ഫെഡറേഷൻ കപ്പ്‌ അത്‌ലറ്റിക്‌സ് ; രണ്ടാംദിനം വെങ്കലത്തിളക്കത്തിൽ അഞ്ച് മലയാളികൾ

അത്യുന്നതങ്ങളിൽ ദേവ്‌ ; പോൾവോൾട്ടിൽ ദേവ്‌ കുമാർ മീണയ്‌ക്ക്‌ ദേശീയ റെക്കോഡ്‌

Federation Cup Athletics

പുരുഷൻമാരുടെ പോൾവോൾട്ടിൽ മധ്യപ്രദേശിന്റെ ദേവ് മീണ ദേശീയ റെക്കോഡോടെ സ്വർണം നേടുന്നു
/ഫോട്ടോ: വി കെ അഭിജിത്

avatar
ജെയ്‌സൺ ഫ്രാൻസിസ്‌

Published on Apr 23, 2025, 03:13 AM | 2 min read


കൊച്ചി : പോൾവോൾട്ടിൽ ദേശീയ ഉയരം പുതുക്കി മധ്യപ്രദേശുകാരൻ ദേവ്‌ കുമാർ മീണ. ഫെഡറേഷൻ കപ്പ്‌ അത്‌ലറ്റിക്‌സിൽ 5.35 മീറ്ററാണ്‌ ഇരുപതുകാരൻ താണ്ടിയത്‌. ദേശീയ ഗെയിംസിൽ സ്ഥാപിച്ച 5.32 മീറ്റർ മറികടന്നു. എറണാകുളം മഹാരാജാസ്‌ കോളേജ്‌ മൈതാനത്ത്‌ പോൾ കൈയിലെടുക്കുമ്പോൾ മനസ്സിലുണ്ടായിരുന്നത്‌ ഏഷ്യൻ അത്‌ലറ്റിക്‌സ്‌ യോഗ്യതക്കുള്ള 5.51 മീറ്ററായിരുന്നു.


മത്സരം ആരംഭിച്ചത്‌ 4.20 മീറ്റർ ഉയരത്തിൽ. അഞ്ച്‌ മീറ്റർമുതൽ മത്സരിക്കാൻ പരിശീലകൻ നിർദേശിച്ചു. 5.20 മീറ്ററായപ്പോൾ റെക്കോഡ്‌ സ്വന്തം. മറികടന്നത്‌ 2019ൽ തമിഴ്‌നാടിന്റെ എസ്‌ ശിവ സ്ഥാപിച്ച മീറ്റ്‌ റെക്കോഡ്‌ (5.16). തുടർന്നുള്ള ശ്രമങ്ങളിൽ 5.35 മീറ്ററിലേക്ക്‌ പറന്ന്‌ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ്‌ തിരുത്തി.


പ്രകടനത്തിൽ നിരാശനാണെന്നാണ്‌ മത്സരശേഷമുള്ള പ്രതികരണം. ഏഷ്യൻ മീറ്റിന്‌ യോഗ്യത നേടാനായില്ല. പരിക്ക്‌ ഭയന്നാണ്‌ കൂടുതൽ ഉയരത്തിന്‌ ശ്രമിക്കാതിരുന്നതെന്നും ദേവ്‌ പറഞ്ഞു. സ്‌പ്രിന്ററായിട്ടായിരുന്നു തുടക്കം. ഭോപ്പാൽ അക്കാദമി ഓഫ്‌ എക്‌സലൻസിൽ എത്തിയപ്പോൾ കളംമാറി. ക്യൂബക്കാരൻ ഏഞ്ചൽ ഗാർഷ്യ എസ്‌തെബാൻ, ഗണശ്യാം എന്നിവരാണ്‌ പരിശീലകർ.


ലോങ്‌ ജമ്പ്‌ പിറ്റിൽ തമിഴ്‌നാടിന്റെ ഡേവിഡ്‌ വമ്പൻ അട്ടിമറിയാണ്‌ നടത്തിയത്‌. എല്ലാവരുടെയും ശ്രദ്ധ ദേശീയ റെക്കോഡുകാരൻ ജെസ്വിൻ ആൽഡ്രിനിലായിരുന്നു. മലയാളിതാരം മുഹമ്മദ്‌ അനീസ്‌, എസ്‌ ആര്യ എന്നിവരുമുണ്ടായിരുന്നു. കണക്കുകൂട്ടലുകൾ തെറ്റിച്ച്‌ തമിഴ്‌നാട്‌ തൂത്തുക്കുടി സ്വദേശി പി ഡേവിഡ്‌ 7.94 മീറ്റർ ദൂരത്തിലേക്ക്‌ സ്വർണച്ചാട്ടം. ജെസ്വിൻ ആൽഡ്രിന്‌ 7.83 മീറ്റർ ദൂരം താണ്ടാനെ കഴിഞ്ഞുള്ളൂ. മുഹമ്മദ്‌ അനീസ്‌ യഹിയ 7.70 മീറ്റർ ചാടി വെങ്കലം നേടി. വിജയം പ്രതീക്ഷിച്ചതാണെന്ന്‌ ഡേവിഡ്‌ പറഞ്ഞു. 8.05 മീറ്ററാണ്‌ മികച്ച ദൂരം. ഇന്ന് ഏഴ് ഫെെനൽ നടക്കും.


രണ്ടാംദിനം വെങ്കലത്തിളക്കത്തിൽ അഞ്ച് മലയാളികൾ

ഫെഡറേഷൻ കപ്പ്‌ അത്‌ലറ്റിക്‌സിൽ വെങ്കലത്തിളക്കത്തിൽ അഞ്ച്‌ മലയാളി താരങ്ങൾ. ഹൈജമ്പിൽ ഭരത്‌രാജ്‌, 110 മീറ്റർ ഹർഡിൽസിൽ മുഹമ്മദ്‌ ലസാൻ, 400 മീറ്ററിൽ കെ സ്‌നേഹ, ടി എസ്‌ മനു, ലോങ്‌ ജമ്പിൽ മുഹമ്മദ്‌ അനീസ്‌ യഹിയ എന്നിവരാണ്‌ എന്നിവരാണ്‌ വെങ്കലം സ്വന്തമാക്കിയത്‌.


ഹൈജമ്പിൽ ബി ഭരത്‌രാജ്‌ 2.14 മീറ്റർ താണ്ടി. പത്തനംതിട്ട എടപ്പാവൂർ സ്വദേശിയാണ്‌. ഒളിമ്പ്യൻ സർവേഷ്‌ അനിൽ കുഷാരെ(2.26) സ്വർണത്തോടെ ഏഷ്യൻ മീറ്റ്‌ യോഗ്യത സ്വന്തമാക്കി.


110 മീറ്റർ ഹർഡിൽസിൽ ജെഎസ്‌ഡബ്ല്യുതാരവും മലയാളിയുമായ മുഹമ്മദ്‌ ലസാൻ 14.17 സെക്കൻഡിലാണ്‌ മൂന്നാമതെത്തിയത്‌. കോഴിക്കോട്‌ കുതിരവട്ടം സ്വദേശിയാണ്‌. വനിതകളുടെ 400 മീറ്ററിൽ കോഴിക്കോട്‌ മീഞ്ചന്ത സ്വദേശിയായ കെ സ്‌നേഹയുടെ സമയം 53.00 സെക്കൻഡ്‌. ഉത്തർപ്രദേശിന്റെ രുപാലിനാണ്‌ സ്വർണം. ഈ ഇനത്തിൽ ആറ്‌ താരങ്ങൾ ഏഷ്യൻ യോഗ്യതാ സമയം മറികടന്നു. പുരുഷന്മാരുടെ 400 മീറ്ററിൽ ടി എസ്‌ മനു മൂന്നാമനായി ഫിനിഷ്‌ ചെയ്‌തത്‌(46.39). വയനാട്‌ മീനങ്ങാടി സ്വദേശിയാണ്‌.

ലോങ്‌ജമ്പിൽ മുഹമ്മദ്‌ അനീസ്‌ യഹിയ ചാടിയത്‌ 7.70 മീറ്റർ. റിലയൻസിനായാണ്‌ ഇറങ്ങിയത്‌. വനിതകളിൽ 110 മീറ്റർ ഹർഡിൽസിൽ സൂപ്പർതാരം ജ്യോതി യാരാജി ഏഷ്യൻ അത്‌ലറ്റിക്‌സ്‌ യോഗ്യത മറികടക്കുന്ന പ്രകടനത്തോടെ 13.23 സെക്കൻഡിൽ ഒന്നാമതായി.



deshabhimani section

Related News

View More
0 comments
Sort by

Home