ചെറുമീൻ കടത്ത് വ്യാപകം; 4മാസത്തിനകം കടത്തിയത് 6000 ലോഡിലധികം

പ്രതീകാത്മകചിത്രം
സ്വന്തം ലേഖിക
Published on Oct 03, 2026, 07:26 AM | 1 min read
കൊല്ലം : മത്സ്യസമ്പത്തിന്റെ നാശത്തിനിടയാക്കി ചെറുമീൻ പിടിത്തം വ്യാപകം. ഭരണമാറ്റശേഷം നാലുമാസത്തിനകം കേരളത്തിൽനിന്ന് കടത്തിയത് ചെറുചാള ഉൾപ്പെടെ 6000ലോഡിൽ അധികം (ഒരു ലോഡ്- പത്ത് ടൺ) ചെറുമീനുകൾ. സംസ്ഥാനത്തെ മത്സ്യോൽപ്പാദനത്തിന്റെ 60ശതമാനവും നടക്കുന്ന ജൂണിൽ തുടങ്ങി സെപ്തംബർ വരെയുള്ള സമയത്താണിത്. സംസ്ഥാനത്ത് ഹാർബറുകൾ കേന്ദ്രീകരിച്ച് വളം ലോബിയുടെ അനധികൃത ഇടപെടലാണ് ഇതിനുപിന്നിൽ. നിയമലംഘനം ആവർത്തിച്ചിട്ടും ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.
പൂർണ വളർച്ചയെത്തി മത്സ്യമേഖലയ്ക്ക് കരുത്താകേണ്ട മീൻ, പ്രോട്ടീൻ, കോഴി– പക്ഷി തീറ്റകൾ, വളം, മത്സ്യഎണ്ണ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ ഉൽപ്പാദിപ്പിക്കാനായി മംഗലാപുരം, തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെ വൻകിട കമ്പനികളിലേക്കാണ് കൊണ്ടുപോകുന്നത്. പ്രജനന പ്രായമെത്തും മുമ്പുതന്നെ ചെറുമീനുകളെയും ഭക്ഷ്യയോഗ്യമല്ലാത്തവയെയും ടൺ കണക്കിന് കടത്തുന്നത് കടലിലെ പുനരുൽപ്പാദനശേഷിയെ ബാധിക്കുമെന്നും രണ്ട് വർഷത്തിനുള്ളിൽ രൂക്ഷമായ മത്സ്യക്ഷാമത്തിന് ഇടയാക്കുമെന്നും ശാസ്‌ത്രസമൂഹവും മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഉന്നത രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് നിയമലംഘനത്തിൽ ഇടപെടേണ്ടെന്ന് ഉദ്യോഗസ്ഥർക്ക് വാക്കാൽ നിർദേശം നൽകിയതായാണ് സൂചന.
അധികൃതരുടെ മൗനാനുവാദത്തോടെ കണ്ണിയടുപ്പമുള്ള ഇരട്ടവല, പെലാജിക് വല എന്നിവ അടക്കമുള്ളവ ഉപയോഗിച്ച് കടൽ അടിത്തട്ട് കോരിയെടുക്കുകയാണ്. കേരളത്തിലുള്ള ചില ബോട്ടുകൾക്ക് പുറമെ തമിഴ്‌നാട്, മംഗലാപുരം, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള ബോട്ടുകളും ഇതിനായി രംഗത്തുണ്ട്.
ചാളയിൽനിന്ന് പ്രോട്ടീൻ
ഒമേഗാ 3 ഫാറ്റി ആസിഡിനാൽ സമ്പന്നമായ ചാളകൾ കടത്തുന്നത് പ്രോട്ടീൻ ഉൽപ്പാദനത്തിനും വളത്തിനും. ലിറ്ററിന് ലക്ഷങ്ങൾ വിലയുള്ള അത്യപൂർവ പ്രോട്ടീൻ ഉൽപ്പാദനത്തിനാണ് ചെറുചാളകൾ കൂട്ടത്തോടെ കൊണ്ടുപോകുന്നത്. മത്സ്യസമ്പത്ത് സംരക്ഷിക്കാനായി കേരള സമുദ്രമത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം 10സെന്റിമീറ്ററിൽ താഴെ വലുപ്പമുള്ള ചാള പിടിക്കരുതെന്നാണ്. വലുപ്പം കുറഞ്ഞ ചാളയിൽ നിലവിൽ നെയ്യുള്ളതിനാൽ വൻകിട കന്പനികളുടെ പ്രതിനിധികൾ ഹാർബറുകളിൽ വട്ടമിട്ട് പറക്കുകയാണ്. പ്രോട്ടീൻ ഉൽപ്പാദനശേഷമുള്ള ഭാഗങ്ങൾ വളത്തിനായും മാറ്റുന്നതിനാൽ കുറഞ്ഞ നിരക്കിൽ ലോബികൾക്ക് ലഭിക്കുന്നത് ഇരട്ടിലാഭം.









0 comments