Deshabhimani

ലോക അത്‌ലറ്റിക്‌സ്‌ 
കോണ്ടിനെന്റൽ ടൂറിൽ സ്വർണം

പറളിയുടെ അഫ്‌സൽ 
രാജ്യത്തിന്റെ അഭിമാനം

Continental Tour Athletics 2025
avatar
ജിജോ ജോർജ്‌

Published on Aug 13, 2025, 12:45 AM | 2 min read


​മലപ്പുറം

പാലക്കാട്ടെ പറളി സ്‌കൂൾമുറ്റത്തുനിന്ന്‌ പറന്നുതുടങ്ങിയ പി മുഹമ്മദ്‌ അഫ്‌സൽ രാജ്യത്തെ ഏറ്റവും മികച്ച മധ്യദൂര അത്‌ലീറ്റാണ്‌. 800 മീറ്റർ ഓട്ടത്തിലെ ദേശീയ റെക്കോഡുകാരൻ. ഒരുമിനിറ്റ്‌ 45 സെക്കൻഡിൽ ഇ‍ൗ ദൂരം പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം. ഇ‍ൗ വർഷം രണ്ടുതവണ ദേശീയ റെക്കോഡ്‌ തകർത്തു. ഒടുവിൽ ഭുവനേശ്വറിൽ നടന്ന ലോക അത്‌ലറ്റിക്‌സ്‌ കോണ്ടിനെന്റൽ ടൂറിലും സ്വർണം നേടി.


ദുബായിൽ നടന്ന യുഎഇ ഗ്രാൻപ്രിലായിരുന്നു ആദ്യം ദേശീയ റെക്കോഡ്‌ മറികടന്നത്‌ (ഒരുമിനിറ്റ്‌ 45.61 സെക്കൻഡ്‌). ജിൻസൺ ജോൺസൺ കുറിച്ച ഒരുമിനിറ്റ്‌ 45.65 സെക്കൻഡാണ്‌ മായ്‌ച്ചത്‌. തുടർന്ന്‌ പോളണ്ടിൽ നടന്ന കോണ്ടിനെന്റൽ ടൂർ അത്‌ലറ്റിക്‌സ്‌ സിൽവർ ലെവൽ മത്സരത്തിൽ ഒരുമിനിറ്റ്‌ 44.93 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി ചരിത്രംകുറിച്ചു. 800 മീറ്റർ ഒരുമിനിറ്റ്‌ 45 സെക്കൻഡിൽ താഴെ ഓടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതി സ്വന്തമാക്കി.


ചെന്നൈയിൽ 20ന്‌ ആരംഭിക്കുന്ന ഇന്റർ സ്‌റ്റേറ്റ്‌ മീറ്റിൽ ഒരുമിനിറ്റ്‌ 44.50 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി ലോക അത്‌ലറ്റിക്‌ മീറ്റിന്‌ യോഗ്യതനേടുകയാണ്‌ ലക്ഷ്യം. അതില്ലെങ്കിൽ റാങ്കിങ്‌ പട്ടിക വരുന്നതുവരെ കാത്തിരിക്കണം. സീനിയർ ഓപ്പൺ നാഷണൽസ്‌, സർവീസസ്‌ മീറ്റ്‌ തുടങ്ങിയവയും വരാനുണ്ട്‌. നിലവിൽ റിലയൻസ്‌ ഫ‍ൗണ്ടേഷനാണ്‌ സ്‌പോൺസർ.


ബംഗളൂരു എയർഫോഴ്‌സിൽ ജൂനിയർ വാറന്റ്‌ ഓഫീസറായ അഫ്‌സൽ 2021മുതൽ അജിത്‌ മാർക്കോസിന്‌ കീഴിലാണ്‌ പരിശീലനം. പറളി സ്‌കൂളിലെ കായികാധ്യാപകനായ പി ജി മനോജിന്റെ ശിഷ്യനായി വളർന്ന അഫ്‌സൽ സംസ്ഥാന–ദേശീയ സ്‌കൂൾ കായികമേളകളിലെ സൂപ്പർ താരമായിരുന്നു.


പാലക്കാട്‌ ഒറ്റപ്പാലത്തിനടുത്ത്‌ പാലപ്പുറം സ്വദേശിയാണ്‌ ഇരുപത്തിയൊമ്പതുകാരൻ. കഴിഞ്ഞമാസമാണ്‌ ചാവക്കാട് വടക്കേക്കാട് സ്വദേശി ഫാത്തിമത്ത്‌ ന‍ൗറീനയെ വിവാഹംചെയ്‌തത്‌.


afsal


മുഹമ്മദ്‌ അഫ്‌സലിന്റെ 
2025ലെ പ്രകടനം

2025 ഫെബ്രുവരി 11 ദേശീയ ഗെയിംസ്‌ ഡെറാഡൂൺ ഒരുമിനിറ്റ്‌ 49.13 സെക്കൻഡ്‌

2025 മാർച്ച്‌ 28 
ഇന്ത്യൻ ഗ്രാൻപ്രി ബംഗളൂരു 
ഒരുമിനിറ്റ്‌ 47.09 സെക്കൻഡ്‌

2025 ഏപ്രിൽ 24 
ഫെഡറേഷൻ കപ്പ്‌ കൊച്ചി 
ഒരുമിനിറ്റ്‌ 46.80 സെക്കൻഡ്‌

2025 മെയ്‌ ഒമ്പത്‌ 
യുഎഇ ഗ്രാൻപ്രി ദുബായ്‌ 
ഒരുമിനിറ്റ്‌ 45.61 സെക്കൻഡ്‌

2025 ജൂലൈ രണ്ട്‌ 
കോണ്ടിനെന്റൽ ടൂർ ചെക്ക്‌ റിപ്പബ്ലിക്‌ ഒരുമിനിറ്റ്‌ 47.01 സെക്കൻഡ്‌

2025 ജൂലൈ അഞ്ച്‌ 
കോണ്ടിനെന്റൽ ടൂർ പോളണ്ട്‌ 
ഒരുമിനിറ്റ്‌ 44.93 സെക്കൻഡ്‌

2025 ആഗസ്‌ത്‌ 10 
കോണ്ടിനെന്റൽ ടൂർ ഭുവനേശ്വർ 
ഒരുമിനിറ്റ്‌ 46.60 സെക്കൻഡ്‌




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home