നാണക്കേടായി 2010 ഗെയിംസ് , അന്വേഷണവും ജയിൽവാസവും , സുരേഷ് കൽമാഡി 11 മാസം ജയിലിൽ
print edition അഴിമതിയിൽ മുങ്ങിയ ഡൽഹി കോമൺവെൽത്ത് ഗെയിംസ്

ന്യൂഡൽഹി
കോമൺവെൽത്ത് ഗെയിംസിന് ഒരിക്കൽ കൂടി ഇന്ത്യ വേദിയാകുമ്പോൾ ഓർമയിലെത്തുന്നത് 2010ൽ ആദ്യമായി ആതിഥേയത്വം വഹിച്ച ഡൽഹി ഗെയിംസാണ്. കേന്ദ്രത്തിലും ഡൽഹിയിലും കോൺഗ്രസ് സർക്കാരുകളായിരുന്നു ഭരണത്തിൽ. 2010 ഒക്‌ടോബർ മൂന്ന് മുതൽ 14 വരെ നീണ്ട ഗെയിംസ് അടിമുടി വിവാദങ്ങളിലും അഴിമതി ആരോപണങ്ങളിലും മുങ്ങി. 71 രാജ്യങ്ങളിൽ നിന്നായി 4352 താരങ്ങൾ ഗെയിംസിനെത്തി. 21 കായികഇനങ്ങളിലായി 272 മൽസരങ്ങൾ.
ഗെയിംസിന്റെ തയ്യാറെടുപ്പുകൾ പൂർണമായും പാളി. പല വേദികളുടെയും നിർമാണം ഇഴഞ്ഞുനീങ്ങിയതോടെ ഗെയിംസ് അനിശ്‌ചിതത്വത്തിലാണെന്ന് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ പ്രസിഡന്റിന് മുന്നറിയിപ്പ് നൽകേണ്ടതായി വന്നു. എല്ലാ സംഘാടകസമിതികളും അഴിച്ചുപണിയാൻ പ്രസിഡന്റ് നിർദേശിച്ചു.
തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ സുരേഷ് കൽമാഡിയുടെ നേതൃത്വത്തിൽ പുതിയ സമിതി രൂപീകരിച്ചു. തുടർന്നായിരുന്നു അഴിമതിയുടെ പെരുമഴക്കാലം.
1620 കോടി രൂപ ചെലവ് പ്രതീക്ഷിച്ച ഗെയിംസിനായി ആകെ മുടക്കിയത് 11,500 കോടി രൂപ. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഗെയിംസായി മാറി. കുടയ്‌ക്ക് ആറായിരം രൂപ, ടോയ്‌ലെറ്റ് പേപ്പർ റോളിന് നാലായിരം രൂപ എന്നിങ്ങനെയായിരുന്നു ചെലവുകണക്കുകൾ. സ്വിസ് ടൈം കമ്പനിക്ക് കരാർ നൽകിയതിൽ 90 കോടിയുടെ നഷ്ടം സംഭവിച്ചു.
വിവാദങ്ങൾ കത്തിപടർന്നതോടെ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്വേഷണം പ്രഖ്യാപിച്ചു. കൽമാഡി 11 മാസം ജയിലിൽ കടന്നു. എന്നാൽ തുടർന്നെത്തിയ ബിജെപി സർക്കാർ അന്വേഷണം അട്ടിമറിച്ചു. എല്ലാ കേസുകളും ദുർബലപ്പെട്ടു. ഇൗ വർഷം ഇഡി കൽമാഡിയെയും കുറ്റവിമുക്തനാക്കി. എന്തായാലും ഡൽഹി ഗെയിംസ് ഓർമകളിലേക്ക് എത്തിക്കുന്നത് അഴിമതിക്കഥകൾ തന്നെയാണ്.









0 comments