Deshabhimani

പ്രതിസന്ധി രൂക്ഷം; പനി ബാധിതർ വർധിക്കുമ്പോഴും മരുന്നുക്ഷാമത്തിന് പരിഹാരമില്ല

Medicine Shortage .JPG
വെബ് ഡെസ്ക്

Published on Oct 03, 2026, 09:06 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിലെത്തുന്നവരുടെ എണ്ണ വർധിക്കുമ്പോഴും കടുത്ത മരുന്ന് ക്ഷാമത്തിന് ഇതുവരെ പരിഹാരമൊന്നുമായില്ല. ഇന്നലെ മാത്രം സംസ്ഥാനത്ത് 6,689 പേർക്ക് വൈറൽ പനി സ്ഥിരീകരിച്ചിട്ടുള്ളത്.


ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. 1,423 പേരാണ് ഇന്നലെ ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടിയത്. തിരവനന്തപുരം, പാലക്കാട്, കാസർകോട് ജില്ലകളിലും പനി ബാധിതരുടെ എണ്ണം കൂടുകയാണ്. വൈറൽ പനിക്ക് പുറമെ, എലിപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വർധിക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ മാത്രം 236 പേര്‍ക്ക് ഡെങ്കിപ്പനിയും 56 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.


കോഴിക്കോട് ജില്ലയിൽ അഞ്ചാംപനിയും വർധിക്കുകയാണ്. സെപ്തംബറിൽ 83 പേർക്കാണ് അഞ്ചാംപനി സ്ഥിരീകരിച്ചത്. ആറുമാസം മുതൽ അഞ്ചുവയസ്സ് വരെയുള്ള കുട്ടികളിലാണ് കൂടുതലായും രോഗം കണ്ടുവരുന്നത്. ചില മേഖലകളിൽ മുതിര്‍ന്നവരിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് ഇന്നലെ പനിബാധിച്ച് പതിമൂന്നുകാരി മരിച്ചിരുന്നു.


പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരെ മരുന്ന് ക്ഷാമം സാരമായി ബാധിക്കുന്നുണ്ട്. മരുന്ന് ക്ഷാമം ഇല്ലാതാക്കുന്നതിന് ശാശ്വതമായ പരി​ഹാരമൊന്നും ആരോ​ഗ്യ വകുപ്പിന്റെ ഭാ​ഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഈ പ്രതിസന്ധിക്ക് സർക്കാർ കാര്യക്ഷമമായ നടപടികളൊന്നും മുന്നോട്ടുവച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സ്റ്റോക്ക് എത്തിക്കാനുള്ള നടപടിയും വൈകുകയാണ്. ഇത്രയൊക്കെ പ്രതിസന്ധി നേരിടുമ്പോഴും മരുന്ന് കിട്ടാതെ ജനങ്ങൾ നെട്ടോട്ടമോടുമ്പോഴും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ ന്യായീകരണം. അലോപ്പതിക്കു പുറമെ ഹോമിയോ, ആയുർവേദ മരുന്നുകളുടെ വിതരണവും പ്രതിസന്ധിയിലാണ്‌.


മരുന്നുക്ഷാമം രൂക്ഷമാകുമ്പോഴും മൂന്ന്‌ പൊതുമേഖല മരുന്നു നിർമാണ - വിതരണ സ്ഥാപനങ്ങളുടെ തലപ്പത്ത്‌ ഇതുവരെ ചുമതലക്കാരെ നിയമിച്ചിട്ടില്ല സർക്കാർ. കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ ലിമിറ്റഡ്‌ (കെഎംഎസ്‌സിഎൽ), ഹോമിയോ മരുന്നു നിർമാണ സ്ഥാപനമായ ഹോംകോ, ആയുർവേദ മരുന്ന് നിർമാണ സ്ഥാപനമായ ഔഷധി എന്നിവയിലാണ്‌ സർക്കാർ സ്ഥിരം എംഡിയെ നിയമിക്കാത്തത്‌. മരുന്ന് ക്ഷാമത്തിനൊപ്പം താൽക്കാലിക ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നയപരമായ തീരുമാനമെടുക്കാൻ സാധിക്കാത്തത് മരുന്നു വിതരണത്തെ ബാധിച്ചിട്ടുണ്ട്‌. അതേസമയം, മരുന്നുക്ഷാമത്തിൽ വീഴ്‌ച മറയ്ക്കാനായി ഉത്തരവാദിത്തം മുഴുവൻ സ്ഥാപന മേധാവികളുടെ തലയിലിട്ട് സർക്കാർ കൈയൊഴിയുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home