ഏഷ്യൻ ഗെയിംസ്: എയ്തു വീഴ്ത്തി, അമ്പെയ്ത്തിൽ കുങ്കും മൊഹോദിന് സ്വർണം

കുങ്കും മൊഹോദ്| Photo:X
നഗോയ : ഏഷ്യൻ ഗെയിംസിൽ ചരിത്ര സ്വർണം സ്വന്തമാക്കി ഇന്ത്യയുടെ 17കാരി കുങ്കും മൊഹോദ്. വനിതകളുടെ റികർവ് വ്യക്തിഗത അമ്പെയ്ത്തിൽ ദക്ഷിണ കൊറിയയുടെ ഓ യെ-ജിനെ 6–5ന് തോൽപ്പിച്ചാണ് കുങ്കും സ്വർണം നേടിയത്.
ഷൂട്ടൗട്ടിലാണ് കുങ്കും വിജയം ഉറപ്പിച്ചത്. ഓ യെ-ജിൻ എട്ട് പോയിന്റ് നേടിയപ്പോൾ കുങ്കും പത്ത് പോയിന്റ് നേടി. ഇതോടെ സ്വർണം ഇന്ത്യയുടെ പേരിലായി.
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വ്യക്തിഗത റികർവ് അമ്പെയ്ത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി കുങ്കും ചരിത്രം കുറിച്ചു. 17ാം വയസ്സിലാണ് താരത്തിന്റെ ഈ നേട്ടം.
കുങ്കുമിന്റെ സുവർണയാത്ര ക്വാർട്ടർ ഫൈനലിൽ ലോക ചാമ്പ്യൻ ദക്ഷിണ കൊറിയയുടെ കാങ് ചെ-യങിനെ 6–4ന് തോൽപ്പിച്ചാണ് തുടങ്ങിയത്. സെമിഫൈനലിൽ ലോക രണ്ടാം നമ്പറും ലോക മെഡൽ ജേതാവുമായ ചൈനയുടെ സു ജിംഗ്യിയെ 6–2ന് കീഴടക്കി ഫൈനലിലെത്തി.
വനിതകളുടെ റികർവ് വ്യക്തിഗത ഇനത്തിന് പുറമെ റികർവ് ടീം ഇനത്തിലും കുങ്കും സ്വർണം നേടിയിട്ടുണ്ട്. മിക്സഡ് ടീം റികർവിൽ വെള്ളിയും സ്വന്തമാക്കി. ഇതോടെ ഏഷ്യൻ ഗെയിംസിൽ കുങ്കുമിന്റെ മെഡൽ നേട്ടം രണ്ട് സ്വർണവും ഒരു വെള്ളിയുമായി.
ഫൈനലിലെത്തിയതോടെ തന്നെ കുങ്കും 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിനുള്ള ഇന്ത്യയുടെ ഒരു വ്യക്തിഗത ക്വോട്ടാ സ്ഥാനം ഉറപ്പാക്കിയിരുന്നു. സ്വർണം നേടിയതോടെ ഏഷ്യൻ ഗെയിംസിലെ വ്യക്തിഗത റികർവ് ഇനത്തിൽ ഇന്ത്യയുടെ നേട്ടത്തിന് കുങ്കും പുതിയ അധ്യായമെഴുതി.








0 comments