Deshabhimani

​ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ‘ചലോ ഡൽഹി’; 10ന് ജന്തർ മന്തറിൽ പ്രക്ഷോഭമെന്ന് അഭിജീത് ദീപ്കെ

Abhijeet Dipke
വെബ് ഡെസ്ക്

Published on Oct 03, 2026, 08:20 AM | 1 min read

ന്യൂഡൽഹി : രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അപകടാവസ്ഥയിലാക്കിയ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവച്ചില്ലെങ്കിൽ ഒക്ടോബർ 10ന് ഡൽഹി ജന്തർ മന്തറിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് ‘ചലോ ഡൽഹി’ ആഹ്വാനം. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്നവരെല്ലാം സമരത്തിൽ പങ്കെടുക്കണമെന്നും ദിപ്കെ പറഞ്ഞു.


രാജ്യത്തുടനീളമുള്ള യുവജനങ്ങൾ ജന്തർ മന്തറിലേക്കെത്തുമെന്നും ഡൽഹി പൊലീസ് തടയാൻ ശ്രമിച്ചാൽ, അവർ ഞങ്ങളെ എവിടെ തടയുന്നുവോ അവിടം ജന്തർ മന്തറായി മാറുമെന്നും ദീപ്കെ എക്സിൽ കുറിച്ചു.


ഞങ്ങളുടേത് സമാധാനപരമായ സമരമായിരിക്കും. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തെ മാനിക്കണോ, അതോ ജൂലൈ 20-ന് കണ്ട ക്രൂരത ആവർത്തിക്കണോ എന്നത് സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും തീരുമാനമാണ്. ഇത് നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന ഓരോ പൗരനും ഇതിൽ പങ്കുചേരണം- ദീപ്കെ കുറിച്ചു.


മുംബൈ ശിവജി പാർക്കിൽ കഴിഞ്ഞ ദിവസം സിജെപിയുടെ നേതൃത്വത്തിൽ ജയിൽ നിറയ്ക്കൽ സമരം സംഘടിപ്പിച്ചിരുന്നു. ഡൽഹിയിൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലും പ്രതിഷേധം ശക്തമാക്കിയിരുന്നു. ഗ്യാനേഷ് കുമാറിന്റെ രാജി, 2025ലെ വോട്ടർ പട്ടികകൾ മരവിപ്പിക്കൽ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമം റദ്ദാക്കൽ എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.


ശിവാജി പാർക്കിലെ പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുത്തു. എസ്എഫ്ഐ, എഐഎസ്എഫ് പ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരായ നസറുദ്ദീൻ ഷാ, ഷബാന ആസ്മി, വിശാൽ ഭരദ്വാജ്, ഹൻസൽ മേത്ത, വിശാൽ ദദ്‌ലാനി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home