്ലുവിളി ഉയർത്തി രണ്ടാമതെത്തിയ ഒഡിഷയുടെ കിഷോർ കുമാർ ജെന ഇന്നിറങ്ങും. വൈകിട്ട് നാലിനാണ് പുരുഷവിഭാഗം ജാവലിൻ ത്രോ. ജെന ഇതിനകം ഏഷ്യൻ അത്റ്റലറ്റിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്. കേരളത്തിനായി ശിവം ലോഹ്‌കരെ മത്സരിക്കും. പകൽ 2.30ന് നടക്കുന്ന വനിതകളുടെ പോൾവോൾട്ടിൽ പവിത്ര വെങ്കിടേഷിറങ്ങും. ഈ ഇനത്തിൽ കേരളത്തിന്റെ മരിയ ജെയ്‌സൻ, ഭരണിക ഇളങ്കോവൻ എന്നിവരുമുണ്ട്. 1500 മീറ്ററിൽ ഉത്തരാഖണ്ഡിന്റെ ലിലി ദാസും മാറ്റുരക്കും.
ഇന്ന് എട്ട് ഫൈനൽ
പുരുഷന്മാർ:
10,000 മീറ്റർ, ജാവലിൻത്രോ, 100 മീറ്റർ, 1500 മീറ്റർ
വനിതകൾ:
10,000 മീറ്റർ, പോൾവോൾട്ട്, 100 മീറ്റർ, 1500 മീറ്റർ.









0 comments